Connect with us

Kozhikode

മയക്കുമരുന്നുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

Published

|

Last Updated

കുന്ദമംഗലം: വിലപിടിപ്പുള്ള മയക്കുമരുന്നുമായി രണ്ട് വിദ്യാര്‍ഥികള്‍ പോലീസിന്റെ വലയിലായി. സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലം എസ് ഐ സജീവും സംഘവുമാണ് കളന്‍തോടില്‍ നിന്ന് ഇവരെ പിടികൂടിയത്.

ഉള്ള്യേരി തെരുവത്തുംകടവ് കളരിക്കണ്ടി വീട്ടില്‍ ജസീല്‍ മുഹമ്മദ്(20), എലത്തൂര്‍ ആചാര്യപുരക്കല്‍ വീട്ടില്‍ അമല്‍ (21)എന്നിവരാണ് പിടിയില്‍. വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താന്‍ ശേഖരിച്ച 80 ഗ്രാം ഹാഷിഷും രണ്ട് ഗ്രാമോളം “മ്യാവോ മ്യാവോ” എന്നറിയപ്പെടുന്ന മയക്കുമരുന്നും ചെറിയ പൊതികളായി ഇവരില്‍ നിന്ന് കണ്ടെടുത്തു. ഹാഷിഷ് കിലോവിന് വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപയും “മ്യാവോ മ്യാവോ”വിന് അരകോടി രൂപയോളവും വിലയുണ്ട്. ഗോവയില്‍ നിന്നാണ് ഇവ കൊണ്ടുവരുന്നതെന്ന് പോലീസ് അറിയിച്ചു.
പിടിയിലായ ജസീല്‍ മുഹമ്മദ് മണാശ്ശേരി കെ എം സി ടി കോളജ് ബി ഫാം വിദ്യാര്‍ഥിയും അമല്‍ അല്‍ സലാമ കോളജ് ബി എസ് സി വിദ്യാര്‍ഥിയുമാണ്. ട്രെയിന്‍ യാത്രക്കിടയിലാണ് ഇരുവരും പരിചപ്പെട്ടതെന്ന് പോലീസിന് മൊഴിനല്‍കി. “മ്യാവോ മ്യാവോ” എന്നറിയപ്പെടുന്ന ലഹരി വസ്തു സ്ഥിരമായി ഉപയോഗിക്കുന്നവരുടെ പല്ല്, അസ്ഥികള്‍, കരള്‍ എന്നിവ ദ്രവിച്ചുപോകും. ഇതിന്റെ വളരെ ചെറിയൊരു അംശം മാത്രമാണ് ഒരുതവണ ഉപയോഗിക്കുന്നത്. കളന്‍തോട് ഭാഗത്തെ വിവിധ കെട്ടിടങ്ങളിലായി താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ ഈ മയക്കുമരുന്നുകള്‍ എത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ഈ ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നതായി നേരത്തേ തന്നെ സൂചന ലഭിച്ചിരുന്നു. പോലീസുകാരായ മുഹമ്മദ് ഷാഫി, സജി, അഖിലേഷ്, ഹരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.