Connect with us

International

നീല എല്‍ ഇ ഡി: ജപ്പാന്‍ വംശജര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍

Published

|

Last Updated

സ്റ്റോക്ക്‌ഹോം: നീല എല്‍ ഇ ഡി വിളക്ക് വികസിപ്പിച്ച ജപ്പാന്‍ വംശജരായ ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍. ജപ്പാന്‍ വംശജരായ ഇസാമു അകാസാകി, ഹിരോഷി അമാനോ, ഷൂജി നകാമുറ എന്നിവര്‍ക്കാണ് നൊബേല്‍. ഇതില്‍ ഷൂജി നകാമുറ ഇപ്പോള്‍ അമേരിക്ക ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്ന ഗവേഷകനാണ്. നീല വെളിച്ചം പ്രസരിക്കുന്ന ലൈറ്റ് എമിറ്റിംഗ് ഡയോഡ് (എല്‍ ഇ ഡി) വഴി ഇന്ധന കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ പ്രകാശ സ്രോതസ്സാണ് ഈ മൂന്ന് ഗവേഷകര്‍ കണ്ടെത്തിയതെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. അവരുടെ കണ്ടുപിടിത്തം വിപ്ലവകരമാണ്. ഇരുപതാം നൂറ്റാണ്ട് ഇന്‍കാന്‍ഡസന്‍ഡ് ബള്‍ബുകളുടെതാണെങ്കില്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് എല്‍ ഇ ഡി വിളക്കുകളുടെതാണെന്നും ഈ നേട്ടത്തിനാണ് ഈ മൂന്ന് ഗവേഷകര്‍ നൊബേല്‍ പങ്കിടുന്നതെന്നും സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
1990കളിലാണ് അര്‍ധ ചാലകത്തില്‍ നിന്ന് നീല വെളിച്ചം സൃഷ്ടിക്കാനാകുമെന്ന് അകാസാകിയും അമാനോയും നകാമുറയും കണ്ടെത്തിയത്. പ്രകാശ സാങ്കേതിക വിദ്യയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് തന്നെ ഇത് നാന്ദിയായി. മറ്റു പലരും തോറ്റിടത്താണ് അവര്‍ വിജയം വരിച്ചത്. മനുഷ്യ വര്‍ഗത്തിന് ഏറ്റവുമധികം പ്രയോജനം ചെയ്യുന്ന കണ്ടെത്തലിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന ആല്‍ഫ്രഡ് നൊബേലിന്റെ ആഗ്രഹം സഫലമാക്കുന്ന തരത്തിലുള്ളതാണ് പുരസ്‌കാര നിര്‍ണയമെന്നും നൊബേല്‍ കമ്മിറ്റി പറയുന്നു.
പച്ച, ചുവപ്പ് എല്‍ ഇ ഡികള്‍ നേരത്തേ പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ നീല വെളിച്ചം സമ്മേളിപ്പിച്ചാല്‍ മാത്രമേ വെള്ള വെളിച്ചം സാധ്യമാകുമായിരുന്നുള്ളൂ. ഇങ്ങനെ നീല വെളിച്ചം സമ്മേളിപ്പിച്ച് തീവ്രതയേറിയ പ്രകാശമുള്ളതും കുറഞ്ഞ ഊര്‍ജം ചെലവാകുന്നതുമായ വൈദ്യുത വിളക്കുകള്‍ക്ക് രൂപം നല്‍കിയെന്നതാണ് നൊബേല്‍ ജേതാക്കളാകുന്ന ഈ ഗവേഷകരുടെ നേട്ടം. അകസാകിയും അമാനോയും ജപ്പാനിലെ നഗൊയാ സര്‍വകലാശാലയിലും നകാമുറ നിചിയ കെമിക്കല്‍സിലുമാണ് തങ്ങളുടെ ഗവേഷണങ്ങള്‍ നടത്തിയത്. വൈദ്യുതി ലൈനുകള്‍ അപ്രാപ്യമായ പ്രദേശങ്ങളില്‍ സൗരോര്‍ജത്തില്‍ ദീര്‍ഘനേരം പ്രവര്‍ത്തിക്കുമെന്നതാണ് എല്‍ ഇ ഡികളുടെ പ്രത്യേകത. നാകാമുറ ഇപ്പോള്‍ യു എസ് പൗരനാണ്. 1.1 മില്യണ്‍ ഡോളര്‍ സമ്മാനത്തുക മൂവരും പങ്കിടും.
കഴിഞ്ഞ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ ദ്രവ്യത്തിന് പിണ്ഡം നല്‍കുന്ന തെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിഗ്‌സ് ബോസോണുകള്‍ കണ്ടെത്തിയ പീറ്റര്‍ ഹിഗ്‌സിനും ഫ്രാങ്കോയിസ് ഇംഗഌട്ടിനുമായിരുന്നു.

---- facebook comment plugin here -----

Latest