Connect with us

Eranakulam

സത്യവാങ്മൂലത്തിനെതിരെ ബാറുടമകള്‍

Published

|

Last Updated

കൊച്ചി: നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടിയതിന് ശേഷമുള്ള മദ്യവില്‍പ്പന കുറഞ്ഞെന്ന ബീവറേജസ് കോര്‍പ്പറേഷന്റെ പുതിയ സത്യവാങ്മൂലത്തിനെതിരെ ബാര്‍ ഉടമകളുടെ സത്യവാങ്മൂലം. കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന സംബന്ധിച്ച കണക്കുകള്‍ അപൂര്‍ണമാണെന്നും സംസ്ഥാനത്തെ 32 ക്ലബുകളിലേക്ക് വിതരണം ചെയ്ത മദ്യത്തിന്റെയും ബിയര്‍ പാര്‍ലറുകളിലെ വില്‍പ്പനയെക്കുറിച്ചുമുള്ള കണക്കുകള്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിട്ടില്ലെന്നും ബാര്‍ ഉടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ഇവിടങ്ങളില്‍ സ്റ്റോക്ക് ചെയ്തിരുന്ന മദ്യം മറ്റു ബാറുകളിലേക്ക് മാറ്റിയിരുന്നു. ഇത്തരത്തില്‍ അഞ്ച് ലക്ഷം കെയ്‌സ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 10 ലക്ഷം കേസ് ബിയറുമാണ് മാറ്റിയിട്ടുള്ളത്.
കൂടാതെ ബീവറേജസ് കോര്‍പ്പറേഷന്റെ തിരുവനന്തപുരം ഉള്ളൂരിലെയും കൊച്ചി ഗാന്ധിനഗറിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ വിറ്റഴിച്ച മദ്യത്തിന്റെ കണക്കും വ്യക്തമാക്കിയിട്ടില്ല. യഥാര്‍ഥ കണക്ക് മറച്ചുവെക്കാനും നികുതി വെട്ടിപ്പിടിക്കാനുമാണ് ബീവറേജസ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നതെന്നും ഹരജിക്കാരില്‍ ഒരാളായ കണിച്ചായിസ് ഹോട്ടല്‍ ഉടമ കോടതിയില്‍ ബോധിപ്പിച്ചു. ഈ കണക്കുകള്‍ ലഭ്യമായാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാല്‍ മദ്യവില്‍പ്പന വര്‍ധിച്ചതായി വ്യക്തമാകുമെന്നും സത്യവാങ്മൂലത്തിലുണ്ട്.
അതേസമയം, ബീവറേജസ് കോര്‍പ്പറേഷന്റെ പുതിയ സത്യവാങ്മൂലത്തിനെതിരെ ടി എന്‍ പ്രതാപന്‍ എം എല്‍ എയും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. മദ്യവില്‍പ്പനെയെക്കുറിച്ച് തെറ്റിദ്ധാരണാജനകവും വാസ്തവ വിരുദ്ധവുമായ കണക്കാണ് കോര്‍പ്പറേഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നും ബീവറേജസ് കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ മറച്ചുവെച്ചാണ് പുതിയ കണക്കുകളെന്നും പ്രതാപന്‍ ആരോപിച്ചു. സര്‍ക്കാറിന്റെ മദ്യനയത്തെ അട്ടിമറിക്കാന്‍ മദ്യകമ്പനികളും മദ്യമുതലാളിമാരുമായി ചേര്‍ന്ന് ബീവേറജസ് കോര്‍പ്പറേഷനിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ആണ് കോര്‍പ്പറേഷന്റെ സത്യവാങ്മൂലമെന്ന് പ്രതാപന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
മദ്യനയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ബാര്‍ ഉടമകളുടെ ഹരജിയില്‍ വിധി പറയാനിരിക്കെയാണ് ഈ കേസില്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ക്കെതിരെയുള്ള സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചത്.

Latest