Connect with us

Wayanad

പാട്ടത്തിനു നല്‍കിയ സ്ഥലത്തിന് വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്ന്‌

Published

|

Last Updated

കല്‍പ്പറ്റ: പാട്ടത്തിനു നല്‍കിയ സ്ഥലത്തിന് വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയും ക്രയവിക്രയം നടത്തുകയും ചെയ്തതായി ആരോപണം.
പുല്‍പ്പള്ളി മാടപ്പാട്ടുവളപ്പില്‍ കല്ല്യാണി എന്നവരുടെ 50 സെന്റ് സ്ഥലമാണ് പാട്ടക്കാരന്‍ വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയും ക്രയവിക്രയം നടത്തുകയും ചെയ്തതെന്ന് കേരളാ പട്ടികജാതി പട്ടികവര്‍ഗ്ഗ ഐക്യവേദി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പുല്‍പ്പള്ളി വില്ലേജിലെ പഴയ സര്‍വേനമ്പര്‍ 358/1എ1എ1എ ല്‍പെട്ട ഒരേക്കര്‍ സ്ഥലത്തില്‍ നിന്നും 50 സെന്റ് സ്ഥലമാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഗോപാലന്‍ നായര്‍ സീതാലയം എന്നയാള്‍ക്ക് പാട്ടത്തിന് നല്‍കിയത്. ഈ സ്ഥലത്തിന് കല്ല്യാണി നികുതി അടച്ചു പോന്നിരുന്നതാണ്. പിന്നീട് ഈ സ്ഥലത്തിന് നികുതി 1994-95 വര്‍ഷത്തിന് ശേഷം സ്വീകരിച്ചില്ല. ഇതേത്തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ആണ് ഈ സ്ഥലത്തിന് രണ്ട് പട്ടയം ഉണ്ടെന്ന് അറിയുന്നത്.
ഈ സ്ഥലത്തിന് നിലവില്‍ ആരും 1995ന് ശേഷം ഇന്നുവരെ നികുതി അടച്ചിട്ടുമില്ല. പാട്ടത്തിനു നല്‍കിയ സ്ഥലം 1977ല്‍ 5993 നമ്പറായി മറ്റൊരു വ്യാജ പട്ടയം സമ്പാത്തിച്ചതായും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായും ഇവര്‍ പറഞ്ഞു. നാരായനന്‍ നായരുടെ ഭാര്യ നാരായണിയമ്മ എന്നവരുടെ പേരിലാണ് വ്യാജ പട്ടയം സമ്പാതിച്ചിരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
ഇതില്‍ നിന്നും 25 സെന്റായും 10 സെന്റായും സ്ഥലങ്ങള്‍ പൗലോസ് പുളിക്കല്‍, മേരി പുളിക്കല്‍ എന്നിവര്‍ക്ക് ക്രയവിക്രയം ചെയ്ത് നല്‍കിയതായും, 2001ല്‍ മേരി പുളിക്കല്‍ എന്നവര്‍ മറിയം എന്നവര്‍ക്കം സ്ഥലം കൈമാറ്റം ചെയ്തതായും കല്‍പ്പറ്റ ഡപ്യൂട്ടി കലക്ടര്‍ ലാന്റ് ട്രിബ്യൂണലില്‍ നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയില്‍ വ്യക്തമാകുന്നു.
1994-95ന് ശേഷം നികുതി പോലം സ്വീകരിക്കാത്ത സ്ഥലമാണ് ഇത്തരത്തില്‍ വ്യാജ പട്ടയം ഉണ്ടാക്കി ക്രയവിക്രയം നടത്തിയിരിക്കുന്നത്. ഇതിനെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കല്ല്യാണിക്ക് സ്ഥലം തിരികെ കിട്ടാന്‍ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് അടക്കം പരാതി നല്‍കുമെന്നും പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഇ.എന്‍.രാജപ്പന്‍, വര്‍ക്കിംഗ് പ്രസിഡന്റ് പി.ഹരിദാസ്, ജില്ലാ സെക്രട്ടറി വി.കെ.മണി, ടി.കെ.രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest