Connect with us

Gulf

ആഫ്രിക്കയില്‍ നിന്ന് കടത്തുകയായിരുന്ന ആനക്കൊമ്പ് പിടികൂടി

Published

|

Last Updated

ദുബൈ: അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം നിരോധിച്ച ആഫ്രിക്കന്‍ ആനക്കൊമ്പ് കടത്തുന്നതിനിടെ രണ്ടു പേരെ ദുബൈ വിമാനത്താവള സുരക്ഷാ വിഭാഗം പിടികൂടി. ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്നും വരികയായിരുന്ന ഏഷ്യക്കാരായ രണ്ടു യാത്രക്കാരില്‍ നിന്നാണ് 16 ആനക്കൊമ്പുകള്‍ പിടികൂടിയത്.
ദുബൈ വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ വഴി സ്വന്തം രാജ്യത്തേക്ക് കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. രണ്ടുപേരുടെയും കൈവശമുണ്ടായിരുന്ന ബാഗുകള്‍ സ്വാഭാവികമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം അധികൃതര്‍ക്ക് സംശയം തോന്നിയതിനാല്‍ വിശദമായ പരിശോധന നടത്തുന്നതിനിടെയാണ് ആനക്കൊമ്പ് കണ്ടെത്തിയത്.
ആഫ്രിക്കന്‍ വംശജനായ ഒരാള്‍ തങ്ങളുടെ നാട്ടിലുള്ള ഒരാള്‍ക്ക് നല്‍കാന്‍ ഏല്‍പിച്ചതാണ് പെട്ടികളെന്നും അകത്ത് ഉള്ളത് എന്താണെന്ന് അറിയില്ലായിരുന്നെന്നും ഓരോ പെട്ടിക്കും 500 ഡോളര്‍ വീതം പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടെന്നും പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. നിയമവിരുദ്ധമായ വസ്തുക്കള്‍ കടത്തുന്നത് കണ്ടുപിടിക്കാന്‍ പ്രത്യേകം പരിശീലനം പുറം രാജ്യങ്ങളില്‍ നിന്ന് ലഭിച്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യമാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് തടയിടാന്‍ കഴിയുന്നതെന്ന് സംഭവവുമായി ബന്ധപ്പെട്ട് ദുബൈ പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

Latest