Connect with us

Palakkad

പി കെ ബിജു എം പി റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിവേദനം നല്‍കി

Published

|

Last Updated

വടക്കഞ്ചേരി: ഊട്ടറയില്‍ റെയില്‍വേ മേല്‍പ്പാലം, കരിപ്പോട് ഹാള്‍ട്ട് സ്‌റ്റേഷന്‍, പെരുവെമ്പില്‍ അടിപ്പാത എന്നിവ നിര്‍മിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍വച്ച് പി കെ ബിജു എം പി റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്രക്ക് കൈമാറി.
ഷൊര്‍ണൂരില്‍ നിന്നും എറണാകുളത്തേക്കുള്ള പരിശോധന യാത്രക്കിടെ എം പി ആവശ്യപ്പെട്ടതനുസരിച്ച് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ ഇറങ്ങിയതായിരുന്നു റെയില്‍വേ മാനേജര്‍. വടവന്നൂര്‍,എലവഞ്ചേരി,കൊല്ലങ്കോട്,മുതലമട പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് പാലക്കാട് ടൗണ്‍, ചിറ്റൂര്‍ താലൂക്ക്, കോയമ്പത്തൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള റോഡിലാണ് കൊല്ലങ്കോട്-ഊട്ടറ റെയില്‍വേഗേറ്റ് സ്ഥിതിചെയ്യുന്നത്.
പറമ്പിക്കുളം,നെല്ലിയാമ്പതി,മീങ്കര, ചുള്ളിയാര്‍, പോത്തുണ്ടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നതിനും ഈ റോഡാണ് ഉപയോഗിക്കുന്നത്. ഈ റെയില്‍വേ ഗേറ്റ് കൂടുതല്‍നേരം അടച്ചിടുന്നത് മേഖലയിലെ യാത്രക്കാര്‍ക്കും സുഗമമായ ഗതാഗതത്തിനും തടസ്സമാക്കുന്നുണ്ട്. ഗേറ്റില്‍ കുടുങ്ങി യഥാസമയം ചികിത്സ ലഭിക്കാതെ എട്ടോളംപേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. പാലക്കാട്-പൊള്ളാച്ചി ഗേജ്മാറ്റം പൂര്‍ത്തിയായാല്‍ മേഖലയിലെ ട്രാഫിക് കുരുക്ക് വര്‍ധിക്കുമെന്നും എംപി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ഈ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് കൊല്ലങ്കോട് ഊട്ടറയില്‍ റെയില്‍വേ മേല്പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് എംപി ജനറല്‍ മാനേജര്‍ക്ക് നിവേദനം നല്‍കി. പുതുനഗരം,പല്ലശ്ശന റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള കരിപ്പോട് ഹാള്‍ട്ട് സ്‌റ്റേഷന്‍ നിര്‍മിക്കണമെന്നും കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ പെരുവെമ്പ് പുളിനിറക്കോട് പ്രദേശത്ത് അടിപ്പാത നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടും നിവേദനം നല്‍കി.