Connect with us

Ongoing News

നികുതി വര്‍ധന: എല്‍ ഡി എഫ് പ്രക്ഷോഭത്തിന് തുടക്കമായി

Published

|

Last Updated

തിരുവനന്തപുരം: നികുതി വര്‍ധനക്കെതിരായ എല്‍ ഡി എഫിന്റെ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി സെക്രട്ടേറിയറ്റ് നടയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
അധിക നികുതി ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ നടപടി ബ്രിട്ടീഷുകാരുടെ കിരാത ഭരണത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ പറഞ്ഞു.
ബ്രിട്ടീഷുകാര്‍ ചെയ്തതുപോലെ ഏകാധിപത്യപരമായ സംവിധാനങ്ങളാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.പാമോലിന്‍, ടൈറ്റാനിയം, സോളാര്‍, പ്ലസ്ടു തുടങ്ങിയ നിരവധി അഴിമതികേസുകളില്‍ മുഖ്യമന്ത്രി പ്രതിയാണ്.
ചെയ്ത അഴിമതികള്‍ ഏറ്റുപറഞ്ഞ് ഉമ്മന്‍ ചാണ്ടി ജനങ്ങളോട് മാപ്പുപറയണം. അനധികൃത സ്വത്തുസമ്പാദന കേസില്‍ അകത്തായ ജയലളിതയുടെ അവസ്ഥ വരാതിരിക്കണമെങ്കില്‍ ഉമ്മന്‍ ചാണ്ടി ചെയ്ത കുറ്റങ്ങള്‍ ജനങ്ങളോടു ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കണം. നിയമസഭയുടെ അംഗീകാരമില്ലാതെ വര്‍ധിപ്പിച്ച നികുതികള്‍ ഉടന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് നിയമസഭയേയും ജനപ്രതിനിധികളേയും അവഹേളിക്കും വിധമാണ് ക്രൂരമായി നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്.
സോളാര്‍ അഴിമതിയിലും സലീംരാജിന്റെ ഭൂമി തട്ടിപ്പുകേസിലും ഉമ്മന്‍ ചാണ്ടിക്കെതിരായി കോടതി നടത്തിയ വിധി പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ സി പി ഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു, സി പി എം ജില്ലാ സെക്രട്ടറി കടകംപളളി സുരേന്ദ്രന്‍, എം വിജയകുമാര്‍, വി സുരേന്ദ്രന്‍പിളള, ജോര്‍ജ് സൊബാസ്റ്റ്യന്‍, എം എല്‍ എമാരായ വി ശശി, ബി സത്യന്‍, വി ശിവന്‍കുട്ടി എന്നിവര്‍ ജനകീയ കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കി.
പ്രക്ഷോഭത്തിന്റെ ഭാഗമായി താഴേ ഘടകങ്ങളില്‍ ഓട്ടേറെ സമര പരിപാടികള്‍ നടക്കും.

---- facebook comment plugin here -----

Latest