Connect with us

Eranakulam

റെയില്‍വേ ഉദ്യോഗസ്ഥ സംഘം നിരവധി സ്റ്റേഷനുകളില്‍ ഇറങ്ങിയില്ല

Published

|

Last Updated

കൊച്ചി: മധ്യകേരളത്തിലെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളിലെ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമെത്തിയെങ്കിലും പല സ്റ്റേഷനുകളിലും സന്ദര്‍ശനം നടത്തിയില്ല. ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം ജംഗ്ഷന്‍ വരെയുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇറങ്ങി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും എറണാകുളം ടൗണ്‍ ഉള്‍പ്പടെ പല സ്റ്റേഷനുകളിലും സംഘം ഇറങ്ങിയില്ല.
റെയില്‍വേ ഇന്‍ സ്‌പെക്ഷന്‍ വിഭാഗത്തിനായുള്ള പ്രത്യേക ട്രെയിനിലാണ് ഉദ്യോഗസ്ഥ സംഘമെത്തിയത്. ഷൊര്‍ണൂരില്‍ നിന്ന് ഇന്നലെ രാവിലെ ഒമ്പതിനാണ് സന്ദര്‍ശനം തുടങ്ങിയത്. വടക്കാഞ്ചേരി, തൃശൂര്‍, പുതുക്കാട്, അങ്കമാലി, ആലുവ, എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനുകളിലാണ് സംഘം എത്തിയത്. ഡി ആര്‍ എം സുനില്‍ വാജ്‌പേയ്, ഡിഒ എം അശോക് കുമാര്‍, ഏരിയ മാനേജര്‍ രാജേഷ് ചന്ദ്രന്‍ എന്നിവരും ഡിവിഷനല്‍ മാനേജരെ അനുഗമിച്ചു.
അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ഉച്ചക്ക് 1.05ന് എത്തിയ ഉദ്യോഗസ്ഥ സംഘം 1.08നു മടങ്ങി. യാത്രക്കാരുടെ വിവിധ അസോസിയേഷന്‍ പ്രതിനിധികളും നിവേദനം നല്‍കാന്‍ എത്തിയിരുന്നു. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ഉച്ചക്കു 1.35ന് എത്തിയ ഉദ്യോഗസ്ഥ സംഘം 1.38നു മടങ്ങി. സ്‌റ്റേഷന്‍ മാനേജര്‍ സി ബാലകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ വിജയന്‍, ആര്‍ പി എഫ് എസ് ഐ റോയി മത്തായി എന്നിവര്‍ക്കു കൃത്യനിര്‍വഹണ മികവിന് ഡിവിഷനല്‍ മാനേജര്‍ ഉപഹാരങ്ങള്‍ നല്‍കി. ആലുവ എംഎല്‍ എ അന്‍വര്‍ സാദത്തുമായി ഡിവിഷനല്‍ മാനേജര്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു.
ഉച്ചക്ക് രണ്ടോടെയാണ് എറണാകുളം ജംഗ്ഷന്‍ സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥ സംഘമെത്തിയത്. ഇവിടെ സ്‌റ്റേഷനിലെ പ്രധാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വൈകുന്നേരം ആറ് വരെ ഉദ്യോഗസ്ഥ സംഘം സ്‌റ്റേഷനിലുണ്ടായിരുന്നെങ്കിലും യാത്രക്കാരുമായി ആശയവിനിമയം നടത്തിയില്ല. ഡിവിഷനല്‍ മാനേജര്‍ക്കു നിവേദനം നല്‍കാന്‍ വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍ എത്തിയിരുന്നു. അതേസമയം റെയില്‍വേ സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നു രാകേഷ് മിശ്ര അറിയിച്ചു.
രാകേഷ് മിശ്രയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വിപുലമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എറണാകുളം ടൗണ്‍ റെയില്‍വേ സ്്‌റ്റേഷനില്‍ ഉദ്യോഗസ്ഥ സംഘം ഇറങ്ങിയില്ല.
സമയക്രമം പാലിക്കേണ്ടതിനാലാണ് ടൗണ്‍ സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങാതിരുന്നതെന്നു ഏരിയ മാനേജര്‍ രാജേഷ് ചന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥ സംഘം വൈകുന്നേരം ആറരയോടെ പ്രത്യേക ട്രെയിനില്‍ ചെന്നൈക്കു മടങ്ങി.