Connect with us

Ongoing News

ഇന്ത്യന്‍ ഫുട്‌ബോളിലെ കോവര്‍മാന്‍സ് യുഗം അവസാനിച്ചു

Published

|

Last Updated

സിലിഗുരി: ഇന്ത്യന്‍ ഫുട്‌ബോളിലെ വിം കോവര്‍മാന്‍സ് യുഗത്തിന് അന്ത്യം. ഏറെ പ്രതീക്ഷയോടെ ദേശീയ സീനിയര്‍ ടീമിന്റെ പരിശീലകസ്ഥാനമേറ്റെടുത്ത ഡച്ചുകാരന് കാര്യമായ ചലനങ്ങളൊന്നും തന്നെ സാധ്യമായില്ല. അവസാന മത്സരത്തില്‍ ഫലസ്തീനോട് 3-2ന് തോല്‍ക്കുക കൂടി ചെയ്തതോടെ പതനം പൂര്‍ണം. ആദ്യപകുതിയില്‍ 2-1ന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യ തോല്‍വിയിലേക്ക് വഴുതിയത്.
മത്സരം കഴിഞ്ഞ് മിനുട്ടുകള്‍ക്കുള്ളില്‍ കോവര്‍മാന്‍സ് ഇന്ത്യന്‍ ഫുട്‌ബോളുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന വിവരം അറിയിച്ചു. പരിശീലക സ്ഥാനത്ത് നിന്നൊഴിവാക്കി കോവര്‍മാന്‍സിനെ ടെക്‌നിക്കല്‍ ഡയറക്ടറാക്കാനായിരുന്നു അഖിലേന്ത്യാ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച കരാറിലെത്താന്‍ ഡച്ച് കോച്ച് തയ്യാറായില്ല. 2012 ലാണ് കോവര്‍മാന്‍സ് ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. 2012 നെഹ്‌റു കപ്പ് ജയം മാത്രമാണ് ഇക്കാലയളവില്‍ എടുത്തുപറയത്തക്ക നേട്ടം.
2013 എ എഫ് സി ചലഞ്ച് കപ്പ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍ അഫ്ഗാനിസ്ഥാനോട് തോറ്റതും കോവര്‍മാന്‍സിലുള്ള വിശ്വാസം നഷ്ടമാക്കി. ഇന്ത്യയുടെ കോച്ചെന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടു. ദേശീയ ടീമിന്റെ കേളീ ശൈലി മാറ്റിയെടുക്കാന്‍ സാധിച്ചു. ചിലപ്പോഴൊക്കെ അതിന്റെ ഗുണം കണ്ടു. മറ്റ് ചിലപ്പോള്‍ അത് വേണ്ടത്ര ഫലപ്രദമാകാതെ പോവുകയും ചെയ്തു – കോവര്‍മാന്‍സ് പറഞ്ഞു.
സാഫ് കപ്പില്‍ ടീം ജയിക്കേണ്ടതായിരുന്നു. കൂടുതല്‍ അവസരങ്ങള്‍ ഓരോ മത്സരത്തിലും സൃഷ്ടിച്ചു. സെമിയിലും ഫൈനലിലും മികച്ച ഫുട്‌ബോള്‍ കാഴ്ച വെച്ചു. പൊതുവെ നിലവാരം പുലര്‍ത്തുകയും ചെയ്തു. എന്നാല്‍, അത് പോര – കോവര്‍മാന്‍സ് സ്ഥാനമൊഴിയുന്ന വേളയില്‍ വിശകലനം ചെയ്തു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവ് ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും കോവര്‍മാന്‍സ് പറഞ്ഞു.
പുതിയ പരിശീലകന്‍ ജര്‍മനിയില്‍ നിന്നാകുമെന്ന സൂചനയാണുള്ളത്. ഫുട്‌ബോളിന്റെ വിവിധ മേഖലകളില്‍ സഹകരണ കരാറില്‍ ധാരണയായ ജര്‍മനി, അവരുടെ ആഭ്യന്തര ഫുട്‌ബോളിലുണ്ടാക്കിയ വളര്‍ച്ചയുടെ പടവുകള്‍ ഇന്ത്യക്ക് വേണ്ടിയും നിര്‍മിക്കുമെന്ന് പ്രതീക്ഷിക്കാം.

 

Latest