Connect with us

Ongoing News

എ കെ ജി സെന്ററില്‍ വ്യാജ ബോംബ് ഭീഷണി

Published

|

Last Updated

തിരുവനന്തപുരം: സി പി എമ്മിന്റെ ആസ്ഥാനമായ എ കെ ജി സെന്ററില്‍ വ്യാജ ബോംബ് ഭീഷണി. ഇന്നലെ പുലര്‍ച്ചെ 4.08 നും 4.21 നുമിടെ രണ്ട് തവണയാണ് എ കെ ജി സെന്ററിലെ ലാന്‍ഡ് ഫോണില്‍ ഇന്റര്‍നെറ്റ് വഴിയുള്ള ഭീഷണി ഫോണ്‍സന്ദേശം എത്തിയത്. എ കെ ജി സെന്റര്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. നേതാക്കളെ ജീവഹാനി വരുത്തുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവരെ വധിക്കുമെന്നായിരുന്നു അജ്ഞാതന്റെ ഭീഷണി. ഫോണ്‍ കോള്‍ സ്വീകരിച്ച ജീവനക്കാരനെ അസഭ്യം പറഞ്ഞുകൊണ്ടാണ് സംസാരം തുടങ്ങിയത്. “കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ട്, പത്ത് മിനുട്ടിനകം പൊട്ടിത്തെറിക്കും, ജീവന്‍ വേണമെങ്കില്‍ രക്ഷപ്പെട്ടോളണം” എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്നും ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തെ സംസാരഭാഷയിലായിരുന്നു ഭീഷണി.

തൊട്ടുപിന്നാലെ വീണ്ടും വിളിച്ച അജ്ഞാതന്‍ ഹിന്ദിയിലാണ് സംസാരിച്ചത്. അതോടെ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ എ കെ ജി സെന്ററിലെത്തി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവ എത്തി എ കെ ജി സെന്ററും പരിസരവും വിശദമായി പരിശോധിച്ചു. എ കെ ജി സെന്ററില്‍ ഫോണില്‍ കോളര്‍ ഐ ഡി ഉണ്ടായിരുന്നതിനാല്‍ വിളിച്ചത് ഇന്റര്‍നെറ്റ് വഴിയാണെന്ന് വ്യക്തമായിട്ടുണ്ട്.
ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി സന്ദേശം എത്തിയത് നെറ്റ് ഫോണില്‍ നിന്നാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്റര്‍പോളിന്റെ സഹായത്തോടെ സര്‍വീസ് പ്രൊവൈഡറുടെ കോഡും ഗേറ്റ് വേയും കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് പറഞ്ഞു.

Latest