Connect with us

Kasargod

ടാര്‍ മിക്‌സിംഗ് പ്രശ്‌നം ഒത്തുതീര്‍പ്പായി

Published

|

Last Updated

കാസര്‍കോട്: സീതാംഗോളി സിദ്ധദ്ദിബയലിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റ് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പായി. പി ബി അബ്ദുറസാഖ് എം എല്‍ എ, ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റ് ഉടമാ പ്രതിനിധികളുടെയും പരിസര മാലിന്യ വിരുദ്ധ ആക്ഷന്‍ സമിതി പ്രതിനിധികളുടെയും വിളിച്ചുകൂട്ടിയ യോഗത്തിലാണ് പ്രശ്‌നം പരിഹരിച്ചത്.
നിലവില്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിച്ചിടത്ത് ആയിരത്തോളം വീടുകളും കൃഷിയിടങ്ങളുമുണ്ട്. ഈ പ്ലാന്റിന് സമീപത്ത് തന്നെ ഗെയില്‍ കമ്പനിയുടെ ഗ്യാസ് പൈപ്പ്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുമൂലം ഭാവിയില്‍ ദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ട്. പ്ലാന്റ് പ്രാവര്‍ത്തികമാകുന്നതോടെ ഈ പരിസരം മുഴുവന്‍ മലിനമാകാനിടയുണ്ട്. തോടുകളും കിണറുകളും മലിനമാകുമെന്നതിനാല്‍ ഈ പ്ലാന്റ് സ്ഥാപിക്കുന്ന നടപടി ഉപേക്ഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ടാര്‍ മിക്‌സിംഗ് പ്ലാന്റ് 2015 ജൂണ്‍ വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. അതിനുശേഷം പ്ലാന്റ് പൂട്ടിയിടും. കരാര്‍ ലംഘിച്ചാല്‍ പ്ലാന്റ് പൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കും.
സിദ്ദിബയലിലെ റോഡില്‍നിന്നും പ്രസ്തുത പ്ലാന്റിലേക്ക് റോഡ് നിര്‍മാണം, ലോറികള്‍ ഓടിയത് മൂലം റോഡില്‍ കുഴികള്‍ ഉണ്ടായാല്‍ പ്ലാന്റ് ഉടമ തന്നെ റോഡ് അറ്റകുറ്റപണി നടത്തണം, വൈകുന്നേരം ആറ് മണിക്കുശേഷം ഈ റോഡിലൂടെ പ്രത്യേക നിബന്ധനകള്‍ പ്രകാരം മാത്രമേ പ്ലാന്റിന്റെ വാഹനങ്ങള്‍ ഓട്ടം നടത്താന്‍ പാടുള്ളൂ, രാത്രി സമയങ്ങളില്‍ പ്രദേശത്ത് ടിപ്പര്‍ ഡ്രൈവര്‍മാരോ തൊഴിലാളികളോ ബഹളം വെക്കരുത്, മാലിന്യം നിക്ഷേപിക്കരുത്, അടുത്തുള്ള താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത്, പൊടിപടലങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടിയെടുക്കണം, റോഡ് തടസ്സം സൃഷ്ടിക്കരുത് തുടങ്ങിയ നിബന്ധനകള്‍ അടങ്ങിയ കരാറാണ് അംഗീകരിച്ചത്. കരാറില്‍ പ്ലാന്റ് ഉടമ പ്രതിനിധികളും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും ഒപ്പുവെച്ചു. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ അഞ്ച്‌പേരുടെ സമിതിയെ ചുമതലപ്പെടുത്തി.

 

Latest