Connect with us

Wayanad

കല്ല്‌മൊട്ടകുന്നില്‍ കുരങ്ങ് ശല്യം രൂക്ഷം: കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു

Published

|

Last Updated

മാനന്തവാടി: രൂക്ഷമായ കുരങ്ങ് ശല്യം കാരണം മാനന്തവാടി പഞ്ചായത്തിലെ കല്ല്‌മൊട്ടാംകുന്ന് പ്രദേശത്തെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. ഭൂരിഭാഗം പേരും കൃഷിയാണ് ഇവിടങ്ങളില്‍ ഉപജീവനമാര്‍ഗ്ഗമായി കണ്ടെത്തിയിരുന്നത്.
എന്നാല്‍ കുരങ്ങ് ശല്യം രൂക്ഷമായതോടെ ഇവര്‍ കൃഷി ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായി തീര്‍ന്നിരിക്കുകയാണ്. പ്രദേശത്തെ ഏക്കര്‍കണക്കിന് സ്ഥലത്തെ വാഴ, കപ്പ, പച്ചക്കറികള്‍ എന്നിവയെല്ലാം കൂട്ടത്തോടെയെത്തുന്ന വാനരപ്പട നശിപ്പിക്കുന്നത്. ഇതിന് പുറമേ തെങ്ങ്, കവുങ്ങ് എന്നിവയുടെ പൂകുലകള്‍ നശിപ്പിക്കുന്നത് കാരണം തേങ്ങയും അടക്കയും ലഭിക്കാത്ത അവസ്ഥയുമാണ്്.
കുരങ്ങ് വാഴ നശിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ കനത്ത നഷ്ടം സംഭവിച്ച അച്ചാനികാട്ടില്‍ ജോര്‍ജ്ജ് ഇപ്പോള്‍ 50 സെന്റ് സ്ഥലമാണ് ഇപ്പോള്‍ കൃഷിചെയ്യാതെ വെറുതെ ഇട്ടിരിക്കുന്നത്. നെല്ല് കൃഷിയുടെ സ്ഥിതിയും മറിച്ചല്ല. നെല്ല് കതിരായി തുടങ്ങുമ്പോള്‍ കുരങ്ങുകളെത്തി ഇവയും നശിപ്പിച്ച് കളയുകയാണ്.
കരിക്കാമുള്ളയില്‍ ജെയിംസ്, ആരിശ്ശേരി ബിനു, താണാട്ട്കുടി മത്തായി, ഇരുമല ജേക്കബ്, എക്കണ്ടി ആഷിക് എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴ, കപ്പ, മഞ്ഞള്‍ വ്യാപകമായി കുരങ്ങുകള്‍ നശിപ്പിച്ചിരിക്കുകയാണ്. വീട്ട് പരിസരത്തെ പച്ചക്കറികള്‍, പഴ വര്‍ഗ്ഗങ്ങള്‍ എന്നിവ നശിപ്പിക്കുന്നതിന് പുറമേ വീടുകളിലെ മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കി മാറ്റുന്നതും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
കുരങ്ങ് ശല്യം കാരണം പപ്പായ മരങ്ങള്‍ ഇല്ലാത്ത പ്രദേശം കൂടിയായി മാറിയിരിക്കുകയാണ് കല്ല്‌മൊട്ടാംകുന്ന്.
കുരങ്ങ് ശല്യത്തിന് അറുതി വരുത്തണ ആവശ്യത്തിലാണ് പ്രദേശവാസികള്‍.