Connect with us

Wayanad

ഡീസല്‍ക്ഷാമം:കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ റദ്ദാക്കി

Published

|

Last Updated

കല്‍പ്പറ്റ: ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് ജില്ലയിലെ രണ്ട് ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ കൂട്ടത്തോടെ വെട്ടികുറച്ചു. ഇതോടെ യാത്രക്കാര്‍ വലഞ്ഞു. ഞായറാഴ്ചക്ക് പുറമെ ഇന്നലെയും സര്‍വ്വീസുകള്‍ റദ്ദാക്കുകയുണ്ടായി.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളിലേക്ക് മൈസൂര്‍ ഐ.ഒ.സി പ്ലാന്റില്‍ നിന്നാണ് ഡീസല്‍ എത്തിച്ചിരുന്നത്. എന്നാല്‍ ദസറ പ്രമാണിച്ച് രണ്ടു ദിവസം പ്ലാന്റിന് അവധിയായതോടെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. പെരുന്നാള്‍ ദിനത്തില്‍ മാത്രം സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ 45 സര്‍വ്വീസുകളും, മാനന്തവാടിയില്‍ 12 ഉം സര്‍വ്വീസുകളാണ് റദ്ദാക്കിയത്.
സുല്‍ത്താന്‍ ബത്തേരിയിലെ പ്രശ്‌നം ഉച്ചയോടെ പരിഹരിച്ചു. സ്വകാര്യ പമ്പില്‍ നിന്നും ഡീസല്‍ അടിക്കാന്‍ സോണല്‍ ഓഫിസര്‍ സഫറുല്ല നിര്‍ദേശം നല്‍കി. മാനന്തവാടിയില്‍ കെ.എസ്.ആര്‍.ടി.സി ഡീസല്‍ അടിച്ചിരുന്നു പമ്പ് പെരുന്നാള്‍ അവധിയായതിനാല്‍ ഇന്ധനം നിറക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കല്‍പ്പറ്റയിലെത്തി ഇന്ധനം നിറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇരുഭാഗങ്ങളിലേക്കുമായി 70ലേറെ കി.മീറ്റര്‍ സഞ്ചരിച്ചാണ് പെരുന്നാളിന് ഡിസല്‍ അടിച്ചത്.
മാനന്തവാടിയില്‍ ഇന്നലെയും പ്രതിസന്ധി തുടര്‍ന്നു. ദീര്‍ഘദൂര സര്‍വ്വീസുകളടക്കം 19 എണ്ണമാണ് റദ്ദാക്കിയത്. പതിനൊന്നരയോടെ മാനന്തവാടിയിലെ സ്വകാര്യ പമ്പില്‍ നിന്നും ഇന്ധനം അടിക്കാനുള്ള അനുമതി ലഭിച്ചതോടെയാണ് രണ്ട് ദിവസത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. സര്‍വ്വീസുകള്‍ റദ്ദാക്കിയതിനാല്‍ കോര്‍പ്പറേഷന് വലിയ തോതിലുള്ള വരുമാന നഷ്ടമാണ് ഉണ്ടായത്.
കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ റൂട്ടുകളിലെ യാത്രക്കാര്‍ ഏറെ പ്രതിസന്ധിയിലായി. ബലിപെരുന്നാള്‍ ദിനത്തില്‍ ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി.
ഡീസല്‍ ഇല്ലാതിരുന്നതാണ് കാരണം. ബത്തേരി, മാനന്തവാടി ഡിപ്പോകളില്‍നിന്നുള്ള സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചവരെ താറുമാറായി. ബത്തേരിയില്‍ രാവിലത്തെ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയപ്പോള്‍ മാനന്തവാടിയില്‍ രാവിലെ 10 മുതലുള്ള സര്‍വീസുകളാണ് മുടങ്ങിയത്. ബക്രീദായിരുന്നതിനാല്‍ സ്വകാര്യബസ്സുകളും ടാക്‌സികളും കുറവായിരുന്നു.
വാഹനസൗകര്യമില്ലാതെ യാത്രക്കാര്‍ വലഞ്ഞു. യാത്രദുരിതം ബലിപെരുന്നാള്‍ ആഘോഷത്തേയും ബാധിച്ചു.ഐഒസി പ്ലാന്റില്‍നിന്നും ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഡീസല്‍ എത്തുകയുള്ളു. അതുവരെ പ്രതിസന്ധി തുടരും.