Connect with us

Kozhikode

വായ്പാകാലാവധി തീര്‍ന്നില്ല; പട്ടികജാതി കുടുംബത്തിന്റെ വീടൊഴിപ്പിക്കാന്‍ ശ്രമം

Published

|

Last Updated

കോഴിക്കോട്: വായ്പാകാലാവധി അവസാനിക്കാന്‍ വര്‍ഷങ്ങള്‍ ബാക്കിയിരിക്കെ ലോണ്‍ തുക അടച്ചില്ലെന്ന കാരണത്താല്‍ പട്ടികജാതി കുടുംബത്തിന്റെ വീടൊഴിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി കേരള സംസ്ഥാന കടം കടക്കെണി പീഡിതര്‍ സംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഫറോക്ക് ഈസ്റ്റ്‌നല്ലൂര്‍ സ്വദേശിയായ എ സുബ്രഹ്മണ്യനും ഭാര്യ ബിജുനയും ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റ് ആരംഭിക്കാന്‍ 2013 ല്‍ യൂനിയന്‍ ബേങ്കിന്റെ ഫറോക്ക് ബ്രാഞ്ചില്‍ പി എം ആര്‍ വൈ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ചിരുന്നു. ഇതില്‍ രണ്ട് ലക്ഷം രൂപ ലഭിച്ചെന്നും സബ്‌സിഡിയായി ലഭിക്കേണ്ട ഒരു ലക്ഷം പിന്നീട് ബേങ്ക് നല്‍കിയില്ലെന്നും ബിജുന പറഞ്ഞു. ഇതുമൂലം ഫര്‍ണിച്ചര്‍ സ്ഥാപനം പ്രതിസന്ധിയിലായി.
ഇതിനകം 39,700 രൂപ തിരിച്ചടച്ചെങ്കിലും ഒക്‌ടോബര്‍ നാലിന് മുന്‍പ് രണ്ട് ലക്ഷം രൂപ തിരിച്ചടച്ചില്ലെങ്കില്‍ വീടും സ്ഥലവും ഒഴിപ്പിക്കുമെന്നും കോടതി നടപടി സ്വീകരിക്കുമെന്നും ബേങ്ക് മാനേജര്‍ അറിയിച്ചതായും ബിജുന പറയുന്നു.
തിരിച്ചടവിന് അഞ്ച് വര്‍ഷം കാലാവധിയുള്ളത് പരിഗണിക്കാതെയാണ് ബേങ്ക് നടപടി സ്വീകരിക്കുന്നത്. ഇതിനെതിരെ പട്ടികജാതി മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് രവിവര്‍മരാജ, വൈസ് പ്രസിഡന്റ് അഡ്വ. ടി ബി മിനി, എം പി ഷാഹുല്‍ ഹമീദ് പങ്കെടുത്തു.

Latest