Connect with us

Kannur

മനോജ് വധം: മുന്‍ ബി ജെ പി നേതാവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

Published

|

Last Updated

തലശ്ശേരി: ആര്‍ എസ് എസ് ജില്ലാ നേതാവ് കിഴക്കേ കതിരൂരിലെ എളന്തോടത്ത് മനോജ് വധക്കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം സി പി എം നേതാവ് ചെറുവാഞ്ചേരിയിലെ എ അശോകനെ ചോദ്യം ചെയ്തു. ക്രൈം ബ്രാഞ്ചിന്റെ തലശ്ശേരി എ എസ് പി ഓഫീസിനടുത്ത ക്യാമ്പ് ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍. മനോജ് വധക്കേസന്വേഷണ ഭാഗമായി ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് ഏതാനും ദിവസം മുമ്പ് അശോകന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ എത്തണമെന്ന് പറഞ്ഞ ദിവസം അസൗകര്യമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നറിയിച്ച ഇദ്ദേഹം ഇന്നലെ രാവിലെ പത്തര മണിയോടെ ക്രൈം ബ്രാഞ്ചിന്റെ ക്യാമ്പ് ഓഫീസിലെത്തി. ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടു. നേരത്തെ ബി ജെ പിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു അശോകന്‍. ഭാരതീയ ജനതാപാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തോടുള്ള വിയോജിപ്പ് കാരണം നമോവിചാര്‍മഞ്ച് രൂപവത്കരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് പാര്‍ട്ടി വിട്ട് സി പി എമ്മില്‍ ചേര്‍ന്നത്. നിലവില്‍ കര്‍ഷക സംഘത്തിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാണ്. സി പി എമ്മിന് ചെറുവാഞ്ചേരിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അശോകനും മറ്റൊരു സി പി എം നേതാവ് എം സി രാഘവനും നിരാഹാരത്തിലായിരുന്നു. ബി ജെ പി വിട്ട് സി പി എമ്മില്‍ ചേര്‍ന്നവരുടെ സഹായം മനോജ് വധത്തില്‍ പ്രതികള്‍ക്ക് ലഭിച്ചിരുന്നതായി പ്രചാരണമുണ്ടായിരുന്നു. ഇതും എ അശോകനെ ചോദ്യം ചെയ്യാന്‍ പ്രേരകമായതായി പറയപ്പെടുന്നു.
ഇതിനിടെ, മനോജ് വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മുഖ്യപ്രതി വിക്രമന്റെ ശരീരത്തിലുള്ള ബോംബിന്‍ ഷെല്ലുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്ത് കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കണമെന്നപേക്ഷിച്ച് ക്രൈം ബ്രാഞ്ച് സംഘം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി അനുവദിച്ചു. ശരീരത്തില്‍ ഉണ്ടെന്ന് പറയുന്ന ഷെല്ലിന്റെ വ്യക്തത ഉറപ്പാക്കാന്‍ എക്‌സ്‌റേ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട മനോജിന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ബോംബിന്റെ അവശിഷ്ടങ്ങളും പ്രതി വിക്രമന്റെ ദേഹത്തുള്ള ചീളുകളും താരതമ്യപ്പെടുത്താനാണ് ക്രൈം ബ്രാഞ്ച് സര്‍ജറി നടത്താന്‍ അനുമതി തേടാന്‍ കാരണം.

Latest