Connect with us

Ongoing News

ദേശീയ ഗെയിംസ്: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. അഞ്ച് ജില്ലകളിലായി രണ്ട് പുതിയ സ്റ്റേഡിയങ്ങളടക്കം 35 നിര്‍മാണ നവീകരണ പ്രവര്‍ത്തനങ്ങളാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ഇതില്‍ 13 എണ്ണത്തിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. എട്ടെണ്ണം അന്തിമഘട്ടത്തിലാണ്. ശേഷിക്കുന്നവയില്‍ ഭൂരിഭാഗവും 85 ശതമാനത്തിലധികം പൂര്‍ത്തിയായി. ബാക്കിയുള്ള അഞ്ചെണ്ണം ഗെയിംസിനു മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് അറിയിച്ചു. അതേസമയം ഹോക്കി മത്സരം നടക്കേണ്ട കൊല്ലം സ്റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ മാത്രമാണ് ആശങ്കയുള്ളത്.
സ്റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ നിര്‍മാണം 98 ശതമാനം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഗ്രൗണ്ടില്‍ സിന്തിറ്റിക് സര്‍ഫസ് വിരിക്കുന്ന പ്രവൃത്തികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ പ്രവര്‍ത്തികളില്‍ ഇനിയും വൈകിയാല്‍ അതു ഗെയിംസിന്റെ മത്സരങ്ങളെ പ്രതികൂലമായി ബാധിക്കും. ഗ്രൗണ്ടില്‍ മണ്ണു നിറച്ചു നിരപ്പാക്കുന്ന പണികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. 70 ലോഡ് മണ്ണ് ഇതിനായി വേണ്ടിവരും. ഇത്തരത്തില്‍ മണ്ണു നിറക്കുന്നതിന് വിവിധ വകുപ്പുകളുടെ അനുമതി അവശ്യമാണ്. ഇത്തരത്തില്‍ അനുമതി ലഭിക്കാത്തതാണ് പണികള്‍ അനന്തമായി നീണ്ടുപോകാന്‍ കാരണം. ഗ്രൗണ്ടിനു മുകളില്‍ വിരിക്കേണ്ട സിന്തിറ്റിക് സര്‍ഫസിനുള്ള സാമഗ്രികള്‍ സ്റ്റേഡിയത്തില്‍ നേരത്തെ എത്തിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ കാരണം പണികള്‍ നീണ്ടു പോകുന്നതില്‍ ഗെയിംസ് സെക്രട്ടേറിയറ്റും ആശങ്കയിലാണ്.
തിരുവനന്തപുരത്തു നിര്‍മിക്കുന്ന ഗെയിംസ് വില്ലേജിന്റെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. 70 ശതമാനം നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഗെയിംസ് വില്ലേജിനകത്തെ റോഡുകളുടെ നിര്‍മാണവും ഉദ്യാനങ്ങളുടെ നിര്‍മാണവും ഇതില്‍ ഉള്‍പ്പെടും. കേരളത്തിന്റെ തനതു സസ്യങ്ങളും ആയുര്‍വേദ സസ്യങ്ങളും നിറഞ്ഞ ഉദ്യാനമാണു നിര്‍മിക്കുക. വില്ലേജില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മലിന ജലത്തിന്റെ ഒരുഭാഗം റീസൈക്കിള്‍ ചെയ്ത് ഉദ്യാനത്തിലെ ചെടികള്‍ നനക്കാന്‍ ഉപയോഗിക്കും. മാലിന്യ സംസ്‌കരണത്തിനായി വില്ലേജിനകത്തു സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും നിര്‍മിക്കുന്നുണ്ട്. വില്ലേജിനകത്തുള്ള വൈദ്യുതി വിതരണത്തിനുള്ള സംവിധാനങ്ങള്‍ 39.46 ലക്ഷം രൂപ ചെലവില്‍ കെ എസ് ഇ ബി നിര്‍മിക്കും.

 

Latest