Connect with us

International

യമനില്‍ ചാവേര്‍ ആക്രമണം: 50ലധികം പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയിലുണ്ടായ ചാവേര്‍ ആക്രമണത്തിലും കിഴക്കന്‍ ഹദര്‍മൗത്തില്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ മറ്റു രണ്ട് ആക്രമണങ്ങളിലുമായി ചുരുങ്ങിയത് 50 പേരെങ്കിലും കൊല്ലപ്പെട്ടു. സന്‍ആയിലെ തഹ്‌രീര്‍ ചത്വരത്തിലാണ് ചാവേര്‍ ആക്രമണം നടത്തിയത്. ചാവേര്‍ ബോംബ് സ്‌ഫോടനനത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് 20 മൃതദേഹങ്ങളെങ്കിലും കണ്ടെടുക്കാനായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹൂത്തി വിമതരുടെ സംഘത്തിനെതിരെയാണ് ചാവേര്‍ ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു. സന്‍ആയില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയായിരുന്നു ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അല്‍ ഖാഇദയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നുണ്ടെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കിഴക്കന്‍ ഹദറമൗത്തില്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ മറ്റു രണ്ട് ആക്രമണങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. അല്‍ മുഖല്ല സൈനിക കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ 20ലധികം സൈനികര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. യമന്‍ പ്രധാനമന്ത്രിയായി അഹ്മദ് അവാദ് ബിന്‍ മുബാറക് സ്ഥാനമേറ്റെടുക്കാന്‍ വിസമ്മതിച്ച് ഒരു ദിവസം കഴിയുമ്പോഴാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നത്. ഹൂത്തി വിമതര്‍ ഇദ്ദേഹത്തിനെതിരെ ശക്തമായ വിമര്‍ശമുന്നയിച്ചിരുന്നു.
തങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ അധികാരം നല്‍കണമെന്നും രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നും ഹൂത്തി വിമതര്‍ ശക്തമായി ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് രാജ്യ തലസ്ഥാനമായ സന്‍ആയില്‍ ഇവര്‍ തമ്പടിച്ചിരിക്കുകയാണ്. അല്‍ഖാഇദക്കെതിരെ അമേരിക്കയോടൊപ്പം ശക്തമായ ആക്രമണങ്ങള്‍ നടത്തുന്ന രാജ്യമാണ് യമന്‍. യമനില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ പാശ്ചാത്യന്‍ രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളും ആശങ്കയിലാണ്. ഇവിടുത്തെ അസ്ഥിരത തീവ്രവാദ സംഘടനകള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുമെന്ന് അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും ഭയപ്പെടുന്നു.

Latest