Connect with us

Gulf

ദൃശ്യമാധ്യമങ്ങള്‍ക്ക് പക്വതയില്ല; ജോണ്‍ ബ്രിട്ടാസ്

Published

|

Last Updated

ദുബൈ:ദൃശ്യ മാധ്യമങ്ങള്‍ക്ക് പക്വതയായിട്ടില്ലെന്നു മാധ്യമ പ്രവര്‍ത്തകനും കൈരളി ടി വിയുടെ എം ഡിയുമായ ജോണ്‍ ബ്രിട്ടാസ്. ഈ സ്ഥിതി പലപ്പോഴും വന്‍ വിവാദങ്ങള്‍ക്കും സഭ്യതയുടെയും മാന്യതയുടെയും അതിരുവിടുന്ന ചോദ്യങ്ങളിലേക്കുമെല്ലാം നയിക്കുന്നത് നാം കാണുന്നതാണെന്നും ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ പരിശീലന കേന്ദ്രങ്ങളായി മാറിയിരിക്കയാണ്. ടെലിവിഷന്‍ ജേണലിസ്റ്റുകളും അവതാരകരുമെല്ലാം ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക് പോയിക്കൊണ്ടിരിക്കയാണ്. ചാനലുകള്‍ മിക്കതും പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളാവുന്ന അവസ്ഥയാണ് ഇന്നുള്ളത്. ചാനല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പല സ്ഥാപനങ്ങളിലും മാറി മാറി പ്രവര്‍ത്തിക്കുന്നതും നിലവാരത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നതിന് തടസമാവുന്നുണ്ട്.
ടെലിവിഷന്‍ മേഖലയില്‍ സാങ്കേതികവിദ്യ വന്‍ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത രണ്ടു മൂന്നു വര്‍ഷങ്ങള്‍ ഈ മേഖലയെ സബന്ധിച്ചിടത്തോളം തികച്ചും നിര്‍ണായകമായിരിക്കും. ടെലിവിഷന്‍ ചാനലുകള്‍ക്ക് ഓണ്‍ലൈന്‍ ഭീഷണിയല്ല. ഇത്തരം സംരംഭങ്ങള്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്നത് ക്രിയാത്മകമായി കാണണം. ചാനലുകള്‍ നിരവധി പരീക്ഷണങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. ഒന്ന് നിലനില്‍പ്പിന്റേതാണെങ്കില്‍ രണ്ടാമത്തേത് നിലവാരം കുറഞ്ഞ പരിപാടികളിലൂടെ ജനങ്ങളെ പരീക്ഷിക്കുന്നതാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മതിയായ പരിശീലനം നല്‍കാന്‍ സംവിധാനമില്ലാത്തതാണ് ഈ സ്ഥിതിക്ക് കാരണം.
സാങ്കേതികവിദ്യയിലും പത്രപ്രവര്‍ത്തനത്തിലും വൈദഗ്ധ്യമുള്ളവരുടെ കുറവും മേഖല അഭിമുഖീകരിക്കുന്നുണ്ട്. ഒരു മലയാള സിനിമയുടെ വിതരണാവകാശം കൈരളി ടി വി ഏറ്റെടുത്തതിനെക്കുറിച്ചുണ്ടായ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സ്വന്തം നിലപാട് ശരിയാണെന്ന് ബ്രിട്ടാസ് സമര്‍ഥിച്ചു.
കൈരളി ടി വി ജീവകാരുണ്യ സംഘടനയല്ല, ഓഹരി ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ചാനല്‍ പ്രതിജ്ഞാബദ്ധമാണെന്നതിനാല്‍ ലാഭവും നഷ്ടവും കണക്കു കൂട്ടിയേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. കേരളത്തില്‍ വര്‍ഷത്തില്‍ ശരാശരി 180 ഓളം മലയാള ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. ഇതില്‍ മൂന്നോ നാലോ എണ്ണത്തിന്റെ സാറ്റലൈറ്റ് അവകാശം മാത്രമാണ് കൈരളി ടി വി വാങ്ങുന്നത്. ഏതൊരു സിനിമയും റിലീസ് ചെയ്യുന്നതിന് മുമ്പ് വിജയിക്കുമോ പരാജയപ്പെടുമോയെന്നു പ്രവചിക്കാന്‍ സാധിക്കില്ല. ബോക്‌സ് ഓഫീസില്‍ തകര്‍ന്ന ഒരു പടത്തിന്റെ സാറ്റലൈറ്റ് അവകാശം കൈരളി വാങ്ങണമെന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്.
സിനിമ എടുക്കുന്നത് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്. അല്ലാതെ ടി വിയെ മുന്നില്‍ കണ്ടല്ല. മറ്റുള്ളവര്‍ക്ക് പ്രഫഷണല്‍ ആവാമെന്നും ഇടതു പക്ഷക്കാര്‍ക്ക് അത് പാടില്ലെന്നും പറയുന്നത് ഇരട്ടത്താപ്പാണ്. കമ്പോളത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളായ ആവശ്യവും വിതരണവും ടെലിവിഷന്‍ ചാനലിനും ബാധകമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 

Latest