Connect with us

Gulf

ഹജ്ജ് വേളയിലെ സെല്‍ഫി നിന്ദയെന്ന്: നിരോധിക്കണമെന്ന് ആവശ്യം

Published

|

Last Updated

റിയാദ്: വിശുദ്ധമായ ഹജ്ജ് കര്‍മത്തിനിടെ സെല്‍ഫിയെടുക്കുന്നതിനെ ചൊല്ലി വിവാദം. ഇതിനെതിരെ വിവിധ കാരണങ്ങള്‍ നിരത്തി രംഗത്തെത്തിയവര്‍, ഹജ്ജ് കര്‍മത്തിനിടെ സെല്‍ഫിയെടുക്കുന്നത് നിരോധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വിശുദ്ധ സ്ഥലങ്ങളില്‍ വെച്ചുള്ള സെല്‍ഫിയെടുക്കല്‍ നിന്ദിക്കലാണെന്നും ഒരു കൂട്ടം പണ്ഡിതര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹജ്ജിനിടയിലെ ഇത്തരം പ്രവൃത്തികളുടെ നിയമസാധുതയെ സംബന്ധിച്ചാണ് വാഗ്വാദം നടക്കുന്നത്.
കഅ്ബ ഉള്‍പ്പെടെയുള്ള പുണ്യ സ്ഥലങ്ങളെ പശ്ചാത്തലമായി എടുത്ത ഇത്തരം ഫോട്ടോകള്‍ ഫേസ്ബുക്ക്, വാട്‌സ് ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന കാഴ്ചകള്‍ വര്‍ധിച്ചതാണ് സെല്‍ഫിക്കെതിരെ വിമര്‍ശങ്ങള്‍ ഉയരാന്‍ കാരണം. ഇസ്‌ലാമിലെ നിര്‍ബന്ധ കാര്യങ്ങളില്‍ ഒന്നായ ഹജ്ജിനെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ പോലെയാക്കുന്നതാണ് സെല്‍ഫിയെടുക്കലെന്നും ഒരു വിഭാഗം പണ്ഡിതര്‍ കുറ്റപ്പെടുത്തുന്നു. സെല്‍ഫികള്‍ ഒരിക്കലും സ്വീകാര്യമല്ലെന്ന് ബോസ്‌നിയയില്‍ നിന്നു വന്ന തീര്‍ഥാടകന്‍ പറഞ്ഞു. ഇത് ഹജ്ജിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നതാണെന്നും ഇത്തരം പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ചിലര്‍ വിമര്‍ശിക്കുന്നു. പുണ്യ സ്ഥലങ്ങളില്‍ പൂര്‍ണമായും ക്യാമറകളും സ്മാര്‍ട്ട് ഫോണുകളും നിരോധിക്കണമെന്ന് പാക്കിസ്ഥാനില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകനായ മന്‍സൂര്‍ ജഅ്ഫര്‍ പറഞ്ഞു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ എത്തിച്ചേരുന്ന ഇത്തരം സ്ഥലങ്ങളിലെ ഫോട്ടോകള്‍ സൂക്ഷിക്കുന്നത് വിലക്കേണ്ടതില്ലെന്നാണ് സെല്‍ഫി അനുകൂലികളുടെ അഭിപ്രായം.

Latest