Connect with us

Gulf

ശൈഖ് മക്തൂം ബിന്‍ റാശിദ് റോഡ് അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കും

Published

|

Last Updated

അബുദാബി: ശൈഖ് മക്തൂം ബിന്‍ റാശിദ് റോഡി(ദുബൈ-അല്‍ മഫ്‌റഖ്)ന്റെ രണ്ടാം ഘട്ട അറ്റകുറ്റ പണി ഉടന്‍ ആരംഭിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. അബുദാബി ഗതാഗത വിഭാഗം റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കായി ഈ വര്‍ഷം 11.5 കോടി ദിര്‍ഹം ചെലവഴിക്കും.
റോഡുകളുടെയും തുരങ്കങ്ങളുടെയും അറ്റകുറ്റ പണികളാണ് ഇതില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുക. വകുപ്പിന്റെ തന്ത്രപ്രധാന പങ്കാളികളികളുമായി സഹകരിച്ചാവും പണികള്‍ പൂര്‍ത്തീകരിക്കുക. ശൈഖ് മക്തൂം ബിന്‍ റാശിദ് റോഡിന്റെ അറ്റകുറ്റ പണിക്കായി 7.3 കോടി ദിര്‍ഹം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ റോഡിന്റെ ഒന്നാം ഘട്ടത്തിലെ അറ്റകുറ്റ പണികള്‍ കഴിഞ്ഞ ഏപ്രീല്‍ മാസത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. റോഡില്‍ കാണുന്ന വിള്ളലുകളും ഉപരിതലത്തിലെ ടാറിംഗ് അടരുന്നതും ഉള്‍പ്പെടെയുള്ളവയാണ് പ്രധാനമായും അറ്റകുറ്റ പണികളില്‍ ഉള്‍പ്പെട്ടിരുന്നത്. മൊത്തം 65,000 ചതുരശ്ര മീറ്റര്‍ റോഡുകളായിരുന്നു ഒന്നാം ഘട്ടത്തില്‍ അബുദാബിയില്‍ അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കിയത്.
രണ്ടാം ഘട്ടത്തില്‍ റോഡിന്റെ തകര്‍ന്ന മേഖലകള്‍ അടര്‍ത്തി മാറ്റി പുതിയ ടാറിംഗ് നടത്തുകയാവും പ്രധാനമായും ചെയ്യുക. 80,000 ചതുരശ്ര മീറ്റര്‍ റോഡാവും ഇത്തരത്തില്‍ അറ്റകുറ്റ പണി നടത്തി ഗതാഗതയോഗ്യമാക്കുകയെന്ന് വകുപ്പ് വ്യക്തമാക്കി. ഈ പ്രവര്‍ത്തികള്‍ ഈ മാസം പകുതിയോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പിലെ മുഖ്യ റോഡുകള്‍ക്കുള്ള ജനറല്‍ മാനേജര്‍ എഞ്ചി. ഫൈസല്‍ അല്‍ സുവൈദി വ്യക്തമാക്കി. അബുദാബിയിലെ റോഡുകളെ കുറ്റമറ്റതാക്കി സംരക്ഷിക്കുകയെന്ന ലക്ഷ്യമാണ് റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റ പണി നടത്തുന്നതിന് പിന്നിലെ പ്രചോദനം. റോഡില്‍ കാണുന്ന ചെറിയ വിള്ളലുകളും ടാറിംഗ് അടര്‍ന്നു പോകുന്നതുമെല്ലാം ആരംഭ ദശയിലെ മതിയായ രീതിയില്‍ അറ്റകുറ്റ പണി നടത്തി സംരക്ഷിക്കാന്‍ സാധിച്ചാല്‍ കുടുതല്‍ തുക റോഡുകള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നത് ഒഴിവാക്കാനാവുമെന്നും എഞ്ചി. അല്‍ സുവൈദി വ്യക്തമാക്കി.

 

Latest