Connect with us

National

ജോലിക്ക് അനുകൂല സാഹചര്യം: ഇന്ത്യ 18ാമത്‌

Published

|

Last Updated

ന്യൂഡല്‍ഹി: ജോലി ചെയ്യാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് പതിനെട്ടാം സ്ഥാനം. ജോലി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്ന രാജ്യം അമേരിക്കയാണ്. ഇന്ത്യക്ക് പട്ടികയില്‍ മോശമല്ലാത്ത സ്ഥാനമുണ്ടെങ്കിലും ഇന്ത്യക്കാരില്‍ 70-80 ശതമാനം പേരും പുറത്ത് ജോലി ചെയ്യാന്‍ സന്നദ്ധരാകുന്നുവെന്നും ഏറ്റവും പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. പട്ടികയില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ അമേരിക്ക, ബ്രിട്ടന്‍, കാനഡ, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവയാണ്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ്, ടോട്ടല്‍ ജോബ്‌സ് ഡോട്ട് കോം, ദി നെറ്റ്‌വര്‍ക്ക് എന്നിവ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍.
ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍ ഫ്രാന്‍സ്, ആസ്‌ത്രേലിയ, സ്‌പെയിന്‍, ഇറ്റലി, സ്വീഡന്‍ എന്നിവയാണ്. ഏഷ്യ പെസഫിക് രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ പ്രൊഫഷനലുകള്‍ക്ക് താത്പര്യമില്ലാത്തതിന് പ്രധാന കാരണം ഭാഷാപരമായ ബുദ്ധിമുട്ടുകളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്ത് അനുഭവസമ്പത്തുള്ള 64 ശതമാനം പേരും സ്വന്തം രാജ്യം വിട്ട് പുറത്ത് ജോലി ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചുവത്രേ. ഇന്ത്യയില്‍ ഇത് 70-80 ശതമാനമാണ്. ഐ ടി പ്രൊഫഷന്‍ അടക്കമുള്ള മേഖലയില്‍ ഇന്ത്യയില്‍ നല്ല തൊഴില്‍ അന്തരീക്ഷമാണെന്നും ജോലിയിലെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെടുന്നുവെന്നും തൊഴില്‍ സുരക്ഷിതത്വം ഉണ്ടെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.

Latest