Connect with us

Gulf

ഹജ്ജ്: സഊദി സര്‍ക്കാറിന്റെ സേവനം മഹത്തരം- കാന്തപുരം

Published

|

Last Updated

ജിദ്ദ: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്തുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് വേണ്ടി, പുണ്യ ഭൂമികളില്‍ സഊദി ഭരണകൂടം ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും സേവനങ്ങളും അതുല്യമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
ഹജ്ജ് കര്‍മത്തിനായി എത്തിയ സുന്നി നേതാക്കള്‍ക്ക് ജിദ്ദയില്‍ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഊദി ഹജ്ജ് മന്ത്രാലയവും ഗ്രാമവികസന മന്ത്രാലയവും അറഫ, മിനാ, മുസ്ദലിഫ എന്നിവിടങ്ങളിലും വിശുദ്ധ ഹറമുകളിലും ചെയ്തുകൊണ്ടിരിക്കുന്ന വികസന, സേവന പ്രവൃത്തികള്‍ ലോകത്തിനു തന്നെ മാതൃകയാണ്, കാന്തപുരം പറഞ്ഞു.
മനുഷ്യന്റെ ജീവനും അഭിമാനവും വിലപ്പെട്ടതാണ്. മതത്തിന്റെ ലേബലില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന പ്രവൃത്തി ഒരിക്കലും അംഗീകരിക്കാനാവില്ല. മനുഷ്യനെ ബഹുമാനിക്കാനും അഭിമാനത്തിന് വില കല്‍പ്പിക്കാനും പഠിപ്പിച്ച മതമാണ് ഇസ്‌ലാം, കാന്തപുരം പറഞ്ഞു. കേരളത്തിലേതു പോലെ വിദ്യാഭ്യാസവും ശിക്ഷണവും ലഭിച്ചാല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളേയും മാറ്റി മറിക്കാന്‍ സാധിക്കും. വിദ്യാഭ്യാസ വിപ്ലവത്തിനേ പിന്നാക്കാവസ്ഥക്ക് മാറ്റം വരുത്താനാകൂ എന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
മര്‍കസ് ജിദ്ദാ കമ്മറ്റിയും, ഐസിഎഫ്, ആര്‍ എസ് സി ജിദ്ദാ കമ്മറ്റികളും സംയുക്തമായി കിലോ രണ്ടിലെ മുദ്ഹല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ അറബ് പ്രമുഖരടക്കം നിരവധിപേര്‍ സംബന്ധിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ അല്‍ഹര്‍ബി, അബ്ദുല്ല ഉബൈദി, ഡോ. ഫായിസ്, ഹംദാന്‍ അല്‍ ഔഫി, ഉസ്മാന്‍ യഹ്‌യ അല്‍ ബക്‌രി, ഗാമണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് റഫീഖ് എന്നിവര്‍ പങ്കെടുത്തു.
സയ്യിദ് ഹബീബ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ഹകീം അസ്ഹരി, സുലൈമാന്‍ സഖാഫി മാളിയക്കല്‍, ഡോ. ഫാറൂഖ് നഈമി, സയ്യിദ് തുറാബ് സഖാഫി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, മുഹ്‌യിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുര്‍റഹിമാന്‍ മളാഹിരി എന്നിവര്‍ സംസാരിച്ചു.

Latest