Connect with us

Kozhikode

ആര്‍ പി മാള്‍: സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദനമേറ്റ് മരിച്ച സംഭവം; അറസ്റ്റിലായ പ്രതികളുടെ പങ്ക് വ്യക്തം: പോലീസ്

Published

|

Last Updated

കോഴിക്കോട്: ആര്‍ പി മാളിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ സത്യപ്രകാശ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രണ്ട് പ്രതികളുടെയും പങ്ക് വ്യക്തമെന്ന് പോലീസ്. കൂടുതല്‍ പ്രതികളുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.
ക്യൂവില്‍ ടിക്കറ്റ് എടുക്കാന്‍ എത്തിയവര്‍ സംഭവസ്ഥലത്ത് കാഴ്ചക്കാരായി ചുറ്റും കൂടിയതിനാല്‍ തിയേറ്റര്‍ ജീവനക്കാരും സെക്യൂരിറ്റിക്കാരും തെറ്റിദ്ധരിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. എങ്കിലും കൂടുതല്‍ പ്രതികളുണ്ടോയെന്നറിയാന്‍ വീണ്ടും തിയേറ്ററിലെ സി സി ടിവി സൂക്ഷ്മമായി പരിശോധിക്കാനും പോലീസ് തീരുമാനിച്ചു. സത്യപ്രകാശ് ഉച്ചഭക്ഷണം കഴിച്ചയുടന്‍ ആണ് വയറിന് ചവിട്ടേറ്റതെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ചവിട്ടിന്റെ ആഘാതത്തില്‍ ആമാശയത്തില്‍ നിന്ന് ഭക്ഷണം മുകളിലേക്ക് വരികയും ഒപ്പം ശ്വാസകോശത്തിന്റെ വാല്‍വ് ഉള്‍പ്പെടെയുള്ള ആന്തരിക ഭാഗങ്ങളില്‍തടസം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഛര്‍ദ്ദിയുമുണ്ടായി. ഇതോടെ ശ്വാസതടസവും ഹൃദയസ്തംഭനവുമുണ്ടായതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ പോലീസിന് കൈമാറി.
തിങ്കളാഴ്ച ഉച്ചയോടെയാണ് ആര്‍ പി മാളിലെ സഫയര്‍ തിയേറ്ററില്‍ സത്യപ്രകാശ് മര്‍ദനമേറ്റ് മരിച്ചത്. ആര്‍ പി മാളിലുള്ള അമിഗോ റെഡിമെയ്ഡ് തുണിക്കടയുടെ വ്യാപാര പങ്കാളിയായ പുത്തന്‍പുരയില്‍ സര്‍ജാസ് (26), ഇയാളുടെ കടയിലെ ജീവനക്കാരന്‍ ഒളവണ്ണ തിരുവത്ത് പറമ്പില്‍ സന്‍മന്‍സില്‍ അജ്മല്‍ (24)എന്നിവരെ ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിരുന്നു. അജ്മല്‍ ടിക്കറ്റ് ബുക്ക് ചെയ്തതിലെ സമയമാറ്റവുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റവും പെട്ടെന്നുണ്ടായ പ്രകോപനവുമാണ് കയ്യേറ്റത്തിലും മര്‍ദനത്തിലുമെത്തിയതെന്ന് പിടിയിലായ ഇരുവരും പോലീസിന് മൊഴി നല്‍കി. സര്‍ജാസും അജ്മലും അവരുടെ കടയുടെ വാതില്‍ തുറന്ന് പുറത്തേക്ക് വരുമ്പോള്‍ മറ്റാരും ഇവര്‍ക്കൊപ്പമില്ലെന്നാണ് സി സി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ജാസിനേയും അജ്മലിനേയും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍ ഹാജരാക്കി. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.