Connect with us

National

പ്ലസ്ടു: ചില സ്‌കൂളുകള്‍ക്ക് മാത്രം ബാച്ചുകള്‍ പുനഃസ്ഥാപിക്കരുതെന്ന് സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്ലസ്ടു ബാച്ചുകള്‍ നഷ്ടമായ സ്‌കൂളുകളില്‍ ചിലര്‍ക്ക് മാത്രം ബാച്ച് പുനഃസ്ഥാപിച്ച് നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
ഹൈക്കോടതി വിധിക്ക് സ്‌റ്റേ നല്‍കി സര്‍ക്കാര്‍ അനുമതി നല്‍കിയ ബാച്ചുകള്‍ക്ക് മുഴുവന്‍ അംഗീകാരം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്ലസ്ടു ബാച്ചുകള്‍ തുടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ആറ് സ്‌കുളൂകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ മാത്രം പരിഗണിച്ച് പ്ലസ്ടു നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. ആവശ്യകത കണക്കിലെടുത്താണ് പ്ലസ്ടുവിന് പുതിയ ബാച്ചുകള്‍ അനുവദിച്ചത്. ജനവികാരം മനസ്സിലാക്കി എം എല്‍ എമാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തീരുമാനം. അതിനാല്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഹരജി നല്‍കിയ സ്‌കൂളുകള്‍ക്ക് മാത്രം പ്ലസ്ടു ബാച്ചുകള്‍ നല്‍കുന്നതിനോട് യോജിപ്പില്ലെന്നും ആവശ്യമെങ്കില്‍ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ സാഹചര്യമൊരുക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് 15ന് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസ് 17ന് വീണ്ടും കോടതി പരിഗണിക്കും.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പുതുതായി അനുവദിച്ച 285 പ്ലസ്ടു ബാച്ചുകളാണ് റദ്ദായിരുന്നത്. അധ്യയന വര്‍ഷം ഏറെ പിന്നിട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകില്ലെന്നും നിലപാടെടുത്തിരുന്നു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശിപാര്‍ശ ചെയ്ത സ്‌കൂളുകളുടെ പട്ടിക മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതാണ് കോടതി തടഞ്ഞത്.
640 ബാച്ചുകള്‍ക്കാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശിപാര്‍ശ ചെയ്തത്. ഡയറക്ടര്‍ പരിശോധന നടത്തി തയ്യാറാക്കിയ പട്ടികയില്‍ നിന്ന് 225 ബാച്ചുകള്‍ മന്ത്രിസഭാ ഉപസമിതി ഒഴിവാക്കി. പകരം 285 ബാച്ചുകള്‍ ഉള്‍പ്പെടുത്തി. ഇതുള്‍പ്പെടെ 700 ബാച്ചുകളടങ്ങിയ പട്ടികക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നത്. ഡയറക്ടര്‍ ശിപാര്‍ശ ചെയ്ത സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാനായിരുന്നു സിംഗില്‍ ബെഞ്ച് വിധി. ഡിവിഷന്‍ ബെഞ്ച് ഇത് ശരിവെക്കുകയും ചെയ്തു.

 

Latest