Connect with us

Ongoing News

പട്ടികജാതിക്കാരുടെ 12.33 കോടിയുടെ വായ്പകള്‍ എഴുതിത്തള്ളും

Published

|

Last Updated

തിരുവനന്തപുരം: നാലായിരത്തോളം പട്ടികജാതിക്കാരുടെ ഭവന, വാഹന വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മത്സ്യബന്ധനത്തിനിടെ കാണാതാകുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ ഇളവു ചെയ്യാനും യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 10 കോടി രൂപ വരെ നിര്‍മാണ ചെലവുവരുന്ന പാലങ്ങള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ അഞ്ച് കോടി രൂപവരെയുള്ള പാലങ്ങളില്‍ ടോള്‍ പിരിവ് ഒഴിവാക്കിയിരുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് പട്ടികജാതി കുടുംബങ്ങള്‍ എടുത്ത വാഹന വായ്പ, അംബേദ്കര്‍ ഭവന നിര്‍മാണ വായ്പ, വരുമാനാര്‍ജിത (ഇന്‍കം ജനറേറ്റഡ് ലിങ്ക്ഡ്) ഭവനവായ്പ, പുതിയ അംബേദ്കര്‍ ഭവനവായ്പ എന്നിവ എടുത്ത നാലായിരത്തോളം പട്ടികജാതിക്കാരുടെ 12,33,66,000 രൂപയുടെ ബാധ്യതയാണ് എഴുതിത്തള്ളുന്നത്. ഈ തുക സര്‍ക്കാര്‍ പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന് നല്‍കും. പിഴപ്പലിശ ഇനത്തില്‍ ഈടാക്കേണ്ട 58 ലക്ഷം രൂപ കോര്‍പ്പറേഷന്‍ വഹിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യബന്ധനത്തിനിടെ കാണാതാകുന്ന തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം ലഭിക്കാന്‍ ഏഴുവര്‍ഷം വരെ കാത്തിരിക്കണമെന്ന നിലവിലെ ചട്ടത്തില്‍ മാറ്റം വരുത്തും. തൊഴിലാളിയെ മത്സ്യബന്ധനത്തിനിടെ കാണാതായെന്ന കലക്ടറുടെയോ ആര്‍ ഡി ഒയുടെയോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോണ്ട്‌വെച്ച് ആനുകൂല്യങ്ങള്‍ പൂര്‍ണമായി നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഹാര്‍ഡ്‌സില്‍ ജോലി ചെയ്തിരുന്ന പട്ടികജാതിയില്‍പ്പെട്ട 23 പേരെ വിവിധ വകുപ്പുകളില്‍ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് നിയമിക്കും. അഹാര്‍ഡ്‌സിലുണ്ടായിരുന്ന 91 ആദിവാസികളെ നേരത്തേ വനം വകുപ്പില്‍ വാച്ചര്‍മാരായി നിയമിച്ചിരുന്നു.
300 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തിയ ക്ഷീരകര്‍ഷക പെന്‍ഷന്‍ കുടിശ്ശിക അടക്കം കൊടുത്തുത്തീര്‍ക്കുന്നതിന് 10 കോടി രൂപ അധികമായി അനുവദിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ ചുഴലിക്കാറ്റില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തര സഹായമായി ഒരു കോടി രൂപ അനുവദിച്ചു. ചുഴലിക്കാറ്റില്‍ ഒമ്പതു വീടുകള്‍ പൂര്‍ണമായി തകരുകയും 66 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. കൊച്ചിയില്‍ റീജ്യനല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ആരംഭിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ശബരിമല റോഡുകള്‍ അടിയന്തരമായി നന്നാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച 122 കോടി രൂപയുടെ പ്രത്യേക പാക്കേജ് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തി ആവശ്യമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പോലീസ് സര്‍വകലാശാല ആരംഭിക്കുന്നത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ നിയമമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പാചകവാതക പ്ലാന്റുകളിലെ മിന്നല്‍ പണിമുടക്കിനെതിരെ എസ്മ പ്രയോഗിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അതേസമയം തുടര്‍ച്ചയായ സമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് സംബന്ധിച്ച സര്‍ക്കാറിന്റെ ആശങ്ക മാനേജ്‌മെന്റിനെയും തൊഴിലാളി സംഘടനകളെയും അറിയിച്ചിട്ടുണ്ട്. മിന്നല്‍ പണിമുടക്ക് ശരിയല്ലെന്നും സര്‍ക്കാറിന് ഇടപെടാന്‍ അവസരം ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മദ്യനയം സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്ച ഡ്രൈഡേ ആക്കി പ്രഖ്യാപിച്ചതിനെതിരെ ടൂറിസം മേഖലയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യമുള്‍പ്പെടെയുള്ളവ കോടതി വിധിക്ക് ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Latest