Connect with us

Palakkad

ജയലളിതയുടെ അറസ്റ്റ്: കൊവൈ നഗരത്തെ നിശ്ചലമാക്കുന്നു

Published

|

Last Updated

കോയമ്പത്തൂര്‍: ജയലളിതയുടെ ജയില്‍മോചനത്തിനായി സമരങ്ങള്‍ കോയമ്പത്തൂരിന്റെ സാധാരണപ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കുന്നു.
എ ഐ എ ഡി എം കെ യുടെ ആഹ്വാനമനുസരിച്ച് പാര്‍ട്ടിപ്രവര്‍ത്തകരും അനുയായികളും നിത്യേന സമരപ്പന്തലിലാണ്. വ്യാപാരികളുടെ കടയടപ്പുസമരം പിന്നിട്ടപ്പോള്‍ ഞായറാഴ്ച സ്വകാര്യബസ്സുകള്‍ റോഡിലിറങ്ങിയില്ല.
സംസ്ഥാനത്തെ 29 ജില്ലകളിലായി ആറായിരത്തോളം ബസ്സുകള്‍ സമരത്തില്‍ പങ്കെടുത്തതായി തമിഴ്‌നാട് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നു.
കോയമ്പത്തൂരില്‍ പണിമുടക്കില്‍ പങ്കെടുത്ത സ്വകാര്യബസ് തൊഴിലാളികള്‍ ഗാന്ധിപുരത്ത് നിരാഹാരമിരുന്നു.സ്വകാര്യബസ്സുകള്‍ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് യാത്രയ്ക്ക് സര്‍ക്കാര്‍ ബസ്സിനെ മാത്രം ആശ്രയിക്കേണ്ടിവന്നു. നിരക്കില്‍ വ്യത്യാസമുള്ളതിനാല്‍ യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ ബസ്സില്‍ അധികചാര്‍ജ് കൊടുക്കേണ്ടതായി വന്നു.
ബക്രീദിന്റെ തലേന്നാളായതിനാല്‍ നഗരത്തില്‍ പൊതുവേ തിരക്ക് കൂടുതലായിരുന്നു. രണ്ടാം ശനിയാഴ്ചയുള്‍പ്പെടെ നവരാത്രി അവധിയും ബക്രീദ് ഒഴിവും വന്നതോടെ ഭരണരംഗവും സ്തംഭനത്തിലായി.
കോയമ്പത്തൂര്‍ നഗരവികസനത്തിന് പുതിയ മേയര്‍ ഗണപതി രാജകുമാര്‍ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെ തുടങ്ങാന്‍ കഴിഞ്ഞ ദിവസങ്ങളിലെ ഭരണസ്തംഭനം തടസ്സമായി.
കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ സമരപ്പന്തലിലായതിനാല്‍ നഗരസഭ ആസൂത്രണം ചെയ്ത പദ്ധതികളുടെ നടത്തിപ്പ് നിത്യേന പരിശോധിക്കാനും കഴിയുന്നില്ല. എല്ലാവരും ജയലളിതയുടെ കേസിലെ വിധി കാത്തിരിക്കുകയാണ്.ബിസിനസ് സ്ഥാപനങ്ങളെയാണ് പ്രതിഷേധസമരം ബാധിച്ചിരിക്കുന്നത്. ബക്രീദ് ആഘോഷങ്ങളുടെ പേരില്‍ നടക്കുന്ന കച്ചവടം ഇത്തവണ കണ്ടില്ല.
ഞായറാഴ്ച പതിവില്ലാതെ കമേഴ്‌സ്യല്‍ മാര്‍ക്കറ്റില്‍ കടകള്‍ തുറന്നിരുന്നുവെങ്കിലും ആവശ്യക്കാര്‍ക്ക് വന്നെത്താന്‍ ബസ് സര്‍വീസ് ഉണ്ടായില്ല. സ്ത്രീകള്‍ കറുത്ത മുണ്ടുടുത്ത് ഞായറാഴ്ച പലയിടത്തും നിരാഹാരമിരുന്നു. രാമനാഥപുരത്തും സിങ്കാനല്ലൂരും സ്ത്രീകള്‍ സംഘടിതരായി സമരപ്പന്തലില്‍ അണിനിരന്നു.
ഒരു കൊച്ചുകുട്ടി കരയുന്ന പോസ്റ്റര്‍ പന്തലില്‍ വെച്ചിരുന്നു. കര്‍ണാടകയോട് കാവേരി വെള്ളം എടുത്തോളൂ, അമ്മയെ മോചിപ്പിക്കൂ തുടങ്ങിയ കാര്യങ്ങള്‍ സ്ത്രീകള്‍ മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെയാണ് സമരപ്പന്തല്‍ കാലിയായത്.

---- facebook comment plugin here -----

Latest