Connect with us

Palakkad

വേ ബ്രിഡ്ജ് ഇല്ല; സര്‍ക്കാറിന് നികുതിയിനത്തില്‍ ലക്ഷങ്ങള്‍ നഷ്ടം

Published

|

Last Updated

പാലക്കാട്: സംസ്ഥാന അതിര്‍ത്തിയായ ചെമ്മണാംപതിയില്‍ വേ ബ്രിജില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിനു ലഭിക്കേണ്ട നികുതിപ്പണം പാഴാവുന്നു. ചെക് പോസ്റ്റിലൂടെ അമിതഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ പരിശോധിക്കുകയും കടത്തുന്ന സാധനങ്ങളുടെ അളവിനനുസരിച്ചു നികുതി വാങ്ങിക്കുകയും ചെയ്യുകയാണ് പതിവ്.
വാഹനങ്ങള്‍ പുറമേ നിന്നും പരിശോധന നടത്തുമ്പോള്‍ വാഹനത്തിന്റെ ശരിയായ ഭാരം തിരിച്ചറിയാല്‍ കഴിയില്ല. പലചരക്കു വാഹനങ്ങളിലും മിനി ലോറികളിലും രഹസ്യ അറകളില്‍ സ്പിരിറ്റു സംസ്ഥാനത്തേക്കു കടത്തുന്നതിനു പിടികൂടാന്‍ കഴിയുന്നതു പലപ്പോഴും പുറമെ കാണുന്നതിനെക്കാള്‍ ഭാരം കണ്ടെത്തുന്നതു വഴിയാണ്.—
കൂടാതെ ചെമ്മണാംപതി ചെക് പോസ്റ്റു വഴി സിമന്റ്, എം സാന്‍ഡ് മണല്‍, കളി മണ്ണ് എന്നിവ സംസ്ഥാനത്തേയ്ക്കു കൊണ്ടു വരുന്നതു അനുവദിക്കപ്പെട്ട ഭാരത്തിലും കൂടുതല്‍ കയറ്റിയാണ്.
വാണിജ്യ നികുതി ചെക് പോസ്റ്റുമായി ബന്ധപ്പെട്ടു വേ ബ്രിജ് സ്ഥാപിക്കണമെന്ന ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. അതിര്‍ത്തിയിലൂടെ വരുന്ന ചരക്കു ലോറികളുടെ ഭാരം പരിശോധിക്കുന്നതിനു സംവിധാനം ഏര്‍പ്പെടുത്തത്തത് അധികൃത വീഴ്ചയാണ്.
ഇതു മുതലെടുത്താണു അമിത ഭാരം കയറ്റി നൂറു കണക്കിനു വന്‍ ചരക്കു ലോറികള്‍ പ്രതിദിനം ഇതു വഴി കടന്നു പോവുന്നത്.—അനുവദിക്കപ്പെട്ട ഭാരത്തിന്റെ നികുതിയടച്ചു കൊണ്ടു വരുന്നതും വേ ബ്രിജ് ഇല്ലാത്തതും കാരണം ഈ വണ്ടികളില്‍ കാര്യമായ പരിശോധനകള്‍ ഉണ്ടാവാറില്ലെന്നും ഉദ്യോഗസ്ഥര്‍തന്നെ അടക്കം പറയുന്നു. തമിഴ്‌നാടിലെ ഡാല്‍മിയാപുരം, ഐരാപുരം എന്നിവിടങ്ങളില്‍ നിന്നും കയറ്റി വരുന്ന സിമന്റിനു അനുവദിക്കപ്പെട്ട ഭാരം 16 ടണ്‍ ആണെങ്കിലും 25 മുതല്‍ 30 വരെ ടണ്‍ സിമന്റാണു ലോറികളില്‍ കടത്തുന്നത്.
പഴണിയില്‍ നിന്നും സംസ്ഥാനത്തേയ്ക്കു കടത്തുന്ന കളിമണ്ണ് 12-15 ടണ്‍ അനുവദനീയമെങ്കിലും 20-24 ടണ്‍ കളി മണ്ണാണു ഒരു ലോറിയില്‍ സംസ്ഥാനത്തേയ്ക്കു വരുന്നത്.
ചെമ്മണാംപതി അതിര്‍ത്തിയില്‍ വാണിജ്യ നികുതി വകുപ്പ്, എക്‌സൈസ്, കന്നു കാലി എന്നിവയുടെ ചെക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ വാണിജ്യ നികുതി വകുപ്പു നടത്തുന്ന പരിശോധനയില്‍ മിനിമം നികുതി അടച്ച രേഖകള്‍ കാണിച്ചാണു സംസ്ഥാനത്തേയ്ക്കു കടക്കുന്നത്. ഇരട്ടി ഭാരം കയറ്റി വരുന്നതിലൂടെ വന്‍ നികുതി ചോര്‍ച്ചയാണു സംഭവിക്കുന്നത്.
വേ ബ്രിജിന്റെ അഭാവവും കാര്യമായ പരിശോധനയ്ക്കിടയില്ലെന്ന സ്ഥിതിയാണു ചെമ്മണാംപതി വഴി തിരഞ്ഞെടുക്കുന്നതിനു കടത്തു സംഘങ്ങളെ പ്രേരിപ്പിക്കുന്നത്.

Latest