Connect with us

Ongoing News

കൊച്ചി ഏകദിനം: ഇന്ത്യക്ക് ദയനീയ തോല്‍വി

Published

|

Last Updated

കൊച്ചി: കൊച്ചിയിലെ മാനം തെളിഞ്ഞപ്പോള്‍ ധോണിപ്പടയുടെ മാനം പോയി ! ഇന്ത്യയുടെ ഭാഗ്യ തട്ടകത്തില്‍ വെസ്റ്റിന്‍ഡീസിന് 124 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് സന്ദര്‍ശക ടീം മുന്നിലെത്തി. ടോസ് നേടിയ ധോണി വിന്‍ഡീസിനെ ബാറ്റിംഗിനയക്കുമ്പോള്‍ കൊച്ചിയിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ അവര്‍ അടിച്ചെടുക്കുമെന്ന് സ്വപ്‌നേപി കരുതിയിട്ടുണ്ടാകില്ല. അമ്പതോവറില്‍ ആറ് വിക്കറ്റിന് 321 ! 1998 ല്‍ ആസ്‌ത്രേലിയക്കെതിരെ ഇന്ത്യ നേടിയ 309/5 എന്ന റെക്കോര്‍ഡാണ് വിന്‍ഡീസ് പഴങ്കഥയാക്കിയത്. ഇവിടെ മുന്നൂറിന് മുകളില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചിട്ടുള്ള ഇന്ത്യ തിരിച്ചടിക്കുമെന്ന് ക്രിക്കറ്റ് പ്രേമികള്‍ വിശ്വസിച്ചു. പക്ഷേ, നിരാശപ്പെടുത്തിക്കൊണ്ട് 41.0 ഓവറില്‍ ടീം 197ന് ആള്‍ ഔട്ട്. കൊച്ചിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ തന്റെ പേരിലാക്കിയ മര്‍ലോണ്‍ സാമുവല്‍സ് (126 നോട്ടൗട്ട്) മാന്‍ ഓഫ് ദ മാച്ച്. ടോസ് നേടി വെസ്റ്റിന്‍ഡീസിനെ ബാറ്റിംഗിനയച്ച ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനം തെറ്റിയോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു വിന്‍ഡീസിന്റെ തുടക്കം. പതിവിന് വിപരീതമായി ക്യാപ്റ്റന്‍ ഡെ്വയ്ന്‍ ബ്രാവോയാണ് സ്മിത്തിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഭുവനേശ്വര്‍കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തി ഡ്വെയ്ന്‍ സ്മിത്ത് തങ്ങളുടെ ലക്ഷ്യം വെളിപ്പെടുത്തി. രണ്ടാം ഓവര്‍ പന്തെറിയാന്‍ വന്ന മോഹിത് ശര്‍മ്മയെ ബ്രാവോ രണ്ടു തവണ ബൗണ്ടറി കടത്തി. ആദ്യ മൂന്ന് ഓവറില്‍ വിന്‍ഡീസ് 19 റണ്‍സ് നേടി.

എന്നാല്‍ നാലാം ഓവറില്‍ ബൗളര്‍മാരെ മാറ്റി പരീക്ഷിച്ചുകൊണ്ടുള്ള ധോണിയുടെ തീരുമാനത്തിന് ഫലംകണ്ടും. നാലാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷാമി തന്റെ ആദ്യ ഓവറില്‍ റണ്ണൊന്നും വിട്ടുകൊടുത്തില്ല. എട്ടാം ഓവറിലെ ആദ്യ പന്തില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിക്കുകയും ചെയ്തു. മുഹമ്മദ് ഷാമിയുടെ വൈഡെന്നു കരുതിയ പന്തിനു നേരെ വീശിയ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോയുടെ ബാറ്റിന്റെ അരികില്‍ പതിച്ച പന്ത് ഒന്നാം സ്ലിപ്പില്‍ ശിഖര്‍’ധവാന്റെ കയ്യിലൊതുങ്ങുകയായിരുന്നു. 24 പന്തുകൡ നിന്ന് നാല് ബൗണ്ടറികളോടെ 17 റണ്‍സായിരുന്നു ബ്രാവോയുടെസംഭാവന.
പത്താം ഓവറിലാണ് വിന്‍ഡീസ് സ്‌കോര്‍ 50 കടന്നത്. പതിനൊന്നാം ഓവര്‍ എറിയാനെത്തിയ രവീന്ദ്ര ജഡേജയുടെ മൂന്നാം പന്ത് അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തി ഡ്വെയ്ന്‍ സ്മിത്ത് ഇന്നിംഗ്‌സിലെ ആദ്യ സിക്‌സര്‍ നേടി. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ ഒന്നിന് 77 എന്നതായിരുന്നു. 17.2 ഒാവറില്‍ സ്‌കോര്‍ 98-1ല്‍ എത്തിയപ്പോള്‍ വിന്‍ഡീസിന് രണ്ടാം വിക്കറ്റും നഷ്ടമായി. 45 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സറുമടക്കം 47 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തിനെ ജഡേജ ബൗള്‍ഡാക്കുകയായിരുന്നു. രണ്ട് പന്തിനുശേഷം വിന്‍ഡീസ് സ്‌കോര്‍ 100 കടന്നു. 22.3 ഓവറില്‍ സ്‌കോര്‍ 120 ല്‍ എത്തിനിര്‍ക്കേ സന്ദര്‍ശകരുടെ മൂന്നാം വിക്കറ്റും നഷ്ടമായി. 45 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സറുമടക്കം 28 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയെ അമിത് മിശ്രയുടെ പന്തില്‍ ലോങ് ഓഫില്‍ ശിഖര്‍ ധവാന്‍ പിടികൂടുകയായിരുന്നു. മിശ്രയുടെ രണ്ടാം പന്ത് ലൈനിലൂടെ ബൗണ്ടറിക്കപ്പുറേത്ത് പറത്തിയ ബ്രാവോ തൊട്ടടുത്ത പന്തും അതേപോലെ കളിക്കാന്‍ ശ്രമിക്കവേ ധവാന്റെ കൈകളില്‍ അകപ്പെടുകയായിരുന്നു.
പിന്നീട് ലോവര്‍ മിഡില്‍ കൂട്ടുകെട്ടായ മര്‍ലോണ്‍ സാമുവല്‍സും ദിനേഷ് രാംദിനും ചേര്‍ന്നാണ് വിന്‍ഡിസിനെ പതുക്കേ കരകയറ്റുന്ന കാഴ്ചയാണ് കണ്ടത്. മുപ്പതാം ഓവറിലെ അഞ്ചാം പന്തില്‍ വിന്‍ഡീസ് സ്‌കോര്‍ 150ലെത്തി. ഈ കൂട്ടുകെട്ട് പിടിമുറുക്കിയതോടെ ഇന്ത്യന്‍ ബൗളര്‍മാരുടെ പിടിയയഞ്ഞു. ഇരുവരും ചേര്‍ന്ന് 35.5 ഓവറില്‍ വിന്‍ഡീസ് സ്‌കോര്‍ 200 കടത്തി. പിന്നീട് 41.2 ഓവറില്‍ സ്‌കോര്‍ 250ഉം പിന്നിട്ടു. തൊട്ടുപിന്നാലെ രാംദിന്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 52 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സറുമടക്കമാണ് രാംദിന്‍ അര്‍ദ്ധശതകം തികച്ചത്.
വിന്‍ഡീസ് സ്‌കോര്‍ 44.3 ഓവറില്‍ 274-ല്‍ എത്തിയപ്പോള്‍ മര്‍ലോണ്‍ സാമുവല്‍സ് സെഞ്ച്വറിയും തികച്ചു. 99 പന്തില്‍ നിന്ന് 8 ഫോറും നാല് സിക്‌സുമടക്കമാണ് സാമുവല്‍സ് സെഞ്ച്വറിയിലെത്തിയത്. സ്‌കോര്‍ 45.4 ഓവറില്‍ 285-ല്‍ എന്ന ബേദപ്പെട്ട നിലയിലെത്തിയപ്പോഴാണ് കൂട്ടുകെട്ട് പിരിഞ്ഞത്. 59 പന്തില്‍നിന്ന് 61 റണ്‍സെടുത്ത രാംദിനെ മുഹമ്മദ് ഷാമിയുടെ പന്തില്‍ ലോംഗ് ഓണില്‍ രവീന്ദ്ര ജഡേജ പിടികൂടുകയായിരുന്നു. പിന്നീടെത്തിയ കീറണ്‍ പൊള്ളാര്‍ഡിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. നാല് പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമെടുത്ത പൊള്ളാര്‍ഡിന്റെ ലെഗ്‌സ്റ്റമ്പ് മുഹമ്മദ് ഷാമിയുടെ 137 കി മി വേഗതയില്‍ വന്ന സുന്ദരമായ പന്ത് തെറിപ്പിച്ചു. തുടര്‍ന്നെത്തിയ റസ്സലും കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട് ഒരു റണ്‍സെടുത്ത റസലിനെ ഷാമിയുടെ പന്തില്‍ കോഹ്‌ലി കയ്യിലൊതുക്കി. തുടര്‍ന്നെത്തിയ ഡാരന്‍ സമിയെ കൂട്ടുപിടിച്ച് സാമുവല്‍സ് വിന്‍ഡീസ് സ്‌കോര്‍ 321 റണ്‍സിലെത്തിക്കുകയായിരുന്നു. 116 പന്തില്‍ നിന്ന് 11 ഫോറും 4 സിക്‌സറുമടക്കം 126 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സ് പുറത്താകാതെ നിന്നു. ഇന്ത്യക്ക്്‌വേണ്ടി മുഹമ്മദ് ഷാമി ഒമ്പത് ഓവറില്‍ 66 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവെച്ചു.

Latest