Connect with us

Sports

റണ്ണൊഴുകുന്ന കൊച്ചി; കേഴ്സ്റ്റനെ ആര് മറികടക്കും ?

Published

|

Last Updated

കൊച്ചിയിലെ മത്സരങ്ങള്‍ എന്നും കാണികള്‍ക്ക് ബാറ്റിംഗ് വിരുന്നൊരുക്കി. ഏഴ് മത്സരങ്ങളില്‍ 250 ലേറെ സ്‌കോറിംഗ് നടന്നു. ഇതില്‍ നാല് മത്സരങ്ങളില്‍ മുന്നൂറ് കടന്നു. ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ആദ്യ മത്സരത്തില്‍ തന്നെ സംഭവിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ആസ്‌ത്രേലിയക്കെതിരെ നേടിയ 309 റണ്‍സ്. 2007 ല്‍ ആസ്‌ത്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സടിച്ചതാണ് രണ്ടാമത്തെ വലിയ ടോട്ടല്‍. 2000 ത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അമ്പതോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സടിച്ചു. ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.4 ഓവറില്‍ ഏഴ് വിക്കറ്റിന് 302 നേടി ജയിച്ചു. കൊച്ചിയിലെ മൂന്നാമത്തേയും നാലാമത്തേയും വലിയ ടോട്ടല്‍ ഈ മത്സരത്തിലായിരുന്നു. അതുപോലെ ഒരൊറ്റ മത്സരത്തില്‍ അറുനൂറിലേറെ റണ്‍സൊഴുകിയതും ഈ കളിയില്‍.
നാല് അവസരങ്ങളില്‍ ഇന്ത്യ 250 ലേറെ സ്‌കോര്‍ ചെയ്തപ്പോഴും ജയിച്ചു. സന്ദര്‍ശക ടീമുകളില്‍ ഇവിടെ 250 ലേറെ സ്‌കോര്‍ ചെയ്തത് ആസ്‌ത്രേലിയയും ദക്ഷിണാഫ്രിക്കയും മാത്രം. രണ്ട് തവണ സ്‌കോര്‍ ചെയ്ത് ആസ്‌ത്രേലിയക്കാണ് മുന്‍തൂക്കം.
ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായത് ഇംഗ്ലണ്ടാണ്. 158 റണ്‍സിനാണ് അവര്‍ ആള്‍ ഔട്ടായത്. സിംബാബ്‌വെയോട് 191ന് പുറത്തായ ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. പാക്കിസ്ഥാന്‍ 194നും വെസ്റ്റിന്‍ഡീസ് 211നും ഇവിടെ ആള്‍ ഔട്ടായിട്ടുണ്ട്.
കൊച്ചിയില്‍ തോറ്റ രണ്ട് സന്ദര്‍ഭങ്ങളിലും ഇന്ത്യ ആള്‍ ഔട്ടായിരുന്നു. സിംബാബ്‌വെയോട് ഒന്നാമിന്നിംഗ്‌സിലും ആസ്‌ത്രേലിയയോട് രണ്ടാമിന്നിംഗ്‌സിലുമാണ് ഇന്ത്യ ആള്‍ ഔട്ടായത്.
കേര്‍സ്റ്റനെ ആര് മറികടക്കും
കൊച്ചിയിലെ മികച്ച വ്യക്തിഗത ബാറ്റിംഗ് പ്രകടനം ദക്ഷിണാഫ്രിക്കയുടെ ഗാരി കേര്‍സ്റ്റന്റെതാണ്. 2000 ല്‍ 115 റണ്‍സടിച്ച കേര്‍സ്റ്റന് പക്ഷേ ടീമിന് വിജയം സമ്മാനിക്കാന്‍ മാത്രം സാധിച്ചില്ല. രണ്ടാമത്തെ മികച്ച ബാറ്റിംഗ് പ്രകടനവും ദക്ഷിണാഫ്രിക്കക്കാരന്റെതാണ്. അതേ മത്സരത്തില്‍ ഹെര്‍ഷല്‍ ഗിബ്‌സ് നേടിയ 111 റണ്‍സ്. കേര്‍സ്റ്റന്‍ സിക്‌സറുകളൊന്നും നേടിയില്ല. ഗിബ്‌സ് പക്ഷേ രണ്ട് തവണ പന്ത് വേലിക്കെട്ടിന് മുകളിലൂടെ ഗ്യാലറിയിലെത്തിച്ചു.
കൊച്ചിയില്‍ സെഞ്ച്വറി നേടിയത് ആകെ അഞ്ച് പേരാണ്. കേര്‍സ്റ്റനും ഗിബ്‌സും കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ മാത്രമാണ് സെഞ്ച്വറി ക്ലബ്ബില്‍ അംഗമായത്. വിരേന്ദര്‍ സെവാഗ് (108) , രാഹുല്‍ ദ്രാവിഡ് (104) പാക്കിസ്ഥാനെതിരെ 2005 ല്‍ ശതകപ്രകടനം പുറത്തെടുത്തു. 1998 ല്‍ ആസ്‌ത്രേലിയക്കെതിരെ പുറത്താകാതെ 105 റണ്‍സടിച്ച അജയ് ജഡേജ കൊച്ചിയുടെ മനം കവര്‍ന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചിയിലെത്തിയപ്പോഴും ജഡേജ തന്റെ തകര്‍പ്പന്‍ ഫോം തുടര്‍ന്നു. 92 റണ്‍സെടുത്ത ജഡേജക്ക് സെഞ്ച്വറി എട്ട് റണ്‍സകലെ നഷ്ടമായി.
കേര്‍സ്റ്റന്റെ ടോപ് സ്‌കോറര്‍ റെക്കോര്‍ഡ് തകര്‍ക്കുന്ന പ്രകടനം ഇന്ന് സംഭവിക്കുമോ എന്നറിയാനാണ് കൊച്ചി സ്റ്റേഡിയം കാത്തിരിക്കുന്നത്. ഇന്ന് ടീമില്‍ കളിക്കുന്നവരില്‍ കൊച്ചിയിലെ ടോപ് സ്‌കോറര്‍ വിരാട് കോഹ്‌ലിയാണ് -86 റണ്‍സ്. ധോണി 72 റണ്‍സ് പ്രകടനം പുറത്തെടുത്തതാണ് രണ്ടാമത്തേത്.