Connect with us

Kasargod

ജില്ലയില്‍ കാന്‍സര്‍ ബാധിച്ച് ആറ് മാസത്തില്‍ 309 പേര്‍ മരിച്ചതായി സര്‍വെ റിപ്പോര്‍ട്ട്

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ ആറുമാസകാലത്ത് കാന്‍സര്‍ രോഗം മൂലം 371 പേര്‍ മരിച്ചതായി മലബാര്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ജില്ലയിലെ വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, ലബോറട്ടറികള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് ഈ വിവരം വ്യക്തമായത്. ഇതേ കാലയളവില്‍ കണ്ണൂര്‍ ജില്ലയില്‍ 925 പേരും മാഹിയില്‍ മൂന്നുപേരുമാണ് മരിച്ചത്. 2014 ജനവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണ് ശേഖരിച്ചിട്ടുള്ളത്.
കഴിഞ്ഞ ആറുമാസക്കാലത്ത് ജില്ലയില്‍ പുതുതായി 309 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കണ്ണൂരില്‍ 921 പേര്‍ക്കും മാഹിയില്‍ 12 പേര്‍ക്കും രോഗം ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, രോഗം ബാധിച്ചു മംഗലാപുരത്ത് ചികിത്സ തേടിയവരുടെയും, അവിടെ ചികിത്സക്കിടെ മരണപ്പെട്ടവരുടെയും വിവരങ്ങള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല. ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 166 പുരുഷന്‍മാരും, 143 പേര്‍ സ്ത്രീകളുമാണ്. ശ്വാസകോശ കാന്‍സര്‍-56, സ്തനാര്‍ബുദം-40, കവിള്‍ കാന്‍സര്‍-22, വയര്‍ കാന്‍സര്‍-15, ബ്ലഡ്-മജ്ജ കാന്‍സര്‍- 14, നാവിനുള്ള കാന്‍സര്‍ -14, ഗര്‍ഭാശയ കാന്‍സര്‍-13, അന്നനാള കാന്‍സര്‍-10, ലിവര്‍-ബ്രെയിന്‍ കാന്‍സര്‍-7 എന്നിങ്ങനെയാണ് വിവിധ അവയവങ്ങള്‍ക്ക് രോഗം ബാധിച്ചവരുടെ കണക്കുകള്‍. ഇതു കൂടാതെ മറ്റു കാരണങ്ങളൊന്നും ഇല്ലാതെ രോഗം ബാധിച്ചവരും ഉണ്ട്. കാഞ്ഞങ്ങാട്ടാണ് കൂടുതല്‍ മരണം 31 പേര്‍.
കൂടുതല്‍ രോഗികള്‍ ഇവിടെ ജില്ലാ ആശുപത്രിയെയും, സാന്ത്വന ചികിത്സാ കേന്ദ്രത്തെയും ആശ്രയിച്ചിരുന്നു. ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ഇതിലും കൂടുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം. കാന്‍സര്‍ രോഗികളുടെ സമ്പൂര്‍ണ്ണ വിവരം ശേഖരിക്കാനുളള നടപടികള്‍ സ്വീകരിക്കുന്നതിനു ആരോഗ്യ വകുപ്പ് മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
പുതിയ ഭക്ഷണരീതികള്‍, ജീവിതശൈലികള്‍, അറിവില്ലായ്മ, കീടനാശിനി ഉപയോഗിച്ച പച്ചക്കറികളുടെയും, ഭക്ഷ്യധാന്യങ്ങളുടെയും ഉപയോഗം കാന്‍സറിനു കാരണമാവുന്നതായി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാന്‍സര്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തിന്റെയും എപ്പിഡോ മോളജിയുടെയും വകുപ്പ് മേധാവി ഡോ. സൈനാ സുനില്‍കുമാര്‍ അറിയിച്ചു. കാന്‍സര്‍ രോഗികളെ കണ്ടെത്താനുള്ള സര്‍വെ തുടരും. രോഗം ബാധിച്ചവരുടെ പരമാവധി കണക്കുകള്‍ ശേഖരിക്കാന്‍ പ്രത്യേക വൊളണ്ടിയര്‍മാര്‍ പ്രവര്‍ത്തിച്ചു വരുന്നു. ഒരു വര്‍ഷത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിക്കുകയും കാന്‍സറിനെ ചെറുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യും. രോഗം സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം, രോഗനിര്‍ണയ ക്യാമ്പുകള്‍, ചികിത്സ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ ആദ്യത്തെ ഉപദേശക സമിതി യോഗത്തില്‍ എ ഡി എം. എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി ഗോപിനാഥന്‍. ഡോ. വി പി രാജന്‍, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ പാലേരി തുടങ്ങിയവര്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest