Connect with us

Kozhikode

സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്: യാത്രാക്ലേശം രൂക്ഷം

Published

|

Last Updated

കോഴിക്കോട്: പാളയം ബസ്സ്റ്റാന്‍ഡിലേക്ക് പോകുന്ന ബസുകള്‍ ജയില്‍ റോഡ് വഴി സ്റ്റേഡിയം ചുറ്റിപ്പോകുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ ജനം വലയുന്നു.

പണിമുടക്ക് രണ്ടാം ദിനവും ശക്തമായിട്ടും പ്രശ്‌നപരിഹാരത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. മാവൂര്‍, മുക്കം, അരീക്കോട്, താമരശേരി ഭാഗത്തു നിന്ന് നഗരത്തിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസാണ് പൂര്‍ണമായും നിലച്ചത്. കിഴക്കന്‍ മലയോര മേഖലകളില്‍ നിന്ന് വരുന്ന ബസുകളെല്ലാം സര്‍വീസ് നിര്‍ത്തിയതോടെ ഈ മേഖലകളിലെല്ലാം യാത്രാ ദുരിതം രൂക്ഷമായി. രാവിലെ സ്‌കൂളിലും കോളജിലും സമയത്തിന് എത്താന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നില്ല.
സമാന്തര സര്‍വീസുകളും കെ എസ് ആര്‍ ടി സി സര്‍വീസും പല റൂട്ടിലും വേണ്ടത്ര ഇല്ലാത്തത് യാത്രാക്ലേശം ഇരട്ടിയാക്കുന്നു. കെ എസ് ആര്‍ ടി സി അധിക സര്‍വീസ് നടത്തുന്നുണ്ട്. 250ഓളം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന വിവിധ റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് പേരിന് മാത്രമാണ്. സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളിലും ടാക്‌സി ജീപ്പുകളിലും വലിയ തുക നല്‍കിയാണ് യാത്രക്കാര്‍ നഗരത്തിലെത്തുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. പരിഷ്‌കരണം ആവശ്യമാണെങ്കിലും ഒന്നര കിലോമീറ്ററിന്റെ അധിക ഓട്ടം വലിയ ബാധ്യതയാണ് തങ്ങള്‍ക്കുണ്ടാക്കുന്നതെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പറയുന്നു. സിറ്റി ബസുകള്‍ക്ക് വേണ്ടിയാണ് റണ്ണിംഗ് ടൈം കുറവുള്ള ദീര്‍ഘദൂര ബസുകളെ വലക്കുന്ന നിലപാടെടുത്തിരിക്കുന്നതെന്ന ആക്ഷേപവും ബസ് ഉടമകള്‍ ആരോപിക്കുന്നു.
സിറ്റി പരിധിയില്‍ ഒരു കിലോമീറ്റര്‍ ഓടാന്‍ മൂന്ന് മിനിറ്റാണ് സിറ്റി ബസുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ദീര്‍ഘദൂര ബസുകള്‍ക്കാകട്ടെ ഇത് രണ്ടേകാല്‍ മിനിറ്റ് മാത്രമാണ്. നഗരത്തില്‍ നഷ്ടപ്പെടുന്ന സമയം നികത്തിയെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ട്രിപ്പുകള്‍ റദ്ദാക്കുകയല്ലാതെ നിവൃത്തിയില്ല. ഇത് തിരിച്ചറിയാന്‍ ട്രാഫിക് പോലീസ് തയ്യാറാകാത്ത സാഹചര്യത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുകയെന്നത് അസാധ്യമായിരിക്കുകയാണെന്നും ഓര്‍ഗനൈസേഷന്‍ പറയുന്നു. നഗരത്തിലെ കുരുക്കഴിക്കാനാണ് ബസുകള്‍ പുതിയറ, ജയില്‍ റോഡ്, ചിന്താവളപ്പ് (പൂന്താനം ജംഗ്ഷന്‍), പാവമണി റോഡ്, മാനാഞ്ചിറ വഴി പാളയത്തേക്ക് പോകണമെന്ന നിര്‍ദേശം പോലീസ് നടപ്പാക്കിയത്.
എന്നാല്‍ ഒന്നര കിലോമീറ്ററിന്റെ അധിക ഓട്ടവും ട്രാഫിക് കുരുക്കും കഴിഞ്ഞ് പുറത്തെത്തുമ്പോഴേക്ക് ഓട്ടത്തിന് നിശ്ചയിച്ച സമയം കഴിയും. ഇങ്ങനെ വരുമ്പോള്‍ ട്രിപ്പ് റദ്ദാക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു.