Connect with us

Kozhikode

ആര്‍ എസ് എസ് നേതാവിന്റെ പ്രസംഗം സംപ്രേഷണം ചെയ്തത് രാജ്യത്തിന്റെ മതേതര മനഃസാക്ഷിയെ ഞെട്ടിച്ചു: കെ മുരളീധരന്‍

Published

|

Last Updated

കോഴിക്കോട്: കാവിവത്കരണത്തിന് ഊന്നല്‍ നല്‍കി ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസംഗം തത്‌സമയം ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്ത നടപടി രാജ്യത്തിന്റെ മതേതര മനഃസാക്ഷിയെ ഞെട്ടിച്ചതായി കെ മുരളീധരന്‍ എം എല്‍ എ. ബി ജെ പിയിലെ തീവ്രവാദികളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. വാജ്‌പേയിയും അഡ്വാനിയും സമന്വയത്തിന്റെ പാത സ്വീകരിക്കുകയും പ്രതിപക്ഷ ബഹുമാനം പുലര്‍ത്തുകയും ചെയ്ത നേതാക്കളായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി പ്രതിപക്ഷ നേതൃസ്ഥാനം മാത്രമല്ല ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പോലും ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് അനുവദിക്കാന്‍ തയ്യാറാകാത്തത് ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കുന്നതല്ല.
സി പി എമ്മില്‍ നിന്നും സി ഐ ടി യുവില്‍ നിന്നും അണികള്‍ ചോര്‍ന്നുപോയിക്കൊണ്ടിരിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും ശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അവരുടെ തകര്‍ച്ച നേട്ടമായി മാറ്റാന്‍ ഐ എന്‍ ടി യു സിക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആര് ഭരിക്കുന്നു എന്നുനോക്കി അവകാശസമരങ്ങള്‍ നടത്തുന്ന സി ഐ ടി യുവില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് ഭരിക്കുമ്പോഴും സമരം ചെയ്ത പാരമ്പര്യമാണ് ഐ എന്‍ ടി യു സിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഐ എന്‍ ടി യു സി ജില്ലാ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി സി സി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് അഡ്വ എം രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എം പി പത്മനാഭന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി രാമചന്ദ്രന്‍, ഡി സി സി ജനറല്‍ സെക്രട്ടറി പി മൊയ്തീന്‍, കെ പി സി സി സെക്രട്ടറി അഡ്വ കെ പ്രവീണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, എം കെ ബീരാന്‍, കെ അനന്തന്‍ നായര്‍, പി എം അബ്ദുര്‍റഹ്മാന്‍, ടി എം ചന്ദ്രന്‍, കെ രാജീവ്, കെ പത്മകുമാര്‍, ടി നുസ്‌റത്ത്, അഡ്വ സുനീഷ് മാമിയില്‍, ടി എം അശോകന്‍ സംസാരിച്ചു.