Connect with us

Kozhikode

നഗരത്തില്‍ ഇനി സോളാര്‍ വെളിച്ചം

Published

|

Last Updated

streetlightകോഴിക്കോട്: കോര്‍പറേഷന്റെ വികസന പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച സോളാര്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നു. പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ കെല്‍ട്രോണാണ് പരിശോധന നടത്തുന്നത്. 

കോര്‍പറേഷന്‍ അധികൃതര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, കെല്‍ട്രോണ്‍ മേധാവികള്‍ എന്നിവര്‍ കഴിഞ്ഞ മാസം 25ന് കോര്‍പറേഷന്‍ ഓഫീസില്‍ യോഗം ചേര്‍ന്നിരുന്നു. സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ സര്‍ക്കാറിന്റെ നോഡല്‍ ഏജന്‍സി കൂടിയാണ് കെല്‍ട്രോണ്‍. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കെല്‍ട്രോണ്‍ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത്.
പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം, പാളയം, ബീച്ചിനോട് ചേര്‍ന്ന പ്രദേശങ്ങള്‍, മാനാഞ്ചിറ, വലിയങ്ങാടി, വൈ എം സി എ തുടങ്ങിയ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലാണ് പരിശോധന നടത്തുന്നത്. പരിശോധന ഈയാഴ്ച തന്നെ പൂര്‍ത്തിയാക്കും.
തുടക്കത്തില്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. പിന്നീട് ഇത് വാര്‍ഡ് തലത്തില്‍ വ്യാപിപ്പിക്കും. കോര്‍പറേഷന് സാമ്പത്തികമായ നേട്ടമുണ്ടാക്കുന്നതാണ് പദ്ധതി. തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനായി വര്‍ഷം തോറും വന്‍തുക കോര്‍പറേഷന്‍ ചെലവിടേണ്ടി വരുന്നുണ്ട്. ഈ തുക ലാഭിക്കാമെന്നതാണ് പദ്ധതിയുടെ നേട്ടം. കൂടാതെ കോര്‍പറേഷന്റെ സ്വപ്‌ന പദ്ധതി കൂടിയാണിത്. ഈ വര്‍ഷം തന്നെ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാനുള്ള നീക്കമാണ് കോര്‍പറേഷന്‍ നടത്തുന്നത്.
കഴിഞ്ഞ ബജറ്റിലാണ് തെരുവ്‌വിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി കോര്‍പറേഷന്‍ പ്രഖ്യാപിച്ചത്. 25 ലക്ഷം രൂപയാണ് പദ്ധതി വിഹിതം. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ ഫണ്ട് അനുവദിച്ച് വ്യാപിപ്പിക്കും. സോളാര്‍ വൈദ്യുതി വിളക്കുകളുടെ നിയന്ത്രണത്തിനായി പ്രത്യേകം ജീവനക്കാരെയും നിയമിക്കും. പരിശോധന നടത്തിക്കഴിഞ്ഞാല്‍ രണ്ട് മാസത്തിനകം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.
സുരക്ഷിത സ്ഥാനത്തു മാത്രമേ സോളാര്‍ പാനലിന്റെ ബോക്‌സ് സ്ഥാപിക്കാനാകൂ. വില കൂടിയ ബാറ്ററി ഉള്‍പ്പെടെ ബോക്‌സിലുണ്ടാകും. ഇതു മോഷണം പോകാതിരിക്കാനാണ് സുരക്ഷിതമായി സ്ഥാപിക്കേണ്ടത്. എന്നാല്‍ അത്തരത്തില്‍ സുരക്ഷിതമായി സ്ഥാപിക്കാനുള്ള സംവിധാനം കോര്‍പറേഷനില്ല. അതിനാല്‍ സോളാര്‍ വിളക്ക് സ്ഥാപിക്കുമ്പോള്‍ പൂര്‍ണമായും സ്ഥാപിക്കുന്ന കമ്പനിയുടെ മേല്‍നോട്ടത്തിലായിരിക്കും. പി ഡബ്ല്യു ഡിയുടെ അനുമതി കൂടി ലഭിച്ചാലേ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാനാകൂ. പദ്ധതി പ്രാവര്‍ത്തികമാകുന്നതിനു മുമ്പ് പി ഡബ്ല്യുഡിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
കോര്‍പറേഷനു കീഴിലുള്ള മിക്ക വാര്‍ഡുകളിലും തെരുവു വിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്ന വ്യാപക പരാതിയെത്തുടര്‍ന്നാണ് കോര്‍പറേഷന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. കെ എസ് ഇ ബിയും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കമാണ് തെരുവു വിളക്കുകളുടെ പ്രശ്‌നം ഉയര്‍ന്നുവരാന്‍ പ്രധാന കാരണം. തെരുവ് വിളക്കുകള്‍ കത്തിക്കുന്നത് കെ എസ് ഇ ബിയുടെ ഉത്തരവാദിത്വമാണെന്ന് കോര്‍പറേഷന്‍ ഭരണാധികാരികള്‍ പറയുമ്പോള്‍ കോര്‍പറേഷനില്‍ നിന്നും ഫണ്ട് ലഭിക്കുന്നില്ലെന്ന് കെ എസ് ഇ ബിയും ആരോപിക്കുന്നു.
തെരുവു വിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ രാത്രികാല യാത്ര നഗരപരിധിയില്‍ സാഹസമായിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം കണക്കിലെടുത്താണ് ജനങ്ങള്‍ക്ക് ഉപകാരവും കോര്‍പറേഷന് സാമ്പത്തിക ലാഭവുമുണ്ടാകുമെന്ന പ്രതീക്ഷയില്‍ സോളാര്‍ പദ്ധതി വിഭാവനം ചെയ്തത്.

---- facebook comment plugin here -----

Latest