Connect with us

Kasargod

ആനകളെ ചെറുക്കാന്‍ സൗരോര്‍ജ കമ്പിവേലി

Published

|

Last Updated

കാസര്‍കോട്: കര്‍ണ്ണാടക വനാതിര്‍ത്തിയില്‍നിന്നും ജില്ലയിലേക്ക് ആനക്കൂട്ടം വരുന്നത് തടയാന്‍ അതിര്‍ത്തിയില്‍ സൗരോര്‍ജ കമ്പി വേലി നിര്‍മാണം അടുത്ത മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും. ആനകള്‍ നാട്ടിന്‍ പുറങ്ങളിലെത്തി കൃഷിയും മറ്റും നശിപ്പിക്കുന്നത് തടയാന്‍ നടപടിയെടുക്കാന്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ ദേലംപാടി പഞ്ചായത്തിലെ കാട്ടികജെയില്‍ അഞ്ച് കിലോമീറ്റര്‍ സൗരോര്‍ജ വേലി നിര്‍മിച്ചിട്ടുണ്ട്. ബാക്കിയുള്ള മൂന്നു കിലോമീറ്റര്‍ വേലിയാണ് അടുത്ത മൂന്ന് മാസത്തില്‍ നിര്‍മിക്കുന്നത്. നേരത്തെ നിര്‍മിച്ച വേലിയില്‍ പൊതുജനാവശ്യത്തിന് ചില ഇടങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്തിരുന്നു. ഈ വഴികളിലൂടെയാണ് ആനകള്‍ ജില്ലയിലേക്ക് പ്രവേശിച്ചത്. ഇപ്പോഴും മൂന്ന് ആനകള്‍ ദേലംപാടിയിലുള്ളതായും, ഇവയെ അടുത്ത ദിവസങ്ങളില്‍ കര്‍ണാടക വനത്തിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നു വരുന്നതായും അധികൃതര്‍ അറിയിച്ചു. കാറഡുക്ക കൊട്ടംകുഴിയില്‍ ഒരു ആന ചെരിഞ്ഞ് പോയതിന്റെ കാരണം കണ്ടെത്താന്‍ അതിന്റെ ശരീര ഭാഗം വിദഗ്ദ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.
റാണിപുരത്ത് ആനകള്‍ കടന്നുവരുന്ന സ്ഥലത്ത് ഏഴ് കിലോമീറ്റര്‍ സൗരോര്‍ജ വേലി നിര്‍മിച്ചിട്ടുണ്ട്. ഇതിലൂടെ ആനകളെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞിട്ടുണ്ട്. സൗരോര്‍ജത്തിലൂടെ വൈദ്യുത പ്രവാഹം കമ്പി വേലിയിലൂടെ കടത്തി വിടുന്നതിനാല്‍ ഷോക്ക് അനുഭവപ്പെടുന്ന ആനകള്‍ തിരിഞ്ഞ് ഓടുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കമ്പിവേലികള്‍ പരിശോധിക്കാനും, അതില്‍ ചെടികളും വള്ളികളും ചുറ്റുന്നത് തടയാനും റാണിപുരത്ത് നാട്ടകാര്‍ തന്നെ രണ്ട് തൊഴിലാളികളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേലംപാടിയില്‍ കമ്പിവേലി പൂര്‍ത്തിയാകുന്നതുവരെ ഫോറസ്റ്റ് വകുപ്പിലെ തൊഴിലാളികള്‍ നിലവിലുള്ള കമ്പിവേലികള്‍ പരിശോധിക്കുന്ന ചുമതല വഹിക്കും. വനസംരക്ഷണ സമിതികളെ പുനരുജ്ജീവിപ്പിച്ച് നാട്ടില്‍ കാട്ടുമൃഗശല്യങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. കുരങ്ങന്‍മാര്‍ കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്ന പദ്ധതി ഇപ്പോള്‍ നടപ്പിലാക്കിവരുന്നതായി ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.
യോഗത്തില്‍ എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുറസാഖ്, കെ കുഞ്ഞിരാമന്‍(ഉദുമ), കെ കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ്, അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം ആര്‍ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.