Connect with us

Sports

ഇന്നുള്ള സൗകര്യങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ വലിയ നേട്ടങ്ങള്‍ സാധിക്കുമായിരുന്നു : ഉഷ

Published

|

Last Updated

കോഴിക്കോട്: ടിന്റു ലൂക്കയ്ക്കും മറ്റ് കായികതാരങ്ങള്‍ക്കും ഇന്നു ലഭിക്കുന്ന പരിശീലനവും പരിചരണവും ശ്രദ്ധയും തന്റെ അത്‌ലറ്റിക്‌സ് ജീവിതകാലത്ത് ലഭിച്ചിരുന്നെങ്കില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാവുമായിരുന്നുവെന്ന് ടിന്റുവിന്റെ പരിശീലക കൂടിയായ ഒളിമ്പ്യന്‍ പി ടി ഉഷ.
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡലും വെള്ളിമെഡലും നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ടിന്റു ലൂക്കക്ക് നഗരത്തിലെ കായികപ്രേമികള്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ഉഷ. കായികതാരങ്ങള്‍ക്ക് ഉഷ സ്‌ക്കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ മതിയായ പരിശീലനം ലഭിക്കുന്നുണ്ടെങ്കിലും ഇവിടുത്തെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടത്ര അവസരം ലഭിക്കുന്നില്ല. ടിന്റു ലൂക്കയുടെ പ്രകടനത്തെ ഇത് പലപ്പോഴും ബാധിച്ചിട്ടുണ്ട്.
നാട്ടുകാരുടെ അമിത പ്രതീക്ഷ പലപ്പോഴും കായികതാരങ്ങളേയും ഉഷ സ്‌ക്കൂളിനേയും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. യഥാസമയം സ്‌പോണ്‍സര്‍മാരെ ലഭിക്കാത്തതും പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് ഉഷ പറഞ്ഞു.
അടുത്ത ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ് മെഡല്‍ ഉറപ്പ് പറഞ്ഞ ടിന്റു ലൂക്ക ഒളിമ്പിക്‌സ് സ്വര്‍ണം നേടാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ നേട്ടത്തില്‍ ഉഷ സ്‌ക്കൂളിലെ സഹതാരങ്ങള്‍ക്കെല്ലാം പങ്കുണ്ടെന്നും എന്നാല്‍ പരിശീലന ഗ്രൗണ്ടിലെ പ്രകടനം പലപ്പോഴും മീറ്റില്‍ ഉണ്ടാകുന്നില്ലെന്നും ടിന്റു ലൂക്ക പറഞ്ഞു.

Latest