Connect with us

Wayanad

വന്യമൃഗശല്യം: നെന്തുണയില്‍ കൃഷി ഉപേക്ഷിക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: വന്യമൃഗശല്യം രൂക്ഷമായതോടെ ആദിവാസികുടംബങ്ങള്‍ കൂട്ടത്തോടെ കൃഷി ഉപേക്ഷിക്കുന്നു.
തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ മാത്രം 200ല്‍ അധികം ആദിവാസി കുടുംബങ്ങളാണ് നെല്‍കൃഷി വേണ്ടെന്നുവെച്ചത്. വനാന്തരഗ്രാമമായ നെടുന്തണ കാട്ടുനായ്ക്ക കോളനയിലും വെട്ടകുറുമ കോളനിയിലുമായി മാത്രം 40 ഓളം കുടുംബങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്യുന്നില്ല. ഇവിടെ വനം വകുപ്പ് പാട്ടത്തിനനുവദിച്ച 100 ഏക്കറോളം പാടശേഖരമുണ്ട്. തരിശായ വയലുകള്‍ കാലിമേക്കുന്നതിനാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. കോളനിയിലെ രണ്ട് ആളുകളെ മുന്‍പ് കാട്ടാന കുത്തികൊന്നിട്ടുണ്ട്. രാപകല്‍ ഭേദമില്ലാതെയാണ് ഇപ്പോള്‍ കാട്ടാനകളെത്തുന്നത്. ജില്ലയില്‍ കര്‍ണാടകയോട് ചേര്‍ന്ന്കിടക്കുന്ന ഭാഗമാണ് നെടുന്തണ കോളനി.
ഫലഭൂയിഷ്ഠമായ മണ്ണാണ് ഇവിടുത്തേത്. പൊന്നുവിളയുന്ന പാടശേഖരം തരിശ്ശായി കിടക്കുന്നതില്‍ ആദിവാസികള്‍ക്ക് ഏറെ അമര്‍ഷമുണ്ട്.
വനാന്തരത്തില്‍ താമസിച്ചിരുന്ന 25 ഓളം കാട്ടുനായ്ക്ക കുടുംബങ്ങളെ നിര്‍ബന്ധിച്ചാണ് സര്‍ക്കാര്‍ ഇവിടെ പുനരധിവസിപ്പിച്ചത്. 1980 ല്‍ പണിതീര്‍ത്ത പല ആദിവാസി വീടുകളും തകര്‍ന്ന അവസ്ഥയിലാണ്. ആനയെ പേടിച്ച് വീട്ടില്‍ കഴിയാന്‍ പറ്റാത്ത സ്ഥിതിയാണിവര്‍ക്ക്. ഇവിടുത്തെ ഒരു വീട് മുന്‍പ് ആന തകര്‍ത്തിട്ടുണ്ട്. ആവശ്യത്തിന് കിടങ്ങുകള്‍ നിര്‍മ്മിച്ചാല്‍ കാട്ടാനശല്യത്തില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് ആദിവാസികള്‍ പറയുന്നത്.
വനവിഭവങ്ങള്‍ ശേഖരിച്ചാണി ന്ന് ഇവരുടെ ജീവിതം. പലപ്പോഴും തേനെടുക്കുന്ന സമയങ്ങളില്‍ കരടിയുടെ ശല്യവും ഉണ്ടാകാറുണ്ട്. രാത്രിമുഴുവന്‍ ഉറങ്ങാതിരുന്ന് കാവല്‍ നോക്കി ഇവര്‍ നെല്‍കൃഷി നടത്തി. മുന്‍പ് 25 ഓളം ഏറുമാടങ്ങളാണ് ഇവിടുണ്ടായിരുന്നത്. ആനശല്യം വര്‍ധിച്ചതോടെ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ചുതുടങ്ങി. അവസാനം ആരും കൃഷി ചെയ്യാതെയായി.വയനാട്ടിലെ മറ്റ് ആദിവാസി ഗ്രാമങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്. 11 ഏക്കര്‍ നെല്‍വയല്‍ സംരക്ഷിക്കുന്നതിനായി 18 ഏറുമാടങ്ങളാണ് ബേഗൂരിലുള്ളത്. തിരുനെല്ലി, ബാവലി, കക്കേരി, മുത്തങ്ങ, കുറിച്ച്യാട് ഭാഗങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ആദിവാസികള്‍ക്ക് നെല്‍കൃഷി ചെയ്യാനുള്ള സൗ കര്യമൊരുക്കണമെന്നാണ് വിവിധ ആദിവാസിസംഘടനകള്‍ ആവശ്യപ്പെടുന്നത്.

Latest