Connect with us

Wayanad

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വന്‍തിരക്ക്

Published

|

Last Updated

കല്‍പ്പറ്റ: ആഘോഷ ദിനം ചെലവഴിക്കാനെത്തിയവരെ കൊണ്ട് ജില്ല വീര്‍പ്പുമുട്ടി. എണ്ണം വര്‍ധിച്ചതോടെ താമസത്തിനും ഭക്ഷണത്തിനും സൗകര്യങ്ങളില്ലാതെ സഞ്ചാരികള്‍ വലഞ്ഞു.ജില്ലയിലെ ഹോട്ടലുകളും ഹോംസ്‌റ്റേകളുമെല്ലാം ഒരാഴ്ച മുമ്പ് തന്നെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ മാത്രമാണ് രക്ഷപ്പെട്ടത്.
ബാക്കിയുള്ളവര്‍ താമസവും ഭക്ഷണവും കിട്ടാതെ വലഞ്ഞു. ദസറ ആഘോഷത്തിന്റെ ഭാഗമായി കര്‍ണാടകയിലെ അവധിയാണ് ജില്ലയിലേക്ക് സന്ദര്‍ശകരുടെ പ്രവാഹം വര്‍ധിപ്പിച്ചത്.തുടന്ന് ബലി പെരുന്നാള്‍ ദിനവും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. പ്രകൃതിയും കാലാവസ്ഥയും ചോതോഹരമാക്കിയ വയനാട് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നുവെന്നതിന്റെ സൂചനകളാണ് ഈ ദിവസങ്ങളില്‍ കണ്ടത്. വനങ്ങളും വന്യ മൃഗങ്ങളും മലകളും പുഴകളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും വയലുകളും ചരിത്ര സ്മാരകങ്ങളും സന്ദര്‍ശകരുടെ മനം കുളിര്‍പ്പിച്ചു.
വയനാടിന്റെ എല്ലാ പ്രദേശത്തും മൂന്ന് ദിവസങ്ങളിലും ഏറെക്കുറെ നല്ല തിരക്കായിരുന്നു. വ്യാഴാഴ്ച മുതലാണ് സഞ്ചാരികളെത്തി തുടങ്ങിയത്. തിരക്ക് വെള്ളിയും ശനിയും തുടര്‍ന്നു. ഞായറാഴ്ച പെരുന്നാള്‍ ആഘോഷം കൂടി വരുന്നതോടെ തിങ്കളാഴ്ച വരെ തിരക്കനുഭവപ്പെടുമെന്നാണ് ഈ രംഗത്തുള്ളവര്‍ കണക്കുകൂട്ടുന്നത്. നഗരവീഥികളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. അവധി ആഘോഷത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴിയും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും മാസങ്ങള്‍ക്ക് മുമ്പുതന്നെ ജില്ലയിലെ പ്രമുഖ ഹോംസ്‌റ്റേകളും ഹോട്ടലുകളും ബുക്ക്‌ചെയ്ത് കഴിഞ്ഞിരുന്നു. ബാക്കിയുള്ളയിടങ്ങളിലും സന്ദര്‍ശകര്‍ എത്തിയതോടെ ഒരിടത്തും
ഒഴിവില്ലാത്ത അവസ്ഥയാണ്. ഇതുമൂലം നൂറ്കണക്കിന് സന്ദര്‍ശകര്‍ക്ക് വയനാട്ടില്‍ താമസം അസാധ്യമായി. പലയിടത്തും ഭക്ഷണം പോലും ലഭിച്ചില്ല.പതിവുപോലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് പൂക്കോട് തടാകത്തിലാണ്. ശരാശരി ഏഴായിരം സന്ദര്‍ശകര്‍ ദിവസവും ഇവിടെ എത്തിയതായാണ് കണക്ക്. 1.30ലക്ഷം രൂപ ഒരു ദിവസം ഇവിടെ നിന്നും ഡിടിപിസിക്ക് ലഭിച്ചു. സൂചിപ്പാറക്ക് ഉള്‍ക്കൊള്ളാവുന്നതിലും ഇരട്ടിയോളംപേരാണ് ഇവിടെ എത്തിയത്.
വ്യാഴാഴ്ച 2694പേര്‍ ഇവിടെയെത്തി. 96,000 രൂപയാണ് പ്രവേശന ഫീസ് ഇനത്തില്‍ വനംവകുപ്പിന് ലഭിച്ചത്. വെള്ളിയാഴ്ച 2883പേരും ശനിയാഴ്ച 2932പേരും വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നുകരാനെത്തി. യഥാക്രമം 98800, 98605 എന്നിങ്ങനെയാണ് ഇവിടെത്ത വരുമാനം. കിലോമീറ്ററുകളോളം വാഹന പാര്‍ക്കിങ് നീണ്ടു. മതിയായ ഗതാഗതസൗകര്യമില്ലാത്തത് സന്ദര്‍ശകര്‍ക്ക് പ്രയാസം സൃഷ്ടിച്ചു.പൂക്കോട് തടാകം കഴിഞ്ഞാല്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത് പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ അണക്കെട്ടിലാണ്. 13,000 പേരാണ് മൂന്ന് ദിവസങ്ങളിലായി ഇവിടെയെത്തിയത്. വെള്ളിയാഴ്ച ആറായിരത്തിനടുത്ത് സന്ദര്‍ശകര്‍ ഇവിടെയെത്തി. 7.72 ലക്ഷം രൂപയാണ് മൂന്ന് ദിവസത്തിനുള്ളില്‍ കെഎസ്ഇബിക്ക് ലഭിച്ചത്. ചെമ്പ്രാപീക്കിലും തിരക്ക് അനുഭവപ്പെട്ടു. മൂന്ന് ദിവസങ്ങളിലായി 2748പേര്‍ ചെമ്പ്രമല കയറാനെത്തി. 1,64,905 രൂപയാണ് വരുമാനം.മീന്‍മുട്ടി, കാന്തന്‍പാറ എന്നീ കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കുറുവാദ്വീപും പൂര്‍ണാവസ്ഥയിലല്ല. ഈ കേന്ദ്രങ്ങളും തുറന്നിരുന്നുവെങ്കില്‍ കുടുതല്‍ പ്രയോജനപ്പെടുമായിരുന്നുവെന്ന് സഞ്ചാരികള്‍ പറയുന്നു.