Connect with us

Gulf

വിദ്യാഭ്യാസ മേഖലയില്‍ ജി സി സി 9,000 കോടി ഡോളര്‍ ചെലവഴിക്കേണ്ടി വരും

Published

|

Last Updated

ദുബൈ: വിദ്യാഭ്യാസ മേഖലയില്‍ ജി സി സി രാജ്യങ്ങള്‍ 9,000 കോടി യു എസ് ഡോളര്‍ ചെലവഴിക്കേണ്ടി വരുമെന്ന് പഠനം. വെഞ്ചേഴ്‌സ് മിഡില്‍ ഈസ്റ്റിന്റെ കീഴില്‍ വിദ്യാഭ്യാസ രംഗത്തെ മുതല്‍ മുടക്കുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ദ ബിഗ് 5 റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജി സി സി മേഖലയില്‍ 2014നും 2018നും ഇടയില്‍ ജനസംഖ്യ 5.58 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് അനുസൃതമായാണ് വിദ്യാഭ്യാസ മേഖലയിലും വന്‍ മുതല്‍ മുടക്ക് സമീപഭാവിയില്‍ വേണ്ടി വരിക. ഇപ്പോഴത്തെ ജനസംഖ്യ 5.06 കോടിയാണ് ഇതാണ് അരക്കോടിയോളം നാലു വര്‍ഷത്തിനകം വര്‍ധിക്കാന്‍ പോകുന്നത്.
രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ രംഗത്തെ സ്ഥാപനങ്ങള്‍ ജി സി സി മേഖലയില്‍ വന്‍തോതില്‍ മൂലധനം ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ രാജ്യങ്ങള്‍ അടുത്ത കാലത്തായി വിദ്യാഭ്യാസ വികസനത്തിന് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. ഇതുകൊണ്ടു തന്നെ വന്‍ നിക്ഷേപമാണ് വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മേഖലയില്‍ എത്തുന്നത്. സര്‍ക്കാരുകള്‍ ഇതിനായി ആവശ്യമായ എല്ലാ സഹായവും നല്‍കുന്നതും മൂലധനത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കുന്ന ഘടകമാണ്.
ജി സി സി രാജ്യങ്ങളിലെ ജനസംഖ്യയില്‍ യുവജനങ്ങളാണ് കൂടുതലെന്നതിനാലാണ് വിദ്യാഭ്യാസ മേഖലക്ക് വന്‍ പ്രാധാന്യം ലഭിക്കുന്നതെന്ന് ദ ബിഗ് 5 ഡയറക്ടര്‍ ആന്‍ഡി വൈറ്റ് വ്യക്തമാക്കി. മേഖലയിലെ ഏറ്റവും വലിയ രാജ്യമായ സഊദി അറേബ്യയിലാവും വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തുക.
സഊദിയില്‍ 5,600 കോടി ഡോളര്‍ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 465 പുതിയ വിദ്യാലയങ്ങള്‍ നിര്‍മിക്കപ്പെടും. നിലവിലെ 1,500 വിദ്യാലയങ്ങള്‍ പുനരുദ്ധരിക്കപ്പെടും. പുതിയ ക്ലാസ് മുറി ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം 1,544 വിദ്യാലയങ്ങളില്‍ നടക്കുന്നുണ്ട്. അവ തുടരും. വെക്കേഷണല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സൗകര്യങ്ങളോടെ പുതിയ എട്ടു കോളജുകളും രാജ്യത്ത് ഉയരും.
ബിഗ് 5ന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസരംഗത്തെ സാധ്യതകളിലേക്ക് ഏവരുടെയും ശ്രദ്ധ തിരിയാന്‍ ലക്ഷ്യമാക്കി അടുത്ത മാസം 17 മുതല്‍ 20 വരെ ദുബൈയില്‍ ശില്‍പശാല സംഘടിപ്പിക്കും. രാവിലെ 11 മുതല്‍ രാത്രി ഏഴു വരെയാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ശില്‍പശാല നടക്കുക. വിദ്യാലയങ്ങളുടെ നവീകരണവും നിര്‍മാണവും ഉള്‍പ്പെടെയുള്ളവയില്‍ ആധുനിക സാങ്കേതികവിദ്യയുടെ സാന്നിധ്യവും സ്ഥാനവും എത്രത്തോളമാണെന്ന് ബോധ്യപ്പെടാനും ശില്‍പശാല ഉപകരിക്കും.
അടുത്ത നാലു വര്‍ഷത്തിനകം ജി സി സി രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം ക്രമാതീതമായി ഉയരും. 2014നും 2016നും ഇടയില്‍ 1.11 കോടിയില്‍ നിന്ന് 1.16 കോടിയായി വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കും. 2014ല്‍ മൊത്തം ബജറ്റ് തുകയുടെ 21 ശതമാനം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചെലവഴിക്കാനാണ് യു എ ഇ തീരുമാനിച്ചിരിക്കുന്നത്. 260 കോടി ഡോളറോളം വരുമിത്. ഖത്തര്‍ 720 കോടി ഡോളറാണ് ചെലവഴിക്കുക.
കഴിഞ്ഞ വര്‍ഷം അവര്‍ ചെലവിട്ടതിലും 7.3 ശതമാനം കൂടുതലാണ് ഈ വര്‍ഷത്തെ തുക. മൊത്തം ബജറ്റിന്റെ 18.6 ശതമാനം തുകയാണ് ഒമാന്‍ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരിക്കുന്നത്. 680 കോടി ഡോളറോളം വരുമിത്. രാജ്യത്തെ സ്വദേശികളായ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായി നല്‍കാനും ഒമാന്‍ ലക്ഷ്യമിടുന്നു.
കുവൈത്ത് 100.5 കോടി ഡോളറാണ് ചെലവിടുന്നത്. ബജറ്റിന്റെ 14.2 ശതമാനത്തോളം വരുന്ന തുകയാണ് ഇതിനായി മാറ്റിവെക്കുന്നത്. ബഹ്‌റൈന്‍ 200.2 കോടി ഡോളറാണ് വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരിക്കുന്നതെന്നും ആന്‍ഡി വൈറ്റ് വെളിപ്പെടുത്തി.