Connect with us

Gulf

അബുദാബിയില്‍ മത്സ്യ വില 20 ശതമാനം ഉയര്‍ന്നു

Published

|

Last Updated

അബുദാബി: ബലിപെരുന്നാള്‍ ദിനത്തില്‍ മത്സ്യ വില 20 ശതമാനത്തോളം ഉയര്‍ത്തിയതായി ഉപഭോക്താക്കള്‍. മദീനത്ത് സായിദിലെ മത്സ്യ മാര്‍ക്കറ്റില്‍ എത്തിയ ഉപഭോക്താക്കളാണ് കഴിഞ്ഞ ദിവസം വാങ്ങിയതിലും 20 ശതമാനത്തോളം വില ഈദിനോടനുബന്ധിച്ച് ഉയര്‍ന്നതായി പരാതിപ്പെട്ടത്.
വ്യാപാരികള്‍ ഈദ് ആഘോഷം കണക്കിലെടുത്ത് അമിത ലാഭത്തിന് ശ്രമിക്കുന്നതാണ് വില ഉയരുന്നതിന് ഇടയാക്കിയിരിക്കുന്നതെന്ന് ഉപഭോക്താക്കളില്‍ ചിലര്‍ ആരോപിച്ചു. നഗരവാസികള്‍ പ്രധാനമായും മത്സ്യ-മാംസങ്ങള്‍ക്കായി ആശ്രയിക്കുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ മാര്‍ക്കറ്റ്. മത്സ്യ വില്‍പനക്കൊപ്പം ഇതോടനുബന്ധിച്ച് നൂറോളം കടകള്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും വില്‍പന നടത്തുന്നുണ്ട്. ബീഫും ആടും കോഴിയും വില്‍പന നടത്തുന്ന ഒരു ഡസനോളം കടകളും ഇവിടെയുണ്ട്. അബുദാബി നഗരസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പഴം-പച്ചക്കറി കടയും മദീനത്ത് സായിദിലെ മത്സ്യ മാര്‍ക്കറ്റിലുണ്ട്.
ചെറിയ പെരുന്നാളും ബലിപെരുന്നാളും ഉള്‍പ്പെടെയുള്ള ആഘോഷവേളകളിലെല്ലാം മാര്‍ക്കറ്റില്‍ വിലയില്‍ ചെറിയ വര്‍ധനവ് ഉണ്ടാവാറുള്ളതായി ഇവിടെ പതിവായി എത്തുന്ന ഉപഭോക്താക്കള്‍ വ്യക്തമാക്കി.
സമീപത്തെ അബുദാബി കോഓപറേറ്റീവ് സൊസൈറ്റിയെ അപേക്ഷിച്ച് അവശ്യസാധനങ്ങള്‍ക്കെല്ലാം മാര്‍ക്കറ്റില്‍ വലിയ വില വര്‍ധനവാണ് ബലിപെരുന്നാള്‍ പ്രമാണിച്ച് ഉണ്ടായിരിക്കുന്നതെന്നാണ് ഉപഭോക്താക്കളില്‍ നല്ലൊരു ശതമാനത്തിന്റെയും അഭിപ്രായം. പച്ച ബീന്‍സിന് കിലോക്ക് 14 ദിര്‍ഹമാണ് ഇവിടുത്തെ കടകൡ ഈടാക്കുന്നത്. എന്നാല്‍ ഇതേ സാധാനത്തിന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ രണ്ടു ദിര്‍ഹം കുറവാണ്. കോഴിമുട്ട ഉള്‍പ്പെട്ട ട്രേക്കും സമീപത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നതിലും ഒരു ദിര്‍ഹം മുതല്‍ രണ്ടു ദിര്‍ഹം വരെ കൂടുതലാണെന്നും ഇത് ഒട്ടുമിക്ക സാധനങ്ങളിലും കാണാനാവുന്നുണ്ടെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.

 

---- facebook comment plugin here -----

Latest