Connect with us

National

ജയലളിതയ്ക്ക് ജാമ്യം നിഷേധിച്ചു

Published

|

Last Updated

ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ശിക്ഷ റദ്ദാക്കണമെന്ന ജയലളിതയുടെ ആവശ്യവും കോടതി തള്ളി. അഴിമതി സാമ്പത്തിക ക്രമക്കേട് എന്നതിലുപരി മനുഷ്യാവകാശ ലംഘനമാണെന്നു കണ്ടെത്തിയ കോടതി ജാമ്യം ആവശ്യപ്പെടുന്നതില്‍ അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി. രാംജഠ് മലാനിയാണ് ജയലളിതയ്ക്കു വേണ്ടി വാദിച്ചത്.

ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജയലളിതയുടെ അഭിഭാഷകനാണ് ജാമ്യം ലഭിച്ചതായി അറിയിച്ചിരുന്നത്. പ്രത്യേക കോടതി വിധി റദ്ദാക്കണമെന്ന് ജയയുടെ അഭിഭാഷകന്‍ വാദിച്ചു.
കഴിഞ്ഞയാഴ്ച കര്‍ണാടക ഹൈക്കോടതിയുടെ അവധികാല ബെഞ്ച് ഹര്‍ജി പരിഗണിച്ചിരുന്നുവെങ്കിലും പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
സെപ്തംബര്‍ 27നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ടത്. 1991 96 കാലയളവില്‍ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസില്‍ ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് പ്രത്യേക കോടതി വിധിച്ചത്. കൂട്ടുപ്രതികളായ ശശികല നടരാജന്‍, ഇളവരശി, സുധാകരന്‍ എന്നിവര്‍ക്കും കോടതി നാലുവര്‍ഷം തടവും പത്തുകോടി രൂപവീതം പിഴയും ചുമത്തിയിരുന്നു.