Connect with us

Gulf

ഷാര്‍ജ പുസ്തകമേളയില്‍ ഡാന്‍ ബ്രൗണ്‍ അതിഥി; മലയാളത്തില്‍ നിന്ന് സേതു, ശശിതരൂര്‍ തുടങ്ങിയവര്‍

Published

|

Last Updated

ഷാര്‍ജ: നവംബര്‍ അഞ്ചിന് ആരംഭിക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ അതിഥിയായി പ്രസിദ്ധ നോവലിസ്റ്റ് ഡാന്‍ ബ്രൗണ്‍ എത്തും. രാജ്യാന്തര തലത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നായ ദി ഡാവിഞ്ചി കോഡിന്റെ രചയിതാവാണ് ഡാന്‍ ബ്രൗണ്‍. നവംബര്‍ ആറ് വൈകുന്നേരം 7.30നാണ് അദ്ദേഹം സംസാരിക്കുകയെന്ന് ഡയറക്ടര്‍ അഹ്മദ് അല്‍ അമീരി അറിയിച്ചു. 11 ദിവസം നീണ്ടുനില്‍ക്കുന്ന 33-ാമത് രാജ്യാന്തര പുസ്തകമേളയില്‍ നിരവധി മലയാള പുസ്തകങ്ങളുടെ അവതരണവും ചര്‍ച്ചയും ഉണ്ടാകും.
മലയാളത്തില്‍ നിന്ന് സാഹിത്യകാരന്‍ സേതു, എഴുത്തുകാരനും എംപിയുമായ ശശിതരൂര്‍, എം പി വീരേന്ദ്രകുമാര്‍ ചലച്ചിത്ര നടി മഞ്ജുവാര്യര്‍, കവി മധുസൂദനന്‍നായര്‍, നോവലിസ്റ്റ് കെ ആര്‍ മീര, പി പി രാമചന്ദ്രന്‍ തുടങ്ങിയവരും ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരായ ചേതന്‍ ഭഗത്, അമിതാവ് ഘോഷ്, അമിഷ് ത്രിപതി, ശിവ് കേദാര്‍ എന്നിവരുമടക്കം ഇന്ത്യയില്‍ നിന്ന് ഇരുപതിലേറെ പേരെത്തും. കൂടാതെ, വിവിധ ഭാഷകളില്‍ നിന്ന് ലോകോത്തര സാഹിത്യകാരന്മാര്‍ മേളയില്‍ സംബന്ധിക്കും. മഞ്ജു വാര്യര്‍ തന്റെ ആദ്യ പുസ്തകമായ സല്ലാപവും ചേതന്‍ ഭഗത് ഏറ്റവും പുതിയ നോവലായ ഹാഫ് ഗേള്‍ഫ്രണ്ടും പരിചയപ്പെടുത്തും.
മീറ്റ് ദ സ്‌കോളര്‍ പരിപാടിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി സംബന്ധിക്കും.
670 അറബ് പ്രസാധകര്‍, 340 രാജ്യാന്തര പ്രസാധകര്‍ ഉള്‍പ്പെടെ ആകെ 1,010 പ്രദര്‍ശനക്കാര്‍ ഇപ്രാവശ്യം അണിനിരക്കും. മലയാളത്തില്‍ നിന്ന് ഡിസി ബുക്‌സ്, മാതൃഭൂമി, ഗ്രീന്‍ ബുക്‌സ്, ഒലിവ്, കൈരളി, ചിന്ത, ലീഡ് ബുക്‌സ്, പ്രവാസി രിസാല, ആല്‍ഫ വണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മൂന്ന് ലക്ഷം അറബ് ടൈറ്റിലുകളും 85,000 ഇതര ടൈറ്റിലുകളും പ്രദര്‍ശിപ്പിക്കും. പുസ്തക പ്രദര്‍ശനവും വില്‍പനയും കൂടാതെ, സെമിനാറുകള്‍, ശില്പശാലകള്‍, പ്രഭാഷണങ്ങള്‍, പുസ്തക പ്രകാശനം, ബുക്ക് സൈനിങ്, അതിഥികള്‍ക്ക് ആദരം, നാടകങ്ങള്‍, നാടന്‍ കലകള്‍, കുട്ടികളുടെ പരിപാടികള്‍, തത്സമയ പാചകം തുടങ്ങിയവ അരങ്ങേറും. പ്രവാസി മലയാളികളുടെ പുസ്തക പ്രകാശനവുമുണ്ടായിരിക്കും. സിറാജ് ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ പവലിയനും ചിത്ര രചനാ മത്സരവും ഉണ്ടാകും.

 

Latest