Connect with us

Eranakulam

റഹിം പൂക്കടശ്ശേരി വധശ്രമം: ഗള്‍ഫില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Published

|

Last Updated

കൊച്ചി: റഹിം പൂക്കടശ്ശേരി വധശ്രമക്കേസില്‍ നാലാം പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കേരള പോലീസിലെ ആഭ്യന്തര സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ മണപ്പുറം സക്കീന മന്‍സിലില്‍ പി എ റെയ്‌സലിനെയാണ് തൃപ്പൂണിത്തുറ സി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പൂക്കടശ്ശേരി വധശ്രമക്കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് തൃപ്പൂണിത്തുറ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും.
പൂക്കടശ്ശേരി വധശ്രമക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ റെയ്‌സല്‍ ഖത്തറില്‍ നിന്ന് തിരിച്ചുവരുന്ന വഴിയാണ് കരിപ്പൂരില്‍ പിടിയിലായത്. കൊച്ചിയിലെത്തിച്ച് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ പൂക്കടശ്ശേരി വധശ്രമക്കേസില്‍ ഇയാള്‍ക്കുള്ള പങ്ക് സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തടിയന്റവിട നസീറാണ് റഹീം പൂക്കടശ്ശേരിയെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും ഇതില്‍ പങ്കെടുത്തതിന് തനിക്കും നേരത്തെ അറസ്റ്റിലായ മനാഫിനും നസീര്‍ 2,000 രൂപ തന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.
2008 ജനുവരി പത്തിനാണു സ്പിരിച്വല്‍ മൂവ്‌മെന്റ് നേതാവ് റഹീം പൂക്കടശ്ശേരിക്കു നേരേ കാക്കനാട് ഇടച്ചിറയില്‍ ഇന്‍ഫോപാര്‍ക്കിന് സമീപം വെച്ച് വധശ്രമമുണ്ടായത്. പട്ടാപ്പകല്‍ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കഴുത്തില്‍ കോടാലി കൊണ്ടു വെട്ടുകയായിരുന്നു. റഹിം മരിച്ചെന്നു കരുതിയാണ് അക്രമികള്‍ രക്ഷപ്പെട്ടത്. കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അബ്ദുര്‍റഹീമിന്റെ ഫോട്ടോ പത്രങ്ങളില്‍ വന്നതോടെയാണ് അക്രമികളെക്കുറിച്ച് വിവരം കിട്ടിയത്. അബ്ദുര്‍റഹീമടക്കം കേസിലെ മൂന്ന് പ്രതികള്‍ കാശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പതിനഞ്ചോളം പ്രതികളുള്ള കേസില്‍ രണ്ടു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

Latest