Connect with us

Articles

കെ ജി ശിശുക്കള്‍ക്ക് എന്താണ് കൊടുക്കേണ്ടത്?

Published

|

Last Updated

2008 ഒക്‌ടോബര്‍ 29ന് ഇന്റര്‍നാഷനല്‍ ഡിസ്ലക്‌സിയ അസോസിയേഷ (International Dyslexia Association)നു വേണ്ടി അമേരിക്കയിലെ സിയാറ്റിലില്‍ ഒരു ഇന്ത്യന്‍ ചലച്ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. എട്ട് വയസ്സുകാരനായ ഇഷാന്‍ എന്ന കുട്ടി ഡിസ്ലക്‌സിയ പഠനവൈകല്യം മൂലം അനുഭവിക്കുന്ന പ്രയാസങ്ങളും മാതാപിതാക്കളോ അധ്യാപകരോ മറ്റോ തിരിച്ചറിയാതിരുന്ന ഈ കുട്ടിയുടെ പ്രശ്‌നം പുതുതായി വന്ന നികുംഭ് എന്ന ചിത്രകലാ അധ്യാപകന്‍ മനസ്സിലാക്കി പഠനവൈകല്യത്തില്‍ നിന്ന് ഇഷാനെ മോചിപ്പിക്കുകയും അവനിലെ പ്രതിഭയെ കണ്ടെത്തുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ഥിരമായി പഠിപ്പിക്കുന്ന ക്ലാസ് ടീച്ചര്‍ പോലും തിരിച്ചറിയുന്നില്ല ഈ കുട്ടിയുടെ അസുഖം. എന്നാല്‍, താത്കാലികമായി എത്തുന്ന അധ്യാപകനായ നികുംഭ് കുട്ടിയുടെ ഓരോ നീക്കവും നിരീക്ഷിച്ച് അവനെ അപ്പാടെ മനസ്സിലാക്കുന്നു. അവനിലെ പഠനവൈകല്യം തിരിച്ചറിയുന്നു. അതിന് പരിഹാരം കണ്ടെത്തുന്നു. ചിത്രത്തിന്റെ സാമൂഹിക പ്രസക്തി മനസ്സിലാക്കി വടക്കേ അമേരിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ ഇതിന്റെ വീഡിയോ വിതരണാവകാശം അന്തര്‍ദേശീയ സ്റ്റുഡിയോ ആയ വാള്‍ഡ് ഡിസ്‌നി കമ്പനിയാണ് വാങ്ങിയത്. ഒരു വിദേശ സ്റ്റുഡിയോ ഇന്ത്യയില്‍ നിന്നുള്ള ഒരു ചിത്രത്തിന് വിതരണാവകാശം വാങ്ങുന്നത് ആദ്യമായായിരുന്നു.
2009ല്‍ ഓസ്‌കാര്‍ നോമിനേഷന്‍ കിട്ടിയ, 2007ല്‍ പുറത്തിറങ്ങിയ “താരേ സമീന്‍ പര്‍” എന്ന അമീര്‍ഖാന്‍ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ചിത്രം കാലികപ്രസക്തമാകുന്നത് വിദ്യാഭ്യാസ രംഗത്തു നിന്നും ഉയരുന്ന ആശാസ്യമല്ലാത്ത ചില വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ്. കുട്ടികളെ മനസ്സിലാക്കാതെ പോകുന്ന മാതാപിതാക്കള്‍; വിദ്യാര്‍ഥികളെ പഠിക്കാതെ, ചില ചട്ടങ്ങള്‍ പഠിപ്പിക്കാനും ആജ്ഞാപിക്കാനും മാത്രം ശീലിച്ച അധ്യാപകര്‍; ഇവ രണ്ടിനുമിടയില്‍പ്പെട്ട് വേവലാതി കൊള്ളുന്ന വിദ്യാര്‍ഥി; ഇങ്ങനെ അതിസങ്കീര്‍ണമായ അവസ്ഥയിലുള്ള നമ്മുടെ നാട്ടിലെ കാലിക സംഭവങ്ങളോട് ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ഈ ചിത്രം വളരെ പ്രസക്തമാകുന്നു. നിരവധി മാനസിക ശാരീരിക പിഡനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് അനുഭവിക്കേണ്ടി വരുന്ന ഈ ഘട്ടത്തില്‍, വിദ്യാര്‍ഥികളെ മനസ്സിലാക്കാനാകാത്ത അധ്യാപകരും അധ്യാപന രീതിയും സമൂഹത്തില്‍ വേരുറപ്പിച്ചിരിക്കുന്ന പുതിയ കാലത്ത് അന്നത്തെ ആ ചിത്രം ചിലതിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. കുട്ടികളെ മനസ്സിലാക്കാനോ അവരുടെ വാക്കുകള്‍ക്ക് ചെവിക്കൊടുക്കാനോ തയ്യാറാക്കാതെ പഠിക്കണം എന്ന് മാത്രം ശഠിക്കുന്ന പുതു അധ്യാപക സമൂഹം രംഗം വാഴുന്ന കാലിക ലോകത്ത് പ്രസക്തി വര്‍ധിപ്പിക്കുന്ന ചിലതുണ്ടതില്‍.
ഏറ്റവും പുതുതായി ഇതാ ക്ലാസില്‍ കൂട്ടുകാരനോട് മിണ്ടിയതിന്, സൗഹൃദം പറഞ്ഞതിന് യു കെ ജി വിദ്യാര്‍ഥിയെ അധ്യാപികമാര്‍ പട്ടിക്കൂട്ടില്‍ അടച്ച സംഭവം മനസ്സാക്ഷിയുള്ള ആരിലും ഞെട്ടലുളവാക്കുന്നതാണ്. ഹൃദയഭേദകമായ ഈ സംഭവം നമ്മുടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തു നിന്നു തന്നെയുള്ളതാണ്. സംസാര കുറ്റത്തിന് നാല് വയസ്സുകാരനെ നായക്കൂട്ടിലടക്കാന്‍ ഉത്തരവിട്ട പ്രഥമാധ്യാപികയെ ജനരോഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുണ്ടായി. എങ്കിലും ഇത്തരം സംഭവങ്ങള്‍ പരിഷ്‌കൃത സമൂഹമെന്ന് ഉദ്‌ഘോഷിക്കുന്ന നമുക്കിടയില്‍ നടമാടുന്നു എന്നത് നമ്മിലെ പരിഷ്‌കരണ മനഃസ്ഥിതി ഏത് നിലയിലേക്ക് സഞ്ചരിക്കുന്നു എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ലാഭം കൊയ്യുക എന്ന നിലക്കു മാത്രം വെച്ചുകെട്ടുന്ന വിദ്യാലയങ്ങളില്‍ മികവ് കൂട്ടാനെന്ന പേരില്‍ അമിതമായ അച്ചടക്കം പഠിപ്പിക്കലും അതിന്റെ ഭാഗമായി അമിതമായ ശാരീരിക മാനസിക പീഡനങ്ങളും കുഞ്ഞുങ്ങളോട് കാണിക്കുന്നത് സ്ഥിരം സംഭവമായിരിക്കുന്നു. അത് ബാലാവകാശ ലംഘനമാകുന്നു എന്നത് തിരിച്ചറിയുന്നുമില്ല. ഒന്നു ചിന്തിച്ചാല്‍ ഇതിന് കൂട്ടായി വര്‍ത്തിക്കുന്നത് പ്രത്യക്ഷത്തിലല്ലെങ്കിലും സ്വന്തം രക്ഷിതാക്കള്‍ തന്നെയാണ്. മറ്റുള്ളവര്‍ക്കിടയില്‍ സ്വന്തം “ഇമേജ്” ലക്ഷ്യമിട്ടുള്ള മാതാപിതാക്കളുടെ ഇംഗ്ലീഷ് ഭ്രമവും കുട്ടികളെ വെറും യന്ത്രങ്ങളായിക്കണ്ട്, നൂറ് ശതമാനം വിജയം മാത്രം ലക്ഷ്യമിട്ട് അതിലൂടെ ലാഭം കൊയ്യുക എന്ന ഉദ്ദേശ്യത്തോടെ കൂണ്‍ കണക്കെ പൊങ്ങുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങളുടെ നീക്കവും മിക്കപ്പോഴും വിദ്യാര്‍ഥികള്‍ക്ക് പീഡനമായി മാറുന്നു, മാനസികമായി അവരെ തളര്‍ത്തുന്നു. സമാനമായ സംഭവങ്ങള്‍ എത്രയോ കേരളത്തില്‍ അരങ്ങേറുകയുണ്ടായി. എന്നിട്ടും സമൂഹത്തില്‍ വിദ്യാഭ്യാസ രീതിയില്‍ പലയിടങ്ങളിലും ഒരു പരിവര്‍ത്തനവും വന്നില്ല എന്നത് ഖേദകരമാണ്.
കെ ജി ക്ലാസുകള്‍ അഥവാ കിന്‍ഡര്‍ഗാര്‍ട്ടന്‍ (Kindergarten) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു തന്നെ പൈതങ്ങളുടെ പൂന്തോട്ടം (Children”s garden) എന്നാണ്. കൊച്ചു പാട്ടുകളിലൂടെയും കുഞ്ഞിക്കളികളിലൂടെയും തിന്മയെ നന്മ ജയിക്കുന്ന ചങ്ങാത്തക്കഥകളിലൂടെയും മഴവില്ലിന്‍ നിറങ്ങള്‍ മനസ്സില്‍ നിറച്ചും സമൂഹത്തോടുള്ള പെരുമാറ്റം ചൊല്ലിക്കൊടുക്കേണ്ട കിന്‍ഡര്‍ഗാര്‍ട്ടന്‍ ക്ലാസുകളില്‍ അഥവാ പ്രീ പ്രൈമറി ക്ലാസുകളില്‍ വമ്പന്‍ കണക്കുകളിലൂടെയും ഇംഗ്ലീഷ് ചട്ടംകെട്ടിപ്പഠിപ്പിക്കുന്നതിലൂടെയും കൊച്ചുകുട്ടികള്‍ക്കു മുമ്പില്‍ ബാലികേറാമല സൃഷ്ടിക്കുന്ന അധ്യാപന രീതി വിരസമായ മാനസികാവസ്ഥയാണ് കുട്ടികളില്‍ സൃഷ്ടിക്കുന്നത്. ഇത് കുട്ടികള്‍ക്കിടയില്‍ തന്റെ പള്ളിക്കൂടത്തെക്കുറിച്ചുള്ള ഭാവന തന്നെ മാറ്റിമറിക്കുന്നതാണ്. അത് അവരിലെ ശൈശവത്തെ ശോകമൂകമാക്കി മാറ്റും. ഭാവനാത്മകമായ സന്തോഷപൂര്‍വമായ ഒരു അനുഭവമാണ് കെ ജി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ സാധ്യമാക്കേണ്ടത്. അതാണ് സ്ഥിതി എങ്കില്‍ അവര്‍ക്കിടയില്‍ മുതിര്‍ന്ന ക്ലാസുകളെക്കുറിച്ചുള്ള ചിന്ത വ്യത്യസ്തമായിരിക്കും. പഠനത്തില്‍ താത്പര്യജനകമായിരിക്കും പരിണതി.
അധ്യാപകരുടെയും മാതാപിതാക്കളുടെയും മനോഭാവം മാറാത്തിടത്തോളം ഇത്തരം സംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല. വിവേകമുപയോഗിച്ച് തിരിച്ചറിവ് നേടുന്ന അധ്യാപകരെയാണ് സൃഷ്ടിക്കേണ്ടത്. അവര്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ മാത്രം ശീലിച്ചാല്‍ പോര, വിദ്യാര്‍ഥികളെ പഠിക്കാന്‍ കൂടി സന്നദ്ധമാകണം. അവരുടെ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ നേരം കണ്ടെത്തണം. വീടിനേക്കാള്‍ വിദ്യാലയവും അധ്യാപകരുമാണ് വിദ്യാര്‍ഥികള്‍ക്കൊപ്പം ഏറെ സമയം വര്‍ത്തിക്കുന്നത്. അത് വിദ്യാര്‍ഥികള്‍ക്ക് നന്മയുടെ പാഠം ചൊല്ലിക്കൊടുക്കേണ്ട നല്ല ഗേഹമാകണം. പട്ടാളച്ചിട്ടയിലുള്ള ക്യാമ്പുകളാക്കുകയല്ല വേണ്ടത്. അവിടങ്ങളില്‍ വാര്‍ത്തെടുക്കേണ്ടത് സമൂഹത്തെ അറിയുന്ന, മനസ്സിലാക്കുന്ന വിദ്യാര്‍ഥികളെയാണ്. എങ്കില്‍ മാത്രമേ സമൂഹ നന്മക്കായി നിലകൊള്ളുന്ന, വിവേകം നേടിയ ഒരു തലമുറ ഉദയം കൊള്ളുകയുള്ളൂ.
കെ ജി ശിശുക്കള്‍ക്ക് അവരുടെ ക്ലാസ് മുറികളില്‍ ആവശ്യം അവര്‍ക്ക് വീട്ടില്‍ നിന്ന് ലഭ്യമാകാത്ത പരിലാളനയും സ്‌നേഹവും കളിക്കാനുള്ള അന്തരീക്ഷവുമാണ്. കെ ജി പള്ളിക്കൂടങ്ങളെ ഒരിക്കലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂട്ടിലേക്ക് വലിച്ചുകെട്ടരുത്. അവ ശാസനയുടെയും കഠോരമായ ശിക്ഷിക്കലിന്റെയും ചട്ടം കെട്ടലുകളുടെയും കൂടാരമായി മാറരുത്. ഭാവനാത്മകമായും സ്‌നേഹലാളനയുടെയും ശിശുസൗഹൃദമായ പൂന്തോട്ടമാകുമ്പോള്‍ മാത്രമാണ് അവിടെ കൊച്ചു കൂസുമങ്ങള്‍ വിരിഞ്ഞ് ഉല്ലസിക്കുകയുള്ളൂ. മറിച്ചായാല്‍ സമൂഹത്തില്‍ മാനസികമായി തളര്‍ന്ന, അനാരോഗ്യകരമായ ബാല്യം ഉണങ്ങിനില്‍ക്കും. കാരണക്കാരായി ആ ബാല്യങ്ങളുടെയെല്ലാം ചൂണ്ടുവിരല്‍ നീളുക അധ്യാപകരുടെയും സ്വന്തം രക്ഷിതാക്കളുടെയും നേര്‍ക്കായിരിക്കും.
മാറ്റത്തിന് വിധേയമാക്കേണ്ടത് മനോഭാവത്തെത്തന്നെയാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാലയ നടത്തിപ്പുകാരുടെയും. അതിനേക്കാളെല്ലാമുപരിയായി വിദ്യാഭ്യാസ രീതിയുടെയും. തിരിച്ചറിവുള്ള അധ്യാപക സമൂഹമുണ്ടാകുമ്പോഴാണ് ചിന്താശേഷിയുള്ള വിദ്യാര്‍ഥിലോകം സാധ്യമാകുന്നത്. അവര്‍ മികച്ച സമൂഹ സൃഷ്ടിക്ക് വളമേകും. രാജ്യത്തിന്റെ സമ്പത്തായി മാറും; ലോകത്തിന്റെയും.

Latest