Connect with us

Ongoing News

വാഹനം തടഞ്ഞ് കുടുംബത്തെ ബുദ്ധിമുട്ടിച്ച എം വി ഐയെ സ്ഥലം മാറ്റണം: മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: ഉംറ കര്‍മങ്ങള്‍ പഠിക്കുന്നതിനുള്ള ക്ലാസ്സില്‍ പങ്കെടുക്കാന്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെയും നാല് വയസ്സുള്ള കുഞ്ഞിനെയും 80 വയസ്സുള്ള ഭര്‍തൃമാതാവിനെയും രണ്ട് മണിക്കൂറിലധികം റോഡില്‍ നിര്‍ത്തി ബുദ്ധിമുട്ടിച്ച അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റാനും വകുപ്പുതല നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു.
കമ്മീഷന്റെ നിര്‍ദേശാനുസരണം സംഭവത്തെ കുറിച്ച് അനേ്വഷണം നടത്തിയ ഗതാഗത വകുപ്പ് കമ്മീഷണര്‍ സ്വന്തം വകുപ്പില്‍ ജോലിചെയ്യുന്നവരെ സംരക്ഷിക്കാന്‍ ശ്രമിച്ചതായും കമ്മീഷന്‍ കണ്ടെത്തി. ഇത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കും.
201ന്‍ ഡിസംബര്‍ 7 നായിരുന്നു സംഭവം. ഉംറ കര്‍മങ്ങള്‍ പഠിക്കാന്‍ കാറില്‍ വടക്കാഞ്ചേരിക്ക് പോകുകയായിരുന്ന പറവൂര്‍ സ്വദേശി റീജയേയും കുടുംബത്തെയുമാണ് വടക്കാഞ്ചേരി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ പി വി ബിജു തടഞ്ഞു നിര്‍ത്തി കാര്‍ ടാക്‌സിയാണെന്ന് ആരോപിച്ച് 3,000 രൂപ പിഴയടപ്പി ച്ചത്.
കമ്മീഷന്‍ ഗതാഗത വകു പ്പു കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടു. പരാതിക്കാരി നേരില്‍ ഹാജരാകാത്തതിനാല്‍ കുറ്റം തെളിയിക്കാനായില്ലെന്ന് കമ്മീഷണര്‍ വിശദീകരിച്ചു. അതേസമയം പരാതിക്കാരി ജോയിന്റ് ആര്‍ ടി ഒ ക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയതിന്റെ രേഖകള്‍ കമ്മീഷനില്‍ ഹാജരാക്കി.
പരാതിക്കാരിയുടെ ഭാഗത്ത് തെറ്റില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. പരാതിക്കാരി പിഴ അടച്ചതുകൊണ്ട് കുറ്റം ചെയ്തു എന്നതിന് അര്‍ഥമില്ല. റോഡില്‍ നിര്‍ത്തി കുഞ്ഞിനു മരുന്നും ഭര്‍തൃമാതാവിന് ഭക്ഷണവും നല്‍കാനാകാതെ മണിക്കുറുകളോളം ബുദ്ധിമുട്ടിച്ചാല്‍ ആരായാലും പിഴയടച്ചുപോകുമെന്നും ജസ്റ്റിസ് ജെ ബി കോശി നിരീക്ഷിച്ചു. മാത്രവുമല്ല കുടുംബ സുഹൃത്തിന്റെ കാറില്‍ ടാക്‌സിയല്ലാതെ സഞ്ചരിക്കാന്‍ യാതൊരു നിയമ തടസ്സവുമില്ല. കാറിന്റെ രേഖകള്‍ ഹാജരാക്കിയപ്പോള്‍ വേണമെങ്കില്‍ ഉടമസ്ഥന്റെ വിലാസം കുറിച്ചെടുത്ത് നോട്ടീസ് അയക്കാമായിരുന്നു.
പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളും ഹാജരാക്കിയ തെളിവുകളും അനുസരിച്ച് പി വി ബിജുവിനെതിരെയുള്ള പരാതി സത്യമാണെന്ന് വിശ്വസിക്കുന്നതായി ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ നിരീക്ഷിച്ചു.
എം വി ഐ ബിജു ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കമ്മീഷണര്‍ക്കും അയച്ചു.

 

Latest