Connect with us

Ongoing News

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പുതിയ കടാശ്വാസ പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള കടാശ്വാസ പദ്ധതി കഴിഞ്ഞ സെപ്തംബര്‍ 30ന് അവസാനിച്ച സാഹചര്യത്തില്‍ പുതിയ പദ്ധതി ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പുതിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതിക്കായി 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ, വാഹന വായ്പ, ഗൃഹോപകരണ വായ്പ, ആഡംബര വസ്തുക്കള്‍ വാങ്ങിയതിലെ ബാധ്യത എന്നിവ ഒഴികെയുള്ള കടങ്ങള്‍ക്കായിരിക്കും സഹായം അനുവദിക്കുക. 50, 000 രൂപവരെയുള്ള കടങ്ങള്‍ക്ക് 10 കോടി രൂപയും 50,000 മുതല്‍ രണ്ട് ലക്ഷം രൂപവരെയുള്ള കടങ്ങള്‍ക്ക് 12 കോടി രൂപയും ഇതിന് മുകളിലുള്ള കടങ്ങള്‍ക്ക് മൂന്ന് കോടി രൂപയും വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിത ബാധിതരുടെയും കുടുംബാംഗങ്ങളുടെയും കടമാണ് എഴുതിത്തള്ളുക.
ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ മരുന്ന് ഉത്പാദന സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ വികസനത്തെകുറിച്ച് ചര്‍ച്ച ചെയ്യും. ഔഷധവില നിയന്ത്രണത്തിന് കര്‍ശന നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും. പോലീസ് സര്‍വകലാശാല രൂപവത്കരണത്തിനായുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കും. ഇതിനെകുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. മദ്യവില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉള്‍ക്കൊള്ളുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചിട്ടുണ്ട്.

Latest