Connect with us

Articles

മുഖസ്തുതിക്കും മുറിപ്പെടുത്തലിനുമപ്പുറം

Published

|

Last Updated

മുഖസ്തുതിക്കും മുറിപ്പെടുത്തലിനുമിടയില്‍ നിലച്ചുനിന്നുപോയോ നമ്മുടെ വര്‍ത്തമാനങ്ങള്‍? ഒന്നുകില്‍ രാജസദസ്സിലെ വിദൂഷകരെ ഓര്‍മിപ്പിക്കുന്ന പുകഴ്ത്തലുകള്‍. അല്ലെങ്കില്‍ ഒരു ജന്മകാലത്തെ പ്രജ്ഞയാകെ നശിപ്പിക്കുന്ന കൂരമ്പുകള്‍.
മുഖസ്തുതി പറയുന്നവന്റെ മുഖത്ത് മണ്ണ് വാരിയിടണമെന്ന് തിരുനബി(സ) പറഞ്ഞിട്ടുണ്ട്. എന്താകാം അത്ര ഗൗരവത്തില്‍ നബിയതിനെ കാണാന്‍ കാരണം? മുഖസ്തുതി സത്യസന്ധമല്ല. വ്യാജമായ ഒരു പ്രസ്താവനയാണ് അത്. മുഖസ്തുതിക്ക് ഇരയാക്കപ്പെടുന്നവനെ അത് വഴി തെറ്റിക്കുന്നു. തന്നില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ വാസ്തവമാണെന്ന് ആ സാധു കരുതുന്നു. പിന്നെ അതിനനുസരിച്ചായിരിക്കും അവന്റെ നടപ്പും നില്‍പ്പുമെല്ലാം. അതോടെ സമൂഹത്തില്‍ അയാള്‍ പരിഹാസ്യനാകുന്നു. മാത്രമോ അവന്റെ ജീവിതം തന്നെ അഭിനയമാകുന്നു. എത്രയെത്ര പ്രതിഭകളെ മുഖസ്തുതിയും പരിധി വിട്ട പുകഴ്ത്തലുകളും “കൊന്നി”ട്ടുണ്ട്. കുരുന്നു പ്രതിഭകളില്‍ പലരും ഇങ്ങനെ വഴിതെറ്റിയത് ഒരുപാടുണ്ട്.
തന്നെക്കുറിച്ച് മുഖസ്തുതി പറയുകയാണെന്നും അത് ചില ലക്ഷ്യങ്ങള്‍ വെച്ചാണെന്നും തിരിച്ചറിയാന്‍ പലര്‍ക്കും കഴിയും. എന്നാലും അത് എങ്ങനെ ആ ദ്രോഹം ചെയ്യുന്നവനെ ബോധ്യപ്പെടുത്തുമെന്ന് അറിയാതെ കുടുങ്ങും. “താന്‍ അത്തരക്കാരനല്ലെ”ന്ന് സൗമ്യമായി തന്നെ അവനെ ബോധ്യപ്പെടുത്താന്‍ കഴിയുമോ? എങ്കില്‍ മുഖസ്തുതിക്കാരന്‍ ജാള്യനാകും.
അല്‍പ്പം ശ്രദ്ധ കൊടുത്താല്‍ ആര്‍ക്കും തിരിച്ചറിയാവുന്നതേയുള്ളൂ മുഖസ്തുതി. എന്നാലും കേള്‍ക്കുന്നതിനനുസരിച്ച് “പൊങ്ങിപ്പോകാ”തിരിക്കാനുള്ള ജാഗ്രത ഇക്കാലത്ത് എപ്പോഴും ഉണ്ടായിരിക്കേണ്ടതുണ്ട്. അതേസമയം, ഗുണകാംക്ഷയോടെയുള്ള പ്രോത്സാഹനത്തെ മുഖസ്തുതിയായി തെറ്റിദ്ധരിക്കുന്നത് അപരാധവുമായിപ്പോകും. പക്വമായ പെരുമാറ്റവും ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത ഏറെയാണ്.
വളഞ്ഞ വഴിയിലൂടെയുള്ള കാര്യസാധ്യത്തിനാണ് പലപ്പോഴും മുഖസ്തുതി ഉപയോഗിക്കുന്നത്. മിക്കവരും അതില്‍ വീഴും. ആവശ്യം കഴിഞ്ഞാല്‍ ആ മനുഷ്യനെ തന്റെ കൗശലത്തില്‍ വീണ വിഡ്ഢിയായി ചിത്രീകരിക്കുകയും ചെയ്യും മുഖസ്തുതിക്കാരന്‍. എത്ര മനുഷ്യത്വരഹിതമായ സ്വഭാവമാണിത്? മുഖസ്തുതി ഒരു കലയായി, ശൈലിയായി ജീവിതത്തില്‍ മുഴുവന്‍ കൊണ്ടു നടക്കുന്നവര്‍ എത്ര തരംതാണവരാണെന്ന് അവര്‍ അറിയുന്നില്ല.
പരിധിവിട്ട പ്രശംസ പോലെ തന്നെ ദ്രോഹമാണ് മുറിപ്പെടുത്തുന്ന സംസാരവും. ഒരു വാക്ക് ചിലപ്പോള്‍ ഒരു വര്‍ഷത്തെ മനുഷ്യന്റെ വളര്‍ച്ചയെ തന്നെ “കൊല്ലും”. കടുത്ത വിമര്‍ശങ്ങളും ആരോപണങ്ങളും എത്രയോ മനുഷ്യരെ നിത്യേന വേദനയിലാഴ്ത്തുന്നുണ്ട്. ഇത്തരം വര്‍ത്തമാനങ്ങള്‍ക്ക് പിന്നില്‍ അസഹിഷ്ണുതയോ അസൂയയോ ഒക്കെയാകാം. അതല്ലെങ്കില്‍ വെറുതെയൊരു തമാശയായിരിക്കാം. ചിലരുണ്ട്; അവര്‍ക്ക് സാഡിസ്റ്റ് സ്വഭാവമാണ്. ആളുകളെ വേദനിപ്പിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നു. അത്തരക്കാരും മുറിവില്‍ മുളക് പുരട്ടുന്ന വര്‍ത്തമാനങ്ങള്‍ പറയും. ശാരീരിക പ്രയാസമുള്ളവരെ പരിഹസിക്കുന്നതും അവരോട് “കുത്തു”വാക്കുകള്‍ പറയുന്നതും ഹരമായി കാണുന്നവര്‍!.
മാനസിക അസ്വാസ്ഥ്യമുള്ളവര്‍, ശാരീരിക വൈകല്യമുള്ളവര്‍, അമിതവണ്ണമുള്ളവര്‍, പുറത്ത് കാണുന്ന അസുഖമുള്ളവര്‍, വിധവകള്‍, അനാഥര്‍, തടിച്ചവരെന്നും മെലിഞ്ഞവരെന്നും സൗന്ദര്യം കുറവുണ്ടെന്നുമൊക്കെ അപകര്‍ഷമുള്ളവര്‍, വയസ്സിനേക്കാള്‍ കവിഞ്ഞ പ്രായം തോന്നിക്കുന്നവര്‍ ഇവരുടെയൊക്കെ സാന്നിധ്യത്തില്‍ സംസാരിക്കുമ്പോഴും അവരുടെ ബന്ധുക്കളോട് വര്‍ത്തമാനം പറയുമ്പോഴും വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണം. ഇത്തരക്കാരെ കുറിച്ച് ചില “ചൊല്ലുകള്‍” തന്നെ നാട്ടില്‍ പ്രചാരത്തിലുണ്ട്. അവയൊക്കെ എത്ര മനസ്സുകളെയാണ് മുറിപ്പെടുത്തുന്നതെന്ന് ഉപയോഗിക്കുന്നവര്‍ ആലോചിക്കാറില്ല.
ചീത്ത വര്‍ത്തമാനങ്ങള്‍ പറയുന്നവനെയും കേള്‍ക്കുന്നവനെയും ദുഷിപ്പിക്കുന്നു. ചിലരുടെ ശബ്ദകോശത്തില്‍ അത്തരം വാക്കുകളേ ഉണ്ടാകൂ. ശകാരങ്ങളും കുത്തുവാക്കുകളും അപഹാസങ്ങളുമായി അങ്ങാടികളില്‍ വെറുതെ സമയം കൊല്ലുന്നവര്‍ സ്വന്തം സമയത്തോടൊപ്പം ഒരുപാട് മനുഷ്യരെയും “കൊല്ലു”ന്നുണ്ട്. ചെല്ലപ്പേര് കേട്ട് പരിഹാസ്യരാകാന്‍ മാത്രം വിധിക്കപ്പെട്ട ഒരുപാട് പാവങ്ങള്‍ നമ്മുടെ നാട്ടിലെല്ലാമുണ്ട്. ഓരോ വിളികള്‍ കേള്‍ക്കുമ്പോഴും ആ മനുഷ്യന്റെ എത്ര ഊര്‍ജമാണ് ആവിയായിപ്പോകുന്നതെന്ന് വിളിക്കുന്നവരാരും ആലോചിക്കാറില്ല.
ഭാര്യയൊടൊപ്പം പോകുന്ന ഭര്‍ത്താവിനോട് സുഹൃത്തിന്റെ ചോദ്യം. “ഇതാരാ മകളോ.” ആ ഒരു വാക്ക് എത്ര ആഴത്തിലുള്ളതാണെന്ന് ആലോചിച്ചുനോക്കൂ. ഭര്‍ത്താവിന് പ്രായം സ്വല്‍പ്പം കൂടുതലാണെന്ന ഒരു “കോംപ്ലക്‌സ്” കൂടിയുള്ള സ്ത്രീയാണെങ്കില്‍ പിന്നെ എന്തു പറയാന്‍?
ആളുകളെ വിമര്‍ശിക്കേണ്ടിവരും. പക്ഷേ, അത് മാന്യമായിരിക്കണം. തിരുത്തലാകണം ലക്ഷ്യം; നശിപ്പിക്കലാകരുത്. എന്ത് നല്ല കാര്യം ചെയ്താലും കുറ്റം പറയുന്നത് ചിലരുടെ സ്വഭാവമാണ്. അത് ഒരു നന്മയും അവശേഷിപ്പിക്കില്ല. കുത്തുവാക്ക് പറയുന്നവനും ശപിക്കുന്നവനും ശ്ലീലമല്ലാത്തത് പ്രചരിപ്പിക്കുന്നവനും ചീത്ത പറയുന്നവനും സത്യവിശ്വാസിയല്ല എന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ക്രൂരമായ സംസാരത്തിന് ഇരയാകുന്നവര്‍ എന്ത് ചെയ്യണം? അതില്‍ ദുഃഖിതനായി, ആകെ അസ്വസ്ഥനായി സമയം നശിപ്പിക്കണോ? ഒരിക്കലും അരുത്. കേട്ട മാത്രയില്‍ ചില പ്രയാസം ആര്‍ക്കുമുണ്ടാകും. അത് വിടുക. പിന്നെ പറഞ്ഞത് അവഗണിക്കുക. തന്നെ തിരുത്തലും ഉപദേശവുമല്ല പ്രയാസപ്പെടുത്തലാണ് വിമര്‍ശകന്റെ ലക്ഷ്യമെന്ന് ബോധ്യമായാല്‍ വെറുതെ സമയം കളയുന്നതെന്തിന്? പറഞ്ഞവനോട് പരിഭവവും വേണ്ട. അത് അവന്റെ കാര്യം. അതിന് വേണ്ടി എന്റെ വിലപ്പെട്ട സമയം കളയാനില്ലെന്ന് തീരുമാനിക്കാം.
മുഖസ്തുതിയും മുറിപ്പെടുത്തലും ഒഴിവാക്കാം. അപ്പോള്‍ സത്യസന്ധമായ പ്രോത്സാഹിപ്പിക്കലും ഗുണദോഷിക്കലുമോ? കേള്‍ക്കുമ്പോള്‍ അതിര്‍വരമ്പുകള്‍ വളരെ ലോലമാണെന്ന് തോന്നാം. പക്ഷേ, പ്രോത്സാഹനവും പ്രശംസയും ഉള്ളില്‍ തട്ടിയുള്ളതാണ്. അതില്‍ കാപട്യമില്ല. ഒളി ലക്ഷ്യങ്ങളില്ല. പ്രശംസിക്കുന്നത് മുഖസ്തുതിയായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും ശ്രദ്ധവേണം. അതേപോലെ തിരുത്തലുകള്‍ വരുത്താന്‍ ആളുകളുടെ തെറ്റ് ചൂണ്ടിക്കാണിക്കാം. അത് സത്യസന്ധമായി ആ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാകണം.
സന്തുലിതമായ സംസാരം വലിയൊരു സിദ്ധിയാണ്. അതിന് പരിശ്രമിക്കുക എന്നത് സ്വല്‍പ്പം സാഹസമുള്ള കാര്യവും.