Connect with us

National

ജെയ്റ്റ്‌ലി പണക്കാരന്‍; പാവപ്പെട്ടയാള്‍ വെങ്കയ്യ

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയിലെ ഏറ്റവും വലിയ സമ്പന്നന്‍ ധന, പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 72. 10 കോടി രൂപയുടെ ആസ്തി അദ്ദേഹത്തിനുണ്ട്. സമ്പത്തിന്റെ കാര്യത്തില്‍ മന്ത്രിസഭയില്‍ ഏറ്റവും പിറകിലുള്ളത് നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ്. 20.45 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 1.26 കോടി രൂപയുടെ സമ്പത്തുണ്ട്. തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട വെബ്‌സൈറ്റിലാണ് മന്ത്രിമാരുടെ ആസ്തിയും ബാധ്യതകളും വെളിപ്പെടുത്തിയത്.
ഇതനുസരിച്ച് 38,700 രൂപ മോദിയുടെ കൈവശമുണ്ട്. ബേങ്ക് ബാലന്‍സായി 1,32,698 രൂപയും ബേങ്ക് നിക്ഷേപമായി 17,00,927 രൂപയുമുണ്ട്. എന്‍ എസ് സിയില്‍ 2,35,000 രൂപയും 1,99,031 രൂപയുടെ ഇന്‍ഷ്വറന്‍സ് പോളസിയും 1,20980 രൂപയുടെ ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും പ്രധാനമന്ത്രിക്കുണ്ട്. ഗാന്ധിനഗറില്‍ ഒരു കോടി രൂപ മതിപ്പ് വിലയുള്ള വീടുമുണ്ട്. അദ്ദേഹം വിവാഹം ചെയ്ത യശോദ ബെന്നിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. യശോദ ബെന്നിന്റെ പേരിന് താഴെ അവരുടെ സ്വത്ത് സംബന്ധിച്ച കോളത്തില്‍ “അറിയില്ല” എന്നാണ് മോദി രേഖപ്പെടുത്തിയത്.
മോദിയുടെ 22 അംഗ മന്ത്രിസഭയില്‍ 17 പേര്‍ കോടിപതിമാരാണ്. കോടിപതികളല്ലാത്ത അഞ്ച് പേര്‍ വെങ്കയ്യ നായിഡു (20.45 ലക്ഷം രൂപ), ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ (39.88 ലക്ഷം രൂപ), തൊഴില്‍ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ (44.90 ലക്ഷം രൂപ) ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ (48.54 ലക്ഷം രൂപ), രാസ വളം മന്ത്രി അനന്തകുമാര്‍ (60.62 ലക്ഷം രൂപ) എന്നിവരാണ്. മന്ത്രിസഭയിലെ സമ്പന്നയായ വനിത മനേക സഞ്ജയ് ഗാന്ധിയാണ്. വനിത, ശിശു വികസന മന്ത്രിയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരുമകളുമായ മനേകക്ക് 37.68 കോടി രൂപയുടെ സമ്പത്തുണ്ട്. ന്യൂനപക്ഷ മന്ത്രി നജ്മ ഹെബതുല്ലക്ക് 29.70 കോടി രൂപയുടെ സ്വത്തുണ്ട്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് 2.73 കോടി രൂപയുടെ സമ്പത്തുണ്ട്. പുറമെ ഹരിയാനയിലെ പല്‍വാലില്‍ കൃഷിയിടവുമുണ്ട്. ജലവിഭവ മന്ത്രി ഉമാ ഭാരതിക്ക് 1.62 കോടി രൂപയുടെയും മനുഷ്യവിഭവ വികസന മന്ത്രി സ്മൃതി ഇറാനിക്ക് 4.15 കോടിയുടെയും വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന് 1.3 കോടിയുടെയും സ്വത്തുണ്ട്.
കല്‍ക്കരി, ഊര്‍ജ സഹമന്ത്രി പിയൂഷ് ഗോയലിന് 31.67 കോടി രൂപയുടെ സ്വത്തുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രഖ്യാപിത സമ്പത്ത് 2.56 കോടി രൂപയുടെതാണ്. നിയമ, ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദിന് 14.91 കോടിയുടെയും ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിംറാത്ത് കൗര്‍ ബാദലിന് 12.82 കോടിയുടെയും ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരിക്ക് 3.34 കോടി രൂപയുടെയും സ്വത്തുണ്ട്.റെയില്‍വേ മന്ത്രി ഡി വി സദാനന്ദ ഗൗഡ 4.34 കോടി രൂപയുടെ സ്വത്തിന് അവകാശിയാണ്. അദ്ദേഹത്തിന്റെ സഹമന്ത്രി മനോജ് സിന്‍ഹക്ക് 29.82 കോടി രൂപയുടെ സ്വത്തുണ്ട്. ആദിവാസി കാര്യമന്ത്രി ജുവല്‍ ഒറാമിന് 1.77 കോടി രൂപയുടെയും, സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവിന് 3.32 കോടി രൂപയുടെയും സ്വത്തുണ്ട്. മന്ത്രി കല്‍രാജ് മിശ്രക്ക് 72.11 ലക്ഷം രൂപയുടെയും മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് 1.5 കോടിയുടെയും സ്വത്തുണ്ട്. കൃഷിമന്ത്രി രാധാ മോഹന്‍ സിംഗിന് 2.47 കോടിയുടെയും സാമൂഹിക നീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ടിന് 2.8 കോടി രൂപയുടെയും സ്വത്തുണ്ട്. ഘനവ്യവസായ മന്ത്രി അനന്ദ് ഗീതക്ക് 1.66 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. മുന്‍ കരസേനാ മേധാവിയും മന്ത്രിയുമായ വി കെ സിംഗിന് 68.76 ലക്ഷം രൂപയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗിന് 2.67 കോടിയുടെയും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന് 66.55 ലക്ഷം രൂപയുടെയും ഘനവ്യവസായ സഹ മന്ത്രി പി രാധാകൃഷ്ണന് 7.11 കോടിയുടെയും ഗോത്ര കാര്യ സഹമന്ത്രി മന്‍സുഖ് ഭായി വസാവക്ക് 69.49 ലക്ഷത്തിന്റെയും സാമൂഹിക നീതി സഹമന്ത്രി സുദര്‍ശന്‍ ഭഗത്തിന് 44.51 ലക്ഷത്തിന്റെയും സ്വത്തുക്കളുണ്ട്.

Latest