Connect with us

International

ഇസില്‍: സര്‍ക്കാര്‍ നിലപാടിനെതിരെ തുര്‍ക്കിയില്‍ സംഘര്‍ഷം; 14 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ദമസ്‌കസ്: സിറിയന്‍- കുര്‍ദിഷ് നഗരമായ കൊബാനെയെ ഇസില്‍ തീവ്രവാദികളില്‍ നിന്ന് സംരക്ഷിക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് ആരോപിച്ച് തുര്‍ക്കിയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ 14 പേര്‍ മരിച്ചു. കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് പല സ്ഥലങ്ങളിലും പ്രതിഷേധക്കാരെ പോലീസ് നേരിട്ടത്. കൊബാനെയുടെ നിയന്ത്രണം ഇസില്‍ തീവ്രവാദികളുടെ കൈകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും പ്രധാന നഗരമായ ഇംസ്താംബൂളിലും പ്രക്ഷോഭം ശക്തമായിരുന്നു. രണ്ടിടങ്ങളിലുമായി നൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 30ലേറെ പേര്‍ക്ക് പ്രക്ഷോഭത്തിനിടെ പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ എട്ട് പോലീസുകാരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ദിയാര്‍ബാഖിറിലാണ് പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ ഏറ്റവും വലിയ കുര്‍ദിഷ് നഗരമാണ് ദിയാര്‍ബാഖിര്‍. കിഴക്കന്‍ പ്രവിശ്യയിലെ മുസിലില്‍ 25 വയസ്സുള്ള യുവാവ് കൊല്ലപ്പെട്ടു. ആറിലധികം പേര്‍ക്ക് ഇവിടെയുണ്ടായ പ്രക്ഷോഭത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. സീര്‍ത് പ്രവിശ്യയിലുണ്ടായ മറ്റൊരു പ്രക്ഷോഭത്തില്‍ രണ്ട് പേരും തൊട്ടടുത്തുള്ള ബാത്മാനില്‍ ഒരാളും കൊല്ലപ്പെട്ടു. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ദിയാര്‍ബാഖിറിലും മുസിലും വാനിലും അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
തുര്‍ക്കി ഇസില്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായി പോരാടുമെന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു പ്രഭാഷണത്തിനിടെ ഉര്‍ദുഗാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇറാഖിലേക്കും സിറിയയിലേക്കും സൈന്യത്തെ അയക്കാന്‍ സര്‍ക്കാറിന് തുര്‍ക്കി പാര്‍ലിമെന്റ് അനുമതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം, ഇതുവരെയും ഇസിലിനെതിരെയുള്ള യുദ്ധത്തില്‍ തുര്‍ക്കി സൈന്യം കാര്യമായ ഇടപെടലുകളൊന്നും നടത്തിയിട്ടുമില്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇസില്‍ വിരുദ്ധ യുദ്ധത്തില്‍ പങ്കാളികളാകില്ലെന്ന് നേരത്തെ തന്നെ തുര്‍ക്കി നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം, ഇസില്‍ തീവ്രവാദികളെ നേരിടാന്‍ അതിര്‍ത്തിയിലുടനീളം തുര്‍ക്കി യുദ്ധ ടാങ്കുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. തുര്‍ക്കിയുടെ ഭാഗത്തുള്ള കുര്‍ദുകളാണ് പ്രധാനമായും സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രധാന നഗരമായ കൊബാനെ ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തില്‍ പെടാതിരിക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ കൊബാനെ നഗരത്തില്‍ നിന്ന് ഇസില്‍ തീവ്രവാദികളെ ഭയന്ന് രണ്ട് ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു കഴിഞ്ഞു.
ഇതിനിടെ ഇസില്‍ യുദ്ധത്തില്‍ കാനഡയും പങ്കാളിയായി. ഇസിലിനെതിരെ വ്യോമാക്രമണം നടത്താന്‍ കാനഡ പാര്‍ലിമെന്റ് അംഗീകാരം നല്‍കുകയായിരുന്നു. അമേരിക്കയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു കാനഡയും യുദ്ധത്തില്‍ പങ്കാളിയാകുന്നത്. 600 വ്യോമാ സൈനികര്‍ യുദ്ധത്തില്‍ പങ്കെടുക്കുമെന്ന് കരുതപ്പെടുന്നു. കാനഡയുടെ തീരുമാനത്തെ വൈറ്റ്ഹൗസ് സ്വാഗതം ചെയ്തു.
ഇസിലിനെതിരെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചതോടെ കൊബാനെ നഗരത്തില്‍ നിന്ന് ഭാഗികമായി ഇസില്‍ തീവ്രവാദികള്‍ പിന്‍മാറിതതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Latest