Connect with us

Wayanad

ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ മോദി ശ്രമിക്കുന്നു - അഡ്വ. വി എസ് ജോയി

Published

|

Last Updated

കല്‍പ്പറ്റ: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എസ്.ജോയി പറഞ്ഞു.
ലഹരിവിമുക്ത അക്രമരഹിത ക്യാമ്പസ് എന്ന സന്ദേശവുമായി കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തുന്ന യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ പ്രസിഡന്റ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മേഖലയിലെ പല ഉന്നത സ്ഥാനങ്ങളിലും ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളെ തിരുകി കയറ്റുന്നത്. മെറിറ്റ് മാനദണ്ഡത്തിലാവണം ഇത്തരം സ്ഥാനങ്ങളിലേക്കുള്ള നിയമനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ പേര് തെറ്റായി ഉച്ചരിച്ച മോദി പൊതുസമൂഹത്തോട് മാപ്പ് പറയണം. ശശി തരൂരിന്റെ പ്രസ്താവന പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന രീതിയിലായിപ്പോയെന്നും ഇതിന് വിശദീകരണം നല്‍കാന്‍ തരൂര്‍ തയ്യാറാകണമെന്നും വി.എസ്.ജോയി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ വിലയില്‍ വിജയിച്ച തരൂരിനെതിരെ നേതൃത്വം നടപടി സ്വീകരിക്കണം. എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം നേതൃത്വം തയ്യാറാകണം. കഴിഞ്ഞ ദിവസം എറണാകുളം മഹാരാജാസ് കോളജിലെ കെ.എസ്.യു നേതാവ് ഹബീബുള്‍ റഹ്മാനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂര മര്‍ദനത്തിനിരയാക്കിയിരുന്നു.
ഇദ്ദേഹവും സുഹൃത്തും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ മരണത്തോട് മല്ലടിച്ചു കഴിയുകയാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ കാമ്പസുകളിലും കരിദിനം ആചരിക്കും. വിദ്യാര്‍ഥി രാഷ്ട്രീയത്തെ രക്ഷിതാക്കള്‍ എതിര്‍ക്കാന്‍ കാരണം ഇത്തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. ആശയത്തെ ആശയപരമായി നേരിടാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ അക്രമത്തിലൂടെയല്ലെന്നും ജോയി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ജയലളിതയുടെ ഗതിയാവുമെന്ന വി.എസിന്റെ പ്രസ്താവന അപക്വമാണ്. വി.എസിന്റെ മകന്‍ അരുണ്‍കുമാറിനാണ് ജയലളിതയുടെ ഗതി വരാന്‍ പോകുന്നത്. വയനാട്ടിലെ എം.എസ്.എഫ്, കെ.എസ്.യു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന ജില്ലാ നേതാക്കളായ അഡ്വ.എ.എം.രോഹിത്, എ.ഐ.മുഹമ്മദ് അഷ്‌റഫ്, അഭിലാഷ് ചിതറ, ജഷീള്‍ പള്ളിവയല്‍, ലിജോ ജോസ് എന്നിവരും സംസ്ഥാന പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.

Latest