Connect with us

Gulf

സുരക്ഷ ഉറപ്പാക്കാന്‍ അജ്മാനില്‍ വേഗ പരിധി

Published

|

Last Updated

അജ്മാന്‍: റോഡപകടങ്ങള്‍ കുറക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായി അജ്മാനില്‍ വേഗ പരിധി. എമിറേറ്റിലെ പ്രധാന റോഡുകളില്‍ വേഗ പരിധി മണിക്കൂറില്‍ 60 കിലോമീറ്ററായാണ് കുറക്കുകയെന്ന് അജ്മാന്‍ പോലീസ് ഗതാഗത വിഭാഗം വ്യക്തമാക്കി. ലോറി, ബസ് എന്നിവയുടേതാണ് 60 കിലോമീറ്ററാക്കി കുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നു മുതലാവും നിയമം നടപ്പാക്കി തുടങ്ങുക. ഇതുവരെയും ഇത് മണിക്കൂറില്‍ 80 കിലോമീറ്ററായിരുന്നു. അടുത്തിടെയായി ഇത്തരം വാഹനങ്ങള്‍ നിരവധി അപകടങ്ങള്‍ക്കും അതോടൊപ്പം മരണങ്ങള്‍ക്കും ഇടയാക്കിയത് പരിഗണിച്ചാണ് വേഗം കുറക്കുന്നത്. വേഗ പരിധി കുറക്കുന്നതിന്റെ ഭാഗമായി ഇപ്പോഴുള്ള 81 കിലോമീറ്ററില്‍ നിന്ന് 61 കിലോമീറ്ററായി റഡാറുകളില്‍ ബസ്, ലോറി എന്നിവയുടെ വേഗം പുതുക്കി നിശ്ചയിക്കും. ലോറിയും ബസും 60 കിലോമീറ്റര്‍ പിന്നിട്ട് 61ല്‍ എത്തിയാല്‍ ക്യാമറയില്‍ പതിയുമെന്ന് അജ്മാന്‍ പോലീസ് ഉപ മേധാവി ബ്രിഗേഡിയര്‍ ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി മുന്നറിയിപ്പ് നല്‍കി.
എമിറേറ്റിലെ ചില പ്രധാന റോഡുകളില്‍ വേഗപരിധി കൂടുതലായതിനാല്‍ അടിക്കടി അപകടങ്ങള്‍ സംഭവിക്കുന്നത് കണക്കിലെടുത്താണ് നടപടി. അല്‍ ഇത്തിഹാദ് റോഡ്, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡ്, യൂണിവേഴ്‌സിറ്റി റോഡ്, ശൈഖ് അമ്മാര്‍ റോഡ്, ശൈഖ് റാശിദ് ബിന്‍ സഈദ് റോഡ് എന്നിവിടങ്ങളിലാണ് വേഗപരിധി കുറച്ചിരിക്കുന്നത്. വേഗപരിധി കുറച്ചതിനെക്കുറിച്ച് ഡ്രൈവര്‍മാരെ ബോധവത്കരിക്കാന്‍ അജ്മാന്‍ പോലീസ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
ഇതിനായി വിവിധ ഭാഷകളില്‍ ബ്രോഷറുകളും ഇറക്കിയിട്ടുണ്ട്. നടപടിയുടെ ഭാഗമായി ഡിസംബര്‍ ഒന്നാം തിയ്യതി ആവുമ്പോഴേക്കും റോഡുകളിലെ റഡാറുകളിലെല്ലാം വേഗം പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.